നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡിലുള്ള ക്ലിനിക്കില്‍ കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സിനിമാ സ്‌റ്റൈല്‍ കവര്‍ച്ച നടന്നത്

മലപ്പുറം: കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ മുക്കട്ട സ്വദേശിനി സമീനയാണ് അറസ്റ്റിലായത്. നിലമ്പൂര്‍ ആശുപത്രി റോഡിലുള്ള സ്വകാര്യ ക്ലിനിക്കില്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുഞ്ഞിന്റെ സ്വര്‍ണമാലയാണ് മോഷണം പോയത്. നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡിലുള്ള ക്ലിനിക്കില്‍ കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സിനിമാ സ്‌റ്റൈല്‍ കവര്‍ച്ച നടന്നത്. ഡോക്ടറെ കാണാന്‍ എത്തിയ പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ 3.5 ഗ്രാമിന്റെ മാലയാണ് മോഷണം പോയത്. 

വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി ഓമനിക്കുന്നത് കണ്ടവരുണ്ട്. മാല കാണാതായതോടെ നാട്ടുകാര്‍ യുവതിയെ തടഞ്ഞുവെച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് യുവതി ആഭരണം വിഴുങ്ങിയത്. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്റേ എടുത്തതോടെ മാല യുവതിയുടെ വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മരുന്ന്‌ നല്‍കിയെങ്കിലും ഇതുവരെ മാല പുറത്തുവന്നിട്ടില്ല. 

നിലവിൽ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പൊലീസ് കാവലിലാണ് യുവതിയുള്ളത്.തൊണ്ടി മുതൽ സമീനയുടെ വയറ്റിൽ നിന്ന് പുറത്തുവരാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ് പൊലീസുള്ളത്.ഇടയ്ക്കിടെ അക്രമാസക്തയാകുന്ന യുവതിയെ നിരീക്ഷിക്കാന്‍ വനിതാ പൊലീസ് സംഘം ആശുപത്രിയിലുണ്ട്. കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം