മലപ്പുറം തിരൂര്‍ എഴൂരില്‍ ഇര്‍ഫാന എന്ന യുവതിയെയും ഒന്നര വയസ്സുള്ള മകനെയും വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

മലപ്പുറം: തിരൂര്‍ എഴൂരില്‍ ഉമ്മയെയും ഒന്നര വയസ്സുള്ള മകനെയും വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എഴൂര്‍ സ്വദേശി ഇര്‍ഫാന (30), മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്. ഇര്‍ഫാനയുടെ ഉമ്മ നാല് മാസം മുന്‍പ് മരിച്ചതിനെത്തുടര്‍ന്നുണ്ടായ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

ഇര്‍ഫാനയുടെ പിതാവ് പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. പള്ളിയില്‍ നിന്നെത്തിയ പിതാവ് മകളെയും പേരക്കുട്ടിയെയും കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറിന്റെ വല അല്പം മാറിയ നിലയില്‍ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ അദ്ദേഹം ഉടന്‍ തന്നെ നാട്ടുകാരെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടര്‍ന്ന് സേനാംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ഇര്‍ഫാനയുടെ ഭര്‍ത്താവ് വിദേശത്താണ്. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുടുംബത്തോടൊപ്പം ഉംറക്ക് പോയ ഇര്‍ഫാന ഏപ്രില്‍ 15നാണ് നാട്ടി ലെത്തിയത്. കോഴിക്കോട് സ്വദേശി റാഫിയാണ് ഇര്‍ഫാനയുടെ ഭര്‍ത്താവ്. മാതാവ്: പരേതയായ റസീന