നാനിയുടെ പുതിയ പാൻ-ഇന്ത്യൻ ചിത്രമായ 'ദ പാരഡൈസി'ലെ "ആയാ ഷേർ" എന്ന ഗാനം പുറത്തിറങ്ങി. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രം 2026 മാർച്ച് 26-ന് റിലീസ് ചെയ്യും.
തെലുങ്ക് നടൻ നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ദ പാരഡൈസി'ലെ ഗാനം പുറത്തിറങ്ങി. "ആയാ ഷേർ" എന്ന വരികളോടെ തുടങ്ങുന്ന ഈ മാസ്സ് ഗാനത്തിന് ഈണം പകർന്നത് അനിരുദ്ധ് രവിചന്ദർ ആണ്. അതീവ സ്റ്റൈലിഷ് ആയാണ് ഈ ഗാനം ചിത്രീകരിച്ചത്. നൂറുകണക്കിന് നർത്തകർ അണിനിരക്കുന്ന ഒരു വമ്പൻ സെറ്റിൽ ആണ് നാനിയുടെ ഗാനം ചിത്രീകരിച്ചത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രം 2026 മാർച്ച് 26ന് തിയറ്ററുകളിൽ എത്തും.
ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.
അടുത്തിടെ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന നടൻ സമ്പൂർണേഷ് ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയാലും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.100 കോടി ക്ലബിൽ ഇടം പിടിച്ച ദസറക്ക് ശേഷം ശ്രീകാന്ത് ഒഡേല എന്ന സംവിധായകൻ്റെ സംവിധാന മികവും സൂക്ഷ്മമായ കാഴ്ചപ്പാടും എല്ലാം ബ്രഹ്മാണ്ഡ കാൻവാസിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക ചിത്രമായിരിക്കും 'ദ പാരഡൈസ്'.

ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും. രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം - സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, ഓഡിയോ - സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.



