മകൾ നന്ദനയുടെ മരണശേഷം താൻ അനുഭവിച്ച കടുത്ത മാനസികാഘാതത്തെക്കുറിച്ച് കെ.എസ്. ചിത്ര. സംഗീതലോകത്തുനിന്നും ദൈവത്തിൽ നിന്നും അകന്ന തനിക്ക്, ഇളയരാജയെയും ലതാ മങ്കേഷ്കറെയും പോലുള്ളവരുടെ പിന്തുണയാണ് തിരികെ വരാൻ സഹായകമായതെന്ന് പറഞ്ഞു.
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെ എസ് ചിത്ര. അവരുടേതായൊരു പാട്ടെങ്കിലും കേൾക്കാതെ മലയാളികൾക്ക് ഒരുദിവസമെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. പല ഭാഷകളിലും പല ഭാവത്തിലും ഒട്ടനവധി ഗാനങ്ങൾ പാടിയിട്ടുള്ള ചിത്രയുടെ മകൾ നന്ദന വിട പറഞ്ഞിട്ട് 15 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 2011ൽ ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണായിരുന്നു നന്ദന മരണപ്പെട്ടത്. അന്ന് ഒൻപത് വയസായിരുന്നു. ഇപ്പോഴിതാ ആ ആഘാതത്തിൽ നിന്നും താൻ തിരിച്ചുവന്നതിനെ കുറിച്ചും അമ്പലത്തിലേക്ക് പോകാൻ തോന്നാതിരുന്ന നിമിഷങ്ങളെ കുറിച്ചും കെ എസ് ചിത്ര പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"എന്നെ കൊണ്ടുവരാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ചവര്‍ രഞ്ജിനി ഹരിദാസും വിജയ് ടിവിയിലെ റൗഫ തുടങ്ങിയവരൊക്കെയാണ്. ഞാന്‍ വന്നാലെ ഷൂട്ട് തുടങ്ങുള്ളൂവെന്ന് പറഞ്ഞു. ഏഷ്യാനെറ്റില്‍ നിന്ന് എല്ലാമാസവും രഞ്ജിനിയെ എന്റെ അടുത്തേക്ക് അയക്കുമായിരുന്നു. അപ്പോഴൊന്നും എനിക്ക് തിരിച്ച് വരണമെന്നേ ഉണ്ടായിരുന്നില്ല. ആ സമയത്താണ് ലതാ ജിയുടെ പേരിലൊരു അവാര്‍ഡ് എനിക്ക് കിട്ടുന്നത്. ഹൈദരാബാദില്‍ പോയി അത് ഞാന്‍ വാങ്ങിക്കണം. അങ്ങനെ പുറത്തൊന്നും പോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. അങ്ങനെയാണ് ലതാ ജി എന്നെ ഫോണില്‍ വിളിച്ച് വരണം എന്ന് പറയുന്നത്. എനിക്ക് ഒത്തിരി പേര് കൗണ്‍സിലിങ്ങിന് വന്നു. പരിചയം ഉള്ളവരും ഇല്ലാത്തവരുമായ ഒരുപാട് പേര് വന്നിരുന്നു", എന്ന് ചിത്ര പറയുന്നു.
"വലിയൊരു ഗ്യാപ്പിന് ശേഷമാണ് പിന്നീട് ഞാന്‍ പാടിത്തുടങ്ങിയത്. രാജാ സാറിന്റെ പരിപാടിയാണ്. എനിക്ക് പാടാന്‍ പറ്റില്ലെന്ന് രാജ സാറിനോട് പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ വന്നില്ലെങ്കില്‍ ആ പരിപാടി ഞാന്‍ ക്യാന്‍സല്‍ ചെയ്യുമെന്നാണ് സാറ് പറഞ്ഞത്. ആ സമയത്ത് മൂന്ന് മാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ട്. എന്റെ കൂടെ 33 വര്‍ഷം കൂടെ ജീവിച്ച ആള് പോയിട്ട് ഞാന്‍ പ്രോഗ്രാമിന് ഇറങ്ങി വന്നില്ലേ. അങ്ങനെ നീ വിചാരിക്കാന്‍ പാടില്ല. നീ വരണം എന്നൊക്കെ പറഞ്ഞു", എന്നും കെ എസ് ചിത്ര കൂട്ടിച്ചേർത്തു. ധന്യ വർമയുമായുള്ള അഭിമുഖത്തിലായിരുന്നു ചിത്രയുടെ പ്രതികരണം.
ദൈവവുമായി അകന്നൊരു സമയമായിരുന്നു അതെന്നും ചിത്ര പറഞ്ഞു. "ഇങ്ങനെ ഒക്കെ വരാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. ആരെയെങ്കിലും ഞാന്‍ ദ്രോഹിച്ചോ? റിയാലിറ്റി ഷോകളില്‍ കുട്ടികളോട് എന്തെങ്കിലും പറഞ്ഞ് അവര്‍ക്ക് വിഷമമുണ്ടാക്കിയോ? അവരുടെ ശാപമായിരിക്കോ ? അങ്ങനെ പലതും നമ്മള് ചിന്തിക്കും. കാടുകേറി ചിന്ത പോകും. നമുക്കെന്ന് എഴുതി വച്ചിരിക്കുന്ന കാര്യം നടക്കും. ഏത് ഭഗവാനെ വിളിച്ചാലും പരീക്ഷണങ്ങള്‍ ഉണ്ടാകും. അതിനെ ഓവര്‍കം ചെയ്യാനുള്ള ശക്തിയാണ് ദൈവം തരുന്നത്. ആരുടെ എങ്കിലും മെസേജായിട്ടോ ഏതെങ്കിലും വഴി നമുക്ക് അയച്ച് തരും. കുറച്ച് കാലം അമ്പലത്തില്‍ പോകണമെന്ന തോന്നലെ എനിക്ക് ഇല്ലായിരുന്നു. ഒരമ്പലത്തിലും പോകണ്ട, ആരെയും കാണണ്ട.. ആ സമയത്തൊരു പ്രോഗ്രാം തൃശൂര്‍ വച്ചായിരുന്നു. താമസിക്കാനായി റൂം നോക്കി നോക്കി ഗുരുവായൂരമ്പല നടയിലെത്തി. ഭഗവന്‍ എന്നെ തിരിച്ചുവിളിച്ചെന്നാണ് എനിക്ക് തോന്നിയത്. ഞാനന്ന് അമ്പലത്തിലും പോയി. കുറേ നേരം കരഞ്ഞിട്ട് തിരിച്ച് വന്നു", എന്നായിരുന്നു ചിത്രയുടെ വാക്കുകൾ.
"ഇങ്ങനെ മൂടി അകത്തിരുന്നിട്ട് കൂടെ ഉള്ളവരുടെ ജീവിതം ദയനീയം ആകുന്നതല്ലാതെ നമുക്ക് നഷ്ടപ്പെട്ടത് തിരിച്ച് കിട്ടാനും പോകുന്നില്ല. അതൊരു റിയലൈസേഷന് അല്ലേ. എന്നെ ചുറ്റിപ്പറ്റി ഒരുപാട് പേരുണ്ട്. ഞാന്‍ തളര്‍ന്ന് പോയാല്‍ അവരുടെ ജീവിതവും തളര്‍ന്ന് പോകില്ലേ. നമ്മള് പലതും സ്വപ്നം കാണും. അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ. ഒരു നിമിഷം മതി അതെല്ലാം മാറി മറിയാന്‍. ദൈവത്തിന്റെ തീരുമാനം ആണ് ഫൈനല്‍. അതിന് ശേഷം പ്ലാന്‍ ചെയ്യല്‍ ഞാന്‍ നിര്‍ത്തി. എന്ത് വരുന്നോ അതപ്പോള്‍ ഫേസ് ചെയ്യുക. പിന്നത്തേക്ക് എന്ന് പറഞ്ഞ് കരുതി വയ്ക്കുന്നതില്‍ ഒന്നുമില്ല. സ്വപ്നം കണ്ടിരുന്നിട്ട് കാര്യമില്ല", എന്നും ചിത്രം കൂട്ടിച്ചേർത്തു.



