കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ ഭാരത് ടാക്സി എന്ന പുതിയ ഓൺലൈൻ ടാക്സി സംവിധാനം. 500 രൂപയുടെ ഓഹരിയെടുത്ത് ഡ്രൈവർമാർക്ക് സഹഉടമകളാകാനും ലാഭത്തിന്റെ 80% നേടാനും സാധിക്കുന്ന ഈ പദ്ധതി ഓല, ഊബർ പോലുള്ള കോർപ്പറേറ്റുകൾക്ക് ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ. 

നിങ്ങളുടെ കയ്യിൽ 500 രൂപയെടുക്കാനുണ്ടോ? നിങ്ങളൊരു ഡ്രൈവറാണോ? എങ്കിൽ ഇനി നിങ്ങൾക്കും ഒരു ബിസിനസ് സഹസ്ഥാപകനാകാം.. കേൾക്കുമ്പോൾ ഇതെങ്ങനെ സാധ്യമാകുമെന്ന് സംശയം തോന്നിയേക്കാം. ഇത് തട്ടിപ്പാണെന്നും തോന്നിയേക്കാം. എന്നാൽ വാ‌‌‌ർത്തകളിൽ നിറയുന്ന ഭാരത് ടാക്സി എന്ന കമ്പനിയാണ് ഈ ആശയത്തിന് പിന്നിൽ. കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴില്‍ ആണ് ഭാരത് ടാക്‌സി എന്ന ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി അമിത് ഷാ ആണ് ഭാരത് ടാക്സി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡ്രൈവർമാർക്ക് ലാഭത്തിൽ പങ്കാളിത്തവും സേവനത്തിലെ ഉടമസ്ഥാവകാശവും ഉറപ്പുനൽകുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഇനി ഭാരത് ടാക്സി എങ്ങനെ ‌വ‌ർക്ക് ചെയ്യുമെന്ന് നോക്കാം. യാത്ര ചെയ്ത കിലോമീറ്ററുകളുടെ അടിസ്ഥാനത്തിൽ ലാഭത്തിന്റെ 80 ശതമാനം ഡ്രൈവർമാർക്ക് വിതരണം ചെയ്യുമെന്നും ശേഷിക്കുന്ന 20 ശതമാനം സഹകരണ മൂലധനമായി (Cooperative Capital) നിലനിർത്തുമെന്നുമാണ് അമിത് ഷായുടെ പ്രഖ്യാപനം. അതായത് ഇവിടെ ഡ്രൈവർമാർക്ക് 500 രൂപയുടെ ഓഹരി വാങ്ങി സ്ഥാപനത്തിന്റെ സഹഉടമകളാകാം. രണ്ടുവർഷത്തിനുള്ളിൽ 15 കോടി ഡ്രൈവർമാരെ പ്ലാറ്റ്‌ഫോമിൽ ചേർക്കുകയാണ് ലക്ഷ്യമെന്നും അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ ദില്ലി, രാജ്കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് സേവനമെത്തുന്നത്. 3 വർഷത്തിനുള്ളിൽ എല്ലാ മുനിസിപ്പൽ കോർപ്പറേഷൻ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

ഭാരത് ടാക്സി രാജ്യവ്യാപകമായി പ്രവർത്തനമാരംഭിക്കുന്നതോടെ ഓല, ഊബർ, റാപ്പിഡോ പോലുള്ള കോ‍‌ർപ്പറേറ്റുകൾക്കാണ് ഇത് ഭീഷണിയാകുക. പദ്ധതി വിജയിച്ചാൽ ബുക്കിം​ഗ് മാറുന്നതിനേക്കാൾ ഡ്രൈവ‍‌ർമാരുടെ കൊഴിഞ്ഞു പോക്ക് അടക്കം വലിയ രീതിയിൽ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്.

500 രൂപ മുടക്കി ഡ്രൈവ‌‌‍ർമാരെ ബിസിനസ് പാ‌‍‍ർട്ണ‌‍ർമാരാക്കുക എന്ന ഐഡിയ ഇന്ത്യയിൽ ആദ്യമല്ല. ഇന്ത്യയിലെ ക്ഷീരവിപ്ലവത്തിന് തുടക്കമിട്ട അമുൽ വിജയിപ്പിച്ച് കാണിച്ച മാതൃകയാണ് ഭാരത് ടാക്സിയും പിന്തുടരുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് സാധാരണക്കാ‌ർ നൽകിയ 50 രൂപയടക്കം മൂലധനം ആണ് ഇന്ന് 1.25 ലക്ഷം കോടി വിറ്റുവരവുള്ള അമുൽ ആയി തലയുയ‌ർത്തി നിൽക്കുന്നത്. സ്വകാര്യ കമ്പനികളിൽ ലാഭം ഉടമകളിലേക്കാണ് പോകുന്നത്. എന്നാൽ, അമുൽ തുടക്കം കുറിച്ചത് ലാഭം ഉത്പാദകരിലേക്ക് കൂടുലായി വിതരണം ചെയ്യുന്ന രീതിയായിരുന്നു. ഇത് തന്നെയാണ് അമുലിന്റെ വിജയത്തിന് വലിയ കാരണമായതും. ഇതേ ആശയമാണ് അമുലിന്റെ പിൻഗാമിയായി ഭാരത് ടാക്സിയും പിന്തുടരുന്നത്.