വാര്‍ധക്യത്തിലെ രോഗമെന്ന ധാരണ തിരുത്തിക്കൊണ്ട് ഹൃദ്രോഗം യുവാക്കളില്‍ വര്‍ധിച്ചുവരുന്നതായി പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. രോഗം കണ്ടെത്താന്‍ വൈകുന്നത് ചികിത്സാ ചെലവ് ലക്ഷങ്ങളിലെത്തിക്കുകയും, ഇത് ആരോഗ്യ ഇന്‍ഷുറന്‍സ്, തൊഴില്‍ മേഖലകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

വാര്‍ധക്യത്തില്‍ മാത്രം വരുന്ന അസുഖമാണ് ഹൃദ്രോഗം എന്ന ധാരണ ഇനി വേണ്ട. ഇരുപതുകളിലും മുപ്പതുകളിലുമുള്ള യുവാക്കളില്‍ ഹൃദ്രോഗം വര്‍ധിച്ചുവരുന്നതായാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്ലംസ് ഹാര്‍ട്ട് ഹെല്‍ത്ത് ഡാറ്റാ ലാബ്‌സ് ഒരു ലക്ഷത്തോളം ഇന്‍ഷുറന്‍സ് ക്ലെയിമുകളും പതിനായിരത്തോളം ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ടുകളും വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. രോഗം വരുന്ന പ്രായത്തില്‍ മാത്രമല്ല, രോഗത്തിന്റെ തീവ്രതയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇത് നമ്മുടെ ആരോഗ്യമേഖലയെയും ഇന്‍ഷുറന്‍സിനെയും തൊഴിലിടങ്ങളെയും വലിയ രീതിയില്‍ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

രോഗമറിയാന്‍ വൈകുന്നു; ചികിത്സാ ചെലവ് ലക്ഷങ്ങള്‍

നിങ്ങള്‍ക്ക് 20 അല്ലെങ്കിൽ 30 വയസേ ഉള്ളൂവെങ്കില്‍ ഹൃദ്രോഗത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല എന്നത് തെറ്റായ ധാരണയാണ്. രോഗം വളരെ മൂര്‍ച്ഛിച്ച അവസ്ഥയിലാണ് പലരും ആശുപത്രികളില്‍ എത്തുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൃദ്രോഗവുമായി എത്തുന്നവരില്‍ 60 ശതമാനത്തോളം പേര്‍ക്കും ആന്‍ജിയോപ്ലാസ്റ്റിയോ ബൈപാസ് ശസ്ത്രക്രിയയോ ആദ്യഘട്ടത്തില്‍ തന്നെ വേണ്ടിവരുന്നുണ്ട്. രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ഇതിന് കാരണം. ഐസിയു വാസവും ശസ്ത്രക്രിയയും മാസങ്ങള്‍ നീളുന്ന വിശ്രമവും കൂടിയാകുമ്പോള്‍ 20 ലക്ഷം മുതല്‍ 28 ലക്ഷം രൂപ വരെയാണ് പലര്‍ക്കും ചികിത്സാ ചെലവ് വരുന്നത്.

ഇന്‍ഷുറന്‍സ് പ്രീമിയം കൂടുമോ?

യുവാക്കള്‍ക്ക് അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറവാണെന്ന കണക്കുകൂട്ടലിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസികള്‍ നല്‍കിയിരുന്നത്. എന്നാല്‍ ചെറുപ്പക്കാരില്‍ ഹൃദ്രോഗം കൂടുന്നത് കമ്പനികള്‍ക്കും തിരിച്ചടിയാണ്. പോളിസി കാലയളവില്‍ കൂടുതല്‍ തുക ക്ലെയിം ചെയ്യപ്പെടാനും, പെട്ടെന്ന് കവറേജ് പരിധി തീരാനും, വീണ്ടും ക്ലെയിമുകള്‍ വരാനും ഇത് കാരണമാകുന്നു. ഇതിന്റെ ഫലമായി വരും കാലങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിക്കാനും, പോളിസി വ്യവസ്ഥകള്‍ കര്‍ശനമാക്കാനും സാധ്യതയേറെയാണ്.

കരിയറിനും വില്ലന്‍

ഹൃദയാഘാതം പെട്ടെന്ന് വരുന്ന ഒന്നായിട്ടാണ് പലര്‍ക്കും തോന്നാറുള്ളത്. എന്നാല്‍ വര്‍ഷങ്ങളായി ശരീരത്തില്‍ രൂപപ്പെടുന്ന ഒന്നാണിത്. ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുമ്പോഴേക്കും ശസ്ത്രക്രിയ അനിവാര്യമായ അവസ്ഥയിലായിരിക്കും പലരും. ഇത് വലിയൊരു സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതിനൊപ്പം കരിയറിനെയും പ്രതികൂലമായി ബാധിക്കും. ജോലിയുടെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുന്ന യുവാക്കള്‍ക്ക് ഉണ്ടാകുന്ന ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ദീര്‍ഘനാളത്തെ അവധിക്കും തൊഴിലിലെ ഉല്‍പ്പാദനക്ഷമത കുറയാനും കാരണമാകും. യുവാക്കളായ ജീവനക്കാരുടെ ഈ ആരോഗ്യപ്രതിസന്ധി കമ്പനികളെയും ആശങ്കപ്പെടുത്തുന്നുണ്ട്.