രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി 3.5 ലക്ഷം ബുക്കിങ്ങുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏകദേശം 2.5 ലക്ഷം ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യാനായി ബാക്കിയുണ്ട്.

375 ഉല്‍പ്പന്നങ്ങളുടെ ജി.എസ്.ടി. നിരക്കുകള്‍ കുറച്ചതോടെ രാജ്യത്തെ ഉപഭോഗ രംഗത്ത് വന്‍ കുതിപ്പ്. വാഹന ഡീലര്‍ഷിപ്പുകളിലും ഇലക്ട്രോണിക്‌സ് കടകളിലും ജനത്തിരക്ക് വര്‍ധിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നവരാത്രി വില്‍പ്പനയാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നാണ് കണക്കുകള്‍. ജി.എസ്.ടി. കുറച്ചതോടെ ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞെന്നും, അത് സാധാരണക്കാര്‍ക്ക് പുതിയ വാഹനങ്ങളും മറ്റ് ജീവിതശൈലി ഉല്‍പ്പന്നങ്ങള്‍ക്കായി പണം ചെലവഴിക്കാനും സഹായകമായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

നികുതി കുറച്ചത് വില വര്‍ധന ഒഴിവാക്കി; വില്‍പ്പനയില്‍ 100% വരെ വര്‍ധന

ഭക്ഷ്യവസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, സിമന്റ്, വാഹനങ്ങള്‍ എന്നിവയുടെ ജി.എസ്.ടി. നിരക്കുകളാണ് കുറച്ചത്. നികുതി സ്ലാബുകളുടെ എണ്ണം കുറയ്ക്കാനും പുകയില ഒഴികെയുള്ള ഉല്‍പ്പന്നങ്ങളുടെ സെസ് ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. നികുതി ഘടന ലളിതമാക്കുന്നതിനോടൊപ്പം വിപണിയിലെ ഉപഭോഗംവര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. ഇത് താത്കാലികമായി നികുതി വരുമാനത്തെ ബാധിച്ചാല്‍ പോലും ഉപഭോഗം വര്‍ധിപ്പിക്കുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും.

കാര്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പ്; ബുക്കിങ്ങുകള്‍ കുന്നുകൂടി

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി 3.5 ലക്ഷം ബുക്കിങ്ങുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏകദേശം 2.5 ലക്ഷം ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യാനായി ബാക്കിയുണ്ട്. നവരാത്രി അവസാനിക്കുമ്പോഴേക്കും 2 ലക്ഷം വാഹനങ്ങള്‍ ഡെലിവറി ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇത് കഴിഞ്ഞ വര്‍ഷത്തെ 85,000 കാറുകളെ അപേക്ഷിച്ച് 2.3 മടങ്ങ് അധികമാണ്.മഹീന്ദ്രയുടെ എക്‌സ് യു വി 700, സ്‌കോര്‍പിയോ എന്‍ എന്നീ മോഡലുകളുടെ വില്‍പ്പനയില്‍ 60% വര്‍ധന രേഖപ്പെടുത്തി. ഹ്യുണ്ടായിയുടെ ക്രേറ്റ, വെന്യു എന്നീ മോഡലുകള്‍ക്കും വലിയ ഡിമാന്‍ഡാണ് അനുഭവപ്പെട്ടത്.ഉപഭോക്തൃ ഇലക്ട്രോണിക്‌സ് വിപണിയിലും മികച്ച വില്‍പനയാണ് നടന്നത്. ഈ ഉണര്‍വ്വ് വരാനിരിക്കുന്ന ദീപാവലി സീസണിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.