അന്താരാഷ്ട്ര നാണ്യ നിധി (IMF) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് പ്രധാന കാരണമെങ്കിലും, 2028-ഓടെ ഇന്ത്യ നാലാം സ്ഥാനത്തെത്തുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.

ദില്ലി: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അന്താരാഷ്ട്ര നാണ്യ നിധി (IMF) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് ഇന്ത്യ ആറാമതായത്. ലോകത്തെ നാലാമത്തെ വലിയ സമ്പത്തിക ശക്തിയായിരുന്ന ഇന്ത്യ, പുതിയ പട്ടിക പ്രകാരം ബ്രിട്ടനും ജപ്പാനും പിന്നിലാണ്. ഐഎംഎഫ് ഈ മാസം പുറത്തുവിട്ട വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രകാരം ഇന്ത്യയുടെ നോമിനൽ ജിഡിപി 4.15 ലക്ഷം കോടി ഡോളറാണ്. ബ്രിട്ടൻ്റേത് 4.26 ലക്ഷം കോടി ഡോളറും ജപ്പാൻ്റേത് 4.38 ലക്ഷം കോടി ഡോളറുമാണ്.

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഇന്ത്യയുടെ റാങ്കിങ് താഴേക്ക് പോകാനുള്ള പ്രധാന കാരണം. ജിഡിപി കണക്കാക്കുന്ന അടിസ്ഥാന വർഷത്തിൽ വരുത്തിയ പരിഷ്കാരവും തിരിച്ചടിയായി. റാങ്കിംഗിൽ പിന്നോട്ടുപോയെങ്കിലും ലോകത്തെ അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയെന്ന നേട്ടത്തിൽ മാറ്റമുണ്ടായില്ല. ഇന്ത്യ തന്നെയാണ് ഇവിടെ ഒന്നാമത്. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച 6.5 ശതമാനമെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്.

ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തി അമേരിക്കയാണ്. 32.38 ലക്ഷം കോടി ഡോളറാണ് യുഎസിൻ്റെ നോമിനൽ ജിഡിപി. 20.85 ലക്ഷം കോടി ഡോളറുമായി ചൈന രണ്ടാം സ്ഥാനത്തും അഞ്ച് ലക്ഷം കോടി ഡോളറുമായി ജർമ്മനി മൂന്നാം സ്ഥാനത്തുമാണ്. ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും അടുത്ത വർഷത്തോടെ (2027) ഇന്ത്യ ബ്രിട്ടനെ മറികടക്കുമെന്നും 2028-ൽ ജപ്പാനെ പിന്നിലാക്കി ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു. 2031-ഓടെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് നിലവിലെ കണക്കുകൾ.