ഡിസംബറിൽ നടന്ന എംപിസി യോഗത്തിൽ, റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 5.25 ശതമാനമാക്കിയിരുന്നു. 2026 ഫെബ്രുവരിയിലോ ഏപ്രിലിലോ 25 ബേസിസ് പോയിന്റ് കുറവ് വരുത്താനുള്ള സാധ്യതയാണ് റിപ്പോർട്ട് മുന്നോട്ട് വെക്കുന്നത്.
ദില്ലി: ഫെബ്രുവരിയിൽ റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചേക്കുമെന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. 2025 ഫെബ്രുവരി മുതൽ നാല് തവണയായി 125 ബേസിസ് പോയിന്റ് കുറച്ചതിനു ശേഷം വീണ്ടും നിരക്ക് കുറച്ചേക്കുമെന്നാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 5 ശതമാനമാക്കി മാറ്റുമെന്നാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്
ഡിസംബറിൽ നടന്ന എംപിസി യോഗത്തിൽ, റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 5.25 ശതമാനമാക്കിയിരുന്നു. 2026 ഫെബ്രുവരിയിലോ ഏപ്രിലിലോ 25 ബേസിസ് പോയിന്റ് കുറവ് വരുത്താനുള്ള സാധ്യതയാണ് റിപ്പോർട്ട് മുന്നോട്ട് വെക്കുന്നത്. ആർബിഐയുടെ അടുത്ത എംപിസി യോഗം 2026 ഫെബ്രുവരി 4–6 തീയതികളിൽ നടക്കും.
ആർബിഐയുടെ പണനയം
രണ്ട് മാസത്തിലൊരിക്കൽ നടക്കുന്ന ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)യുടെ മൂന്ന് ദിവസത്തെ യോഗത്തിന് ശേഷമാണ് ആർബിഐ ഗവർണർ പണനയം പ്രഖ്യാപിക്കുക. പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ നാല് തവണകളായി എംപിസി പ്രധാന വായ്പാ നിരക്ക് കുറച്ചിരിക്കുന്നത്. ഭവന, വ്യക്തിഗത, വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുന്നതിനാൽ സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന തീരുമാനം കൂടിയാണിത്. റീട്ടെയിൽ വായ്പക്കാർക്ക് റിപ്പോ നിരക്കിൽ കുറവ് വരുത്തുന്നത് വായ്പാ ഇഎംഐകൾ കുറയ്ക്കും.
ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിൽ കുത്തനെ ഇടിവ് ഉണ്ടായതിനെത്തുടർന്ന് ആർബിഐ ഫെബ്രുവരി മുതൽ നാല് തവണയായി 125 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു. അടുത്ത് തവണ കൂടിയാകുമ്പോൾ 150 ബേസിസ് പോയിന്റുകൾ കുറയും. പണപ്പെരുപ്പത്തിലെ ഇടിവ് തുടരുകയാണെങ്കിൽ കൂടുതൽ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.


