ഗൾഫ് രാജ്യങ്ങളിലെ മലയാളികളുടെ വിഷു ആഘോഷത്തിനായി കേരളത്തിൽ നിന്നും 1650 ടണ്ണിലധികം പച്ചക്കറികൾ കയറ്റി അയച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും പ്രത്യേക കാർഗോ വിമാനങ്ങൾ സർവീസ് നടത്തിയാണ് ചരിത്രത്തിലാദ്യമായി ഒറ്റ ദിവസം കൊണ്ട് ഇത്രയധികം പച്ചക്കറികൾ വിഷു സദ്യക്കായി എത്തിച്ചത്.
കേരളക്കരയും കടന്ന് മലയാളികളുടെ ഒരു താവളമായാണ് ഗൾഫ് രാജ്യങ്ങളെ നമ്മൾ വിശേഷിപ്പിക്കാറുള്ളത്. അത്രയേറെ മലയാളികൾ അവിടെയുണ്ട് എന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. അങ്ങനെയുള്ളപ്പോൾ മലയാളികളുടെ ആഘാഷങ്ങളും വളരെ വിപുലമായി ഗൾഫ് രാജ്യങ്ങളിലുണ്ട്. ഗൾഫ് മലയാളികൾക്ക് വിഷു ആഘോഷിക്കാൻ വിമാനത്തിലേറിയത് 1650 ടണ്ണിലേറെ പച്ചക്കറികളാണെന്നാണ് കണക്ക്. ഇത്രയും പച്ചക്കറികൾ കൊണ്ട് പോകാനായി പ്രത്യേക കാർഗോ വിമാനങ്ങൾ സർവീസ് നടത്തി. പശ്ചിമേഷ്യൻ സംഘർഷം നിലനൽക്കുന്ന സാഹചര്യത്തിൽ യാത്രാ സർവ്വീസുകളടക്കം വെട്ടിക്കുറച്ചിരുന്നു. ഈ സാഹചര്യത്തിലും പ്രത്യേക സർവ്വീസിൽ മലയാളികൾക്ക് സദ്യക്കുള്ള വകയെത്തി.
വിഷുക്കാലത്ത് കണി വെള്ളരി, ചക്ക, കായ, മത്തൻ, മറ്റു പച്ചക്കറികൾ എന്നിവയ്ക്കാണ് ഡിമാന്റ്. ഇത് തന്നെയാണ് കയറ്റി അയച്ചതിൽ കൂടുതലും. കഴിഞ്ഞ ദിവസങ്ങളിലായി കണിക്കൊന്ന വാടാതെ പ്രത്യേക രീതിയിൽ പാക്ക് ചെയ്ത് അയച്ചതും ഇങ്ങനെ തന്നെയാണ്. ഏപ്രിൽ 6ന് 103 ടൺ, ഏപ്രിൽ 7 ന് 80 ടൺ, ഏപ്രിൽ 8ന് 105 ടൺ, ഏപ്രിൽ 9ന് 254 ടൺ, ഏപ്രിൽ 10 ന് 245 ടൺ, ഏപ്രിൽ 11ന് 490 ടൺ, ഏപ്രിൽ 12 ന് 88 ടൺ, ഏപ്രിൽ 13ന് 150 ടൺ എന്നിങ്ങനെയാണ് കയറ്റി അയച്ച പച്ചക്കറികളുടെ വിവരം.
ഓരോരോ ഘട്ടങ്ങളിലായിട്ടായിരുന്നു കാർഗോ സർവ്വീസ് കൊച്ചിയിൽ നിന്ന് പറന്നുയർന്നത്. കഴിഞ്ഞ ശനിയാഴ്ച മാത്രം 500 ടണ്ണോളം പച്ചക്കറികൾ കൊച്ചിയിൽ നിന്ന് അയച്ചുവെന്നാണ് കണക്കുകൾ പറയുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം പച്ചക്കറികൾ കയറ്റി അയച്ചത്. കാർഗോ സർവ്വീസ് ആയും മറ്റു സ്പെഷ്യൽ സർവ്വീസുകളിലായും ലുലു ഗ്രൂപ്പ് അടക്കമാണ് പച്ചക്കറികൾ അയച്ചത്. സാധാരണ സർവ്വീസ് നടത്തുന്ന ഫ്ലൈറ്റുകളിൽ 150 ടണും, സ്പെഷ്യൽ സർവ്വീസിൽ 350 ടണ്ണും ആണ് കയറ്റി അയച്ചത്.


