ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിൽ കാന്തപുരത്തിൻ്റെ സംഭാവനകൾ ശ്രദ്ധേയമെന്ന് മോദി എക്സിൽ കുറിച്ചിരുന്നു.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതരാണെന്നും മറ്റ് പ്രതിസന്ധികളില്ലെന്നുമുള്ള കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ പ്രസ്താവന ചർച്ചയാകുന്നു. ഇംഗ്ലീഷ് മാധ്യമത്തോടാണ് കാന്തപുരത്തിന്റെ പ്രതികരണം. കാന്തപുരത്തിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
മുസ്ലീങ്ങൾ ഇന്ത്യയിൽ സുരക്ഷിതരാണ്, ഏതെങ്കിലും പ്രതിസന്ധികളോ പ്രശ്നങ്ങളോ മുസ്ലീങ്ങൾക്ക് ഇന്ത്യയിലില്ല. രാജ്യത്തിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയിൽ ചർച്ച ചെയ്തതെന്നും, മറ്റ് വിഷയങ്ങൾ കൂടികാഴ്ചയില് ഉന്നയിച്ചിട്ടില്ലെന്നുമാണ് കാന്തപുരം അഭിമുഖത്തിൽ പറയുന്നത്. വഖഫ് നിയമ ഭേദഗതിയും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ചുമുള്ള ആശങ്കകൾ കൂടികാഴ്ചയിൽ ഉന്നയിച്ചതായി കാന്തപുരം പ്രസ്താവനയിൽ പറഞ്ഞിരുന്നു.
മോദി ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന അതിക്രമങ്ങൾ പ്രതിപക്ഷം വലിയ ചർച്ചയാക്കുന്ന പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കാന്തപുരത്തിന്റെ സംഭാവനകളെ പുകഴ്ത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പടുക്കുന്ന സമയത്തെ മോദി - കാന്തപുരം കൂടികാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി. എന്നാല് കരുതലോടെയാണ് കോൺഗ്രസിന്റെ പ്രതികരണം. ഇടതുപക്ഷത്തോട് ചേർന്നുതന്നെ തെരഞ്ഞെടുപ്പ് കാലത്തും മുന്നോട്ട് പോകുമോയെന്ന ചോദ്യത്തോട് ഇതുവരെ അത് സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നാണ് കാന്തപുരം ഇന്നലെ പ്രതികരിച്ചത്.

