കുവൈത്ത് 65-ാമത് ദേശീയ ദിനവും 35-ാമത് വിമോചന ദിനവും ആഘോഷിക്കുന്നതിൻ്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി ആദ്യം ബയാൻ പാലസിൽ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായിരുന്നു.

കുവൈത്ത് സിറ്റി: 65-ാമത് ദേശീയ ദിനാഘോഷ നിറവിൽ കുവൈത്ത്. രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 35ാമ​ത് വിമോചന ദിനവും ഈ വേളയില്‍ കുവൈത്ത് ആഘോഷിക്കുകയാണ്. ഫെബ്രുവരി 25, 26 ദിവസങ്ങളിലാണ് കുവൈത്തിന്റെ ദേശീയ-​വിമോചന ദിനം.

ഫെബ്രുവരി ആദ്യം ബയാൻ പാലസിൽ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പതാക ഉയർത്തിയതോടെ രാജ്യത്തെ ആഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായിരുന്നു. ഇത്തവണ റമദാൻ മാസത്തിലാണ് കുവൈത്ത് ദേശീയ ദിനം എത്തുകയെന്നതിനാൽ അത് കൂടി പരിഗണിച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കുക. 1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽ​നിന്ന് സ്വാതന്ത്ര്യം നേടിയത്. ഈ ​ദിനത്തിലാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്. എന്നാൽ 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു. ആധുനിക കുവൈത്തിന്‍റെ ശിൽപ്പി എന്ന് അറിയപ്പെടുന്ന 11-ന് ഭരണാധികാരിയായിരുന്ന അമീർ ശൈഖ് അബ്ദുള്ള അൽസാലിം അൽസബാഹിന്‍റെ സ്ഥാനാരോഹണം നടന്ന ഫെബ്രുവരി 25ന്‍റെ സ്മരണക്കായാണ് ഈ ദിവസം ദേശീയ ദിനമായി നിശ്ചയിച്ചത്. 1991 ഫെബ്രുവരി 26ന് ഇറാഖ് അധിനിവേശത്തില്‍ നിന്ന് കുവൈത്ത് മുക്തി നേടിയതിന്‍റെ ഓര്‍മ്മക്കായി വിമോചന ദിനവും ആഘോഷിച്ച് വരുന്നു.