ഔദ്യോഗിക അനുമതിയില്ലാതെ കുട്ടികളെ പാർപ്പിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾ അനുസരിച്ച് ഇവയ്ക്കെതിരെ അടിയന്തര നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു

കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിലെ സാദ് അൽ - അബ്ദുള്ള ഏരിയയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അഞ്ച് സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക കാര്യ മന്ത്രാലയം കുവൈറ്റ് മുനിസിപ്പാലിറ്റിക്ക് കത്തെഴുതി. സാമൂഹിക കാര്യ മന്ത്രാലയത്തിലെ പ്രൈവറ്റ് നഴ്‌സറീസ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ നൈഫ് അൽ-സവാഗ് ആണ് മുനിസിപ്പാലിറ്റിക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. ഔദ്യോഗിക അനുമതിയില്ലാതെ കുട്ടികളെ പാർപ്പിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾ അനുസരിച്ച് ഇവയ്ക്കെതിരെ അടിയന്തര നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

കുട്ടികൾ പ്രകൃതിയോട് ഇണങ്ങി വളരട്ടെ

അതിനിടെ കുവൈത്ത് ഫെഡറേഷൻ ഓഫ് പ്രൈവറ്റ് നഴ്‌സറീസ് ബോർഡ് ചെയർപേഴ്‌സൺ ഹനാൻ അൽ-മുദാഹക ഒരു പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചു. നഴ്‌സറികൾക്ക് മുൻവശത്തുള്ള ഒഴിഞ്ഞ സ്ഥലങ്ങൾ കൃഷി ആവശ്യങ്ങൾക്കും കുട്ടികളുടെ വിനോദ പരിപാടികൾക്കുമായി ഉപയോഗിക്കാൻ അനുവദിക്കണമെന്നും ഇതിനായി നാമമാത്രമായ ഫീസ് മാത്രം ഈടാക്കിയാൽ മതിയെന്നും അവർ അഭ്യർത്ഥിച്ചു. കുട്ടികൾക്ക് പ്രകൃതിയോട് ഇണങ്ങി വളരാനുള്ള സാഹചര്യം ഒരുക്കാൻ ഇത് സഹായിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.