ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് വിമാനമാണ് സമ്മാനമായി നൽകുന്നതെന്നാണ് വിവരങ്ങൾ
ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഖത്തർ രാജകുടുംബത്തിന്റെ സമ്മാനം. ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് വിമാനമാണ് സമ്മാനമായി നൽകുന്നതെന്നാണ് വിവരങ്ങൾ. ഇത് ട്രംപ് ഭരണകൂടം സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു വിദേശ രാജ്യത്തിന്റെ ഭരണകൂടത്തിൽ നിന്നും ഇതുവരെ ലഭിച്ച സമ്മാനങ്ങളിൽ ഏറ്റവും വിലപ്പെട്ടതായിരിക്കും ഇത്. സമ്മാനമായി ലഭിക്കുന്ന ഈ ജെറ്റ് വിമാനം എയർഫോഴ്സ് വൺ ആയി ഉപയോഗിക്കുമെന്നാണ് വിവരങ്ങൾ.
ട്രംപ് അടുത്തയാഴ്ചയോടെയാണ് മിഡിൽ ഈസ്റ്റ് സന്ദർശനങ്ങൾക്ക് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ഖത്തറിൽ എത്തുമ്പോൾ ആയിരിക്കും സമ്മാനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുന്നതെന്ന് വിവരങ്ങൾ നൽകിയ ഉറവിടത്തെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. സമ്മാനത്തെ സംബന്ധിച്ചോ ഇത് നിയമ പ്രകാരമാണോ നൽകുന്നതെന്നോ എബിസി റിപ്പോർട്ടുകളോട് വൈറ്റ് ഹൗസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഖത്തരി എംബസിയും ഇതിൽ പ്രതികരിച്ചിട്ടില്ല.
എബിസി റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച്, ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പ്രസിഡൻഷ്യൽ ലൈബ്രറിയിലേക്ക് ജെറ്റിന്റെ ഉടമസ്ഥാവകാശം കൈമാറുമെന്നും ഇത് നിയമപരമാണെന്നും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയും വൈറ്റ് ഹൗസിലെ ഉന്നത അഭിഭാഷകനായ ഡേവിഡ് വാരിങ്ടണും വിശകലനം ചെയ്തിട്ടുണ്ട്. 2029 ജനുവരി 1ന് മുമ്പ് വിമാനം ട്രംപ് പ്രസിഡൻഷ്യൽ ലൈബ്രറി ഫൗണ്ടേഷനിലേക്ക് മാറ്റുമെന്നും അതിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും യുഎസ് വ്യോമസേന വഹിക്കുമെന്നും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഖത്തർ രാജകുടുംബം സമ്മാനമായി നൽകുന്ന എയർക്രാഫ്റ്റിന് ഏകദേശം 400 മില്ല്യൺ ഡോളർ വില വരുമെന്നാണ് വ്യോമയാന വിദഗ്ധർ പറയുന്നത്. അടുത്തയാഴ്ചയാണ് ഡോണാൾഡ് ട്രംപിന്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനം. യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളാണ് ട്രംപ് സന്ദർശിക്കുന്നത്.


