സൗദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം. വിസ പുതുക്കി നൽകുന്നതായി റിപ്പോർട്ടുകൾ. ഔദ്യോഗിക അറിയിപ്പില്ലെങ്കിലും, കാലാവധി കഴിഞ്ഞ സിംഗിൾ എൻട്രി വിസകൾ ആവശ്യമായ രേഖകൾ സഹിതം സമീപിക്കുന്നവർക്ക് ജവാസത് പുതുക്കി നൽകുന്നതായി റിപ്പോർട്ടുകളുണ്ട്.  

റിയാദ്: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെടുകയും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ, സന്ദർശന വിസയിൽ സൗദിയിലെത്തി മടങ്ങാനാവാതെ കുടുങ്ങിയ വിദേശികൾക്ക് ആശ്വാസം. കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ നിശ്ചിത കാലയളവിലേക്ക് കൂടി ജവാസത് (പാസ്‌പോർട്ട് ഡയറക്‌ടറേറ്റ്) പുതുക്കി നൽകുന്നതായാണ് വിവരം.

ഔദ്യോഗികമായ അറിയിപ്പുകൾ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ആവശ്യമായ രേഖകളുമായി ജവാസത്തിനെ സമീപിച്ച നിരവധി ഇന്ത്യക്കാർക്ക് വിസ പുതുക്കി ലഭിച്ചു തുടങ്ങിയതായി വിവരമുണ്ട്. വിസ പുതുക്കിക്കിട്ടിയവർ തന്നെയാണ് ഈ ശുഭവാർത്ത സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവെക്കുന്നത്.

നിലവിൽ സിംഗിൾ എൻട്രി വിസിറ്റ് വിസയിൽ എത്തിയ ഇന്ത്യക്കാർക്കാണ് റിയാദ് ജവാസത് ഓഫീസിൽ നിന്ന് വിസ പുതുക്കി നൽകുന്നത്. എത്ര ദിവസത്തെ എൻട്രിയിലാണോ ഒരാൾ എത്തിയത്, അത്രയും ദിവസത്തേക്ക് കൂടി വിസ നീട്ടി നൽകുന്നുണ്ടെന്ന് പറയപ്പെടുന്നു. മൾട്ടിപ്പിൾ എൻട്രി വിസകളുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിസ പുതുക്കൽ ഫോറം, വിസ കാലാവധി വ്യക്തമാക്കുന്ന അബ്ഷീറിലെ പേജിെൻറ പ്രിൻറൗട്ട്, സന്ദർശകെൻറ പാസ്‌പോർട്ടിെൻറയും നിലവിലെ വിസയുടെയും പകർപ്പുകൾ, വിസ സ്പോൺസർ ചെയ്ത വ്യക്തിയുടെ ഇഖാമയുടെ പകർപ്പ് എന്നിവ സഹിതം ജവാസത്തിനെ സമീപിച്ചപ്പോഴാണ് വിസ പുതുക്കിക്കിട്ടിയതെന്ന് അനുഭവസ്ഥർ പറയുന്നു. ഹെൽത്ത് ഇൻഷുറൻസിന് കാലാവധി ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. 100 റിയാൽ ഫീസായി അടയ്ക്കുകയും വേണം. യാത്ര മുടങ്ങിയ വിമാന ടിക്കറ്റിെൻറ കോപ്പിയോ അല്ലെങ്കിൽ പുതിയ തീയതിയിലുള്ള ടിക്കറ്റോ കരുതുന്നത് നടപടികൾ എളുപ്പമാക്കാൻ സഹായിക്കും. ജവാസത്തിൽ നിന്നുള്ള അപ്പോയിൻറ്മെൻറ് സ്ലിപ്പും കരുതേണ്ടതാണ്.