നിരന്തരമായ ട്രോളുകൾക്കിടയിലും, നടൻ ടിനി ടോം ജപ്പാനിലെ ഒരു സ്റ്റേജ് ഷോയിൽ വീണ്ടും 'എമ്പുരാൻ' കഥാപാത്രത്തെ അവതരിപ്പിച്ചു. വേദിയിൽ കയ്യടി നേടിയെങ്കിലും, സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടു.

മീപകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾക്ക് പാത്രമായിട്ടുള്ള ആളാണ് ടിനി ടോം. ബൊ​ഗെയ്ൻവില്ല എന്ന സിനിമയിലെ സ്തുതി ​ഗാനം പാടിയതും എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിച്ച അബ്രാം ഖുറേഷിയെ അവതരിപ്പിച്ചതുമൊക്കെ ആയിരുന്നു ട്രോളുകൾക്ക് കാരണമായത്. പല തവണ എമ്പുരാനായി വിവിധ പരിപാടികളിൽ ടിനി ടോം എത്തിയിട്ടുണ്ട്. അതിന്റെ വീഡിയോ ക്ലിപ്പുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും എമ്പുരാനായി സ്റ്റേജിൽ എത്തിയിരിക്കുകയാണ് ടിനി.

ജപ്പാനിൽ നടന്നൊരു സ്റ്റേജ് ഷോയിലാണ് ടിനി ടോമിന്റെ പുതിയ എമ്പുരാൻ അനുകരണമെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ജപ്പാനിലെ വേൾഡ് മലയാളി ഫെഡറേഷന്‍റെ പരിപാടിയില്‍ പങ്കെടുക്കാനാണ് ടിനി എത്തിയത്. പതിവ് പോലെ എമ്പുരാനെ അനുകരിച്ച് വേദിയിൽ നിന്നും കയ്യടിയും ടിനി ടോം നേടി. ഇത്തവണ സൺ​ ​ഗ്ലാസിനൊപ്പം വൈറ്റ് കളർ വസ്ത്രമാണ് ടിനി ധരിച്ചിരിക്കുന്നത്. 

‘ട്രോളുകൾക്കിടയിലും തളരാതെ മുന്നേറുന്ന ആവേശം. ജപ്പാനിൽ നിറഞ്ഞ കൈയടിയോടെ എമ്പുരാൻ’ എന്ന കുറിപ്പോടെ ‘ലിറ്റ ജപ്പാൻ’ എന്ന പ്രൊഫൈലിൽ നിന്നുമാണ് വീഡിയോ പുറത്തുവന്നത്. പിന്നാലെ കമന്റുമായി ടിനി ടോമും എത്തി. 'തോൽക്കാൻ മനസില്ലെ'ന്നാണ് ടിനി ടോം കുറിച്ചത്.

വേദിയിൽ നിന്നും ടിനി ടോം കയ്യടി നേടിയെങ്കിലും സോഷ്യൽ മീഡിയയിൽ എപ്പോഴത്തേയും പോലെ ട്രോളുകൾ വരുന്നുണ്ട്. 'തൊലിക്കട്ടി അപാര'മെന്നാണ് കമന്റുകൾ ഏറെയും. "മോഹൻലാൽ ഇതൊന്നും കാണുന്നില്ലേ? ഒന്ന് പറഞ്ഞു വിലക്കാൻ, കേസ് കൊടുക്കണം ലാലേട്ടാ, സഹിക്കുന്നവരെ സമ്മതിക്കണം, ഇത് തീർന്നില്ലേ ഇതുവരെ?, സത്യം പറയാം ചേട്ടാ വളിപ്പ് ആണ്. ഇത്തരം ചേഷ്ടകൾ കൊണ്ട് സ്വയം തരംതാഴരുത്, എമ്പുരാന് ഷോക്ക് അടിച്ചോ, ലാലേട്ടനെ കളിയാക്കുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിക്കണം, നിൻ്റെ തൊലിക്കട്ടി അപാരം തന്നെയാണ് എൻ്റമ്മോ, ജപ്പാനിലുള്ളവർ ക്ഷമാശീലരാണ്. ഹിരോഷിമയും നാഗാസാക്കിയും ഒന്നും അവർ മറക്കില്ല. അതിലപ്പുറം ദുരന്തം ഒന്നും ഇല്ലല്ലോ", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.

View post on Instagram

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming