സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ നിര്‍ത്തിയിടത്തു നിന്ന് അസാധാരണ ഫോമില്‍ തുടരുന്ന ഇഷാൻ ലോകകപ്പ് സംഘത്തില്‍ എവിടെ ഉള്‍പ്പെടുത്തും, അല്ലെങ്കില്‍ എങ്ങനെ മാറ്റി നിർത്താനാകും?
38-ാം ഓവറില്‍ ആറാമനായി ക്രീസിലെത്തി, 39 പന്തില്‍ 125 റണ്‍സ്. ഏഴ് ഫോറും 14 സിക്സറുകളും. വിജയ് ഹസാരെ ട്രോഫിയില്‍ ശക്തരായ കർണാടകയ്ക്ക് എതിരെ ജാര്‍ഖണ്ഡ് താരം ഇഷാൻ കിഷന്റെ കണക്കുകളാണിത്. അതും ഏകദിന ഫോർമാറ്റില്‍. ട്വന്റി 20 ലോകകപ്പിലേക്കുള്ള ദൂരം ചുരുങ്ങുകയാണ്, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വിശ്വകിരീടപ്പോര്. ബാക്കപ്പായി, ഡഗൗട്ട് താൻ അര്‍ഹിക്കുന്നില്ലെന്ന് ഇടം കയ്യൻ ബാറ്റര്‍ ഉറക്കെ പറഞ്ഞുകഴിഞ്ഞു. സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ നിര്‍ത്തിയിടത്തു നിന്ന് അസാധാരണ ഫോമില്‍ തുടരുന്ന ഇഷാനെ ലോകകപ്പ് സംഘത്തില്‍ എവിടെ ഉള്‍പ്പെടുത്തും, അല്ലെങ്കില്‍ എങ്ങനെ മാറ്റി നിർത്താനാകും?
സഞ്ജു സാംസണ് ഒന്നാം വിക്കറ്റ് കീപ്പർ, ഇഷാൻ അഭിഷേക് ശർമയുടെ ബാക്ക് അപ്പ്. ഈ രണ്ട് കാര്യങ്ങളും ടീം പ്രഖ്യാപനത്തില്‍ നായകൻ സൂര്യകുമാര്‍ യാദവും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും വ്യക്തമാക്കിയിരുന്നു. ഉപനായകൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയുള്ള അപ്രതീക്ഷിത തീരുമാനം പോലും ടോപ് ഓര്‍ഡറില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വേണമെന്നുള്ള നിര്‍ബന്ധത്താലായിരുന്നു. ഈ നീക്കം ടീമിന് കൂടുതല്‍ സ്റ്റബിലിറ്റി നല്‍കുമെന്നാണ് മാനേജ്മെന്റിന്റെ വിശ്വാസവും. ഇതെല്ലാം ഒത്തുവരുമ്പോള്‍ ഓപ്പണറായി അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജുവായിരിക്കുമെന്ന് ഉറപ്പിക്കാനും കഴിയും.
ഇതിന് പുറമെ, ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ തുടരെ പരീക്ഷിക്കുന്നത് ലെഫ്റ്റ് - റൈറ്റ് കോമ്പിനേഷനാണ്. അതിന് അനുയോജ്യമായതും സഞ്ജു-അഭിഷേക് സഖ്യം തന്നെ. അഭിഷേകിനെ മാറ്റി നിര്‍ത്തുക എന്നത് വിദൂരചിന്തയില്പ്പോലുമുള്ള കാര്യമില്ല. മൂന്നാം നമ്പറില്‍ തിലക് വര്‍മയും നാലാമനായി സൂര്യകുമാറും എത്തുമെന്നതും സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ഇനി അവശേഷിക്കുന്ന സ്ഥാനങ്ങള്‍ അഞ്ച്, ആറ്, ഏഴ് എന്നിവയാണ്. ഇവയില്‍ രണ്ട് പൊസിഷനുകളില്‍ ഉപനായകനായ അക്സര്‍ പട്ടേലും ഹാര്‍ദിക്ക് പാണ്ഡ്യയും ക്രീസിലെത്തുമെന്നതിലും ആശയക്കുഴപ്പമില്ല. ബാക്കിയുള്ള ഒരു സ്ഥാനം, ശിവം ദൂബെ, റിങ്കു സിങ്, ഇഷാൻ - മൂന്ന് പേരും ഒരു സ്ഥാനവും.
മൂന്ന് പേരും ഇടം കയ്യൻ ബാറ്റര്‍മാര്‍. ദുബെ മധ്യ ഓവറുകളില്‍ സ്പിന്നര്‍മാർക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാൻ കെല്‍പ്പുള്ള താരം. പ്രത്യേകിച്ചും ലെഗ് സ്പിന്നിനെതിരെ. ലോകോത്തര പേസര്‍മാരെ നേരിടാൻ ബുദ്ധിമുട്ടുന്ന ദുബെക്ക് മുൻതൂക്കം നല്കുന്ന ഘടകം മീഡിയം പേസര്‍ എന്നതാണ്. ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ഏഴാം ബൗളര്‍ എന്ന ഒരു ആനുകൂല്യം സൂര്യകുമാര്‍ യാദവിന് ലഭിക്കും. ഇനി റിങ്കു സിങ്ങിലേക്ക് വരാം. അവസാന ഓവറില്‍ ആളിക്കത്താനുള്ള മികവ്, 200നടുത്ത് സ്ട്രൈക്ക് റേറ്റിലാണ് 17 മുതല്‍ 20 ഓവറുകള്‍ വരെ റിങ്കു ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യുന്നത്. ദുബെക്ക് സമാനമായി ഒരു സ്പിൻ ബാഷര്‍ മാത്രമല്ല റിങ്കു, പേസര്‍മാര്‍ക്ക് മുകളിലും മേല്‍ക്കൈ സ്ഥാപിക്കാൻ കഴിയും.
തന്റെ ഹിറ്റിങ്ങ് ആര്‍ക്കിനുള്ളില്‍ എത്തുന്ന ഏത് ബൗളര്‍മാരെയും ഗ്യാലറിയില്‍ നിക്ഷേപിക്കുന്നതാണ് ഇഷാന്റെ ശൈലി. അത് പേസ് ആണെങ്കിലും സ്പിൻ ആണെങ്കിലും. മത്സരത്തിന്റെ ഏത് ഘട്ടത്തിലും ഇഷാനെ ഉപയോഗിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേക. അഭിഷേകിനെ പോലെ പവര്‍പ്ലേയിലും തിലകിന് സമാനമായി മധ്യ ഓവറുകളിലും റിങ്കുവിനൊപ്പം മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനും ഇഷാന് കഴിയും. സെയ്ദ് മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും തെളിഞ്ഞതും അതു തന്നെയായിരുന്നു. കർണാടകയ്ക്ക് എതിരായ ഒരു മത്സരം കൊണ്ട് അത് വ്യക്തമാകുകയും ചെയ്തു.
പക്ഷേ, റിങ്കുവിനും ദുബെക്കും മുകളില്‍ ഇഷാനെ പരിഗണിക്കാൻ സാധ്യതയുള്ള മറ്റൊരു ഘടകം ഫോമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ദീര്‍ഘകാലമായി മാറ്റി നിര്‍ത്തപ്പെട്ട ഇഷാൻ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ്. മുഷ്താഖ് അലിയില്‍ 10 മത്സരങ്ങളില്‍ നിന്ന് 517 റണ്‍സ് നേടിയാണ് ടോപ് സ്കോററായത്. രണ്ട് വീതം സെഞ്ചുറിയും അര്‍ദ്ധ സെഞ്ചുറിയും നേടി 197 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തതും. 51 ഫോറും 33 സിക്സും ഇഷാന്റെ ബാറ്റില്‍ നിന്ന് പിറന്നു. മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത ഫോം.
ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ ടീമില്‍ ഇഷാൻ ഒരു സ്ഥാനം അര്‍ഹിക്കുന്നുണ്ട്. അത് മധ്യനിരയില്‍ നല്കാൻ മാനേജ്മെന്റ് തയാറാകുമോയെന്നതാണ് ആകാംഷ. തൊട്ടാല്‍ പൊള്ളുന്ന ഫോമിലാണ് താരം, മാറ്റി നിര്‍ത്താൻ കഴിയാത്ത കണക്കുകള്‍. ഇഷാൻ നല്കുന്ന മുൻതൂക്കവും ചെറുതായിരിക്കില്ല. ഇന്ത്യക്ക് മുന്നില്‍ സുഖമുള്ള മറ്റൊരു തലവേദനകൂടി.


