പാക്കിസ്ഥാന്റെ സ്പിൻ നിര ഇന്ത്യൻ ബാറ്റർമാരെ കാത്തിരിക്കുന്നു, വാക്കുപോലെ ഇന്ത്യക്ക് കൃത്യമായൊരു ഉത്തരം നല്കാനാകുമോ
ആർ പ്രേമദാസ സ്റ്റേഡിയത്തില്‍ സൂര്യകുമാർ യാദവ് അഭിഷേക് ശർമയ്ക്ക് എതിരെ പന്തെറിയുന്നു. സൈഡ് ആം ആക്ഷൻ, ഒരു പോസ്, വൈകിയുള്ള റിലീസും. യെസ്, ഹി വാസ് മിമിക്കിങ് ഉസ്മാൻ താരിഖ്. സല്മാൻ അലി അഗയുടെ ട്രമ്പ് കാർഡ്.
പരീക്ഷകളില്‍ ചിലപ്പോള്‍ സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ വരാം. അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ വിടാൻ സാധിക്കില്ലല്ലോ, അവന് മുന്നില്‍ കീഴടങ്ങാൻ കഴിയില്ല - ഉസ്മാൻ താരിഖിനെക്കുറിച്ചുള്ള ചോദ്യത്തിന് സരസമായി സൂര്യകുമാർ യാദവ് മറുപടി പറഞ്ഞു. പാക്കിസ്ഥാന്റെ സ്പിൻ നിര ഇന്ത്യൻ ബാറ്റർമാരെ കാത്തിരിക്കുന്നു, വാക്കുപോലെ ഇന്ത്യക്ക് കൃത്യമായൊരു ഉത്തരം നല്കാനാകുമോ.
2024 ട്വന്റി 20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ടി20 സംഘം, ഓസ്ട്രേലിയ മുതല്‍ യുഎഇ വരെ നീളുന്ന എല്ലാ ടീമുകളുടേയും ബൗളിങ് നിരകളെ ദയയില്ലാതെയാണ് അപ്രസക്തമാക്കിയത്. അഭിഷേക് ശര്‍മ നേതൃത്വം നല്കുന്ന റൂത്ലെസായുള്ള പവര്‍ ഹിറ്റിങ് ഡിസ്പ്ലെയായിരുന്നു ഫ്രെബ്രുവരി ഏഴിന് മുൻപ് വരെ കണ്ടതും. പക്ഷേ, ഈ ലോകകപ്പില്‍ ഇന്ത്യൻ ബാറ്റിങ് നിരയുടെ ഒഴുക്കിന് തടയിടാൻ അസോസിയേറ്റ് രാജ്യങ്ങളായ യുഎസ്എയ്ക്കും നമീബിയക്കും കഴിഞ്ഞു.
പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യയെ കാത്തിരിക്കുന്നത് സമീപകാലത്തെ ഏറ്റവും വലിയ പരീക്ഷണമായിരിക്കുമെന്നാണ് അന്തരീക്ഷവും കടലാസിലെ പേരുകളും പറയുന്നത്. ഇന്ത്യയുടെ ഫിയര്‍ലെസ് ബാറ്റിങ് നിരയും പാക്കിസ്ഥാന്റെ ലോകോത്തര സ്പിൻ നിരയും തമ്മിലുള്ള ബാറ്റില്‍. ഉസ്മാൻ താരിഖ്, സയിം അയൂബ്, അബ്രാര്‍ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്. കൊളംബോയില്‍ പാക് വെല്ലുവിളികളെ അതിജീവിക്കാൻ സ്വാഭാവികമായുള്ള ആക്രമണ ശൈലിയെ പുറത്ത് വെക്കേണ്ടി വരും ഇന്ത്യക്ക്.
ഇങ്ങനെ പറയാനുള്ള പ്രധാന കാരണം ആര് പ്രേമദാസ സ്റ്റേഡിയത്തിന്റെ ബൗണ്ടറികളുടെ ഡയമെൻഷനും വിക്കറ്റിന്റെ സ്വഭാവുമാണ്. സ്ക്വയര്‍ ബൗണ്ടറികളുടെ ശരാശരി നീളം 75 മീറ്ററാണ്, സ്ട്രെയിറ്റ് ബൗണ്ടറി, മിഡ് വിക്കറ്റ്, എക്സ്ട്രാ കവര്‍ 85 മീറ്ററോളം. ഇന്ത്യ കളിച്ചുപരിചയിച്ചു പോന്ന മൈതാനങ്ങളില്‍ നിന്ന് അല്‍പ്പം വ്യത്യാസം. കൂറ്റനടികള്‍ക്ക് ഒരുങ്ങുമ്പോള്‍ കൃത്യമായ കണക്കുകൂട്ടലുണ്ടാകണം, ടൈമിങ്ങിന്റെ ചെറിയ അഭാവം പോലും പുറത്താകലിലേക്ക് നയിക്കുമെന്ന് ചുരുക്കം.
ഇനി വിക്കറ്റ്, പരമ്പരാഗതമായി ഇന്ത്യയിലേതിനേക്കാള്‍ വേഗത കുറവുള്ള വിക്കറ്റാണ് ശ്രീലങ്കയിലേത്. ഈ ലോകകപ്പില്‍ ഇന്ത്യയിലെ മൈതാനങ്ങളില്‍ പോലും കൂറ്റൻ സ്കോറുകള്‍ വിരളമായാണ് സംഭവിച്ചിട്ടുള്ളത്. ഇന്ത്യ-പാക്കിസ്ഥാൻ പോരിന് തിരഞ്ഞെടുത്തിരിക്കുന്ന വിക്കറ്റ് ഓസ്ട്രേലിയ-സിംബാബ്വെ മത്സരത്തിലെ വിക്കറ്റ് തന്നെയാണ്. സിംബാബ്വെ ഉയര്‍ത്തിയ 170 റണ്‍സ് എന്ന ഭേദപ്പെട്ട വിജയലക്ഷ്യം ഓസ്ട്രേലിയക്ക് മറികടക്കാൻ കഴിയാതെ പോയിരുന്നു. കൊളംബോയില്‍ ഡിസിപ്ലിനോടുകൂടി പന്തെറിഞ്ഞാല്‍ ഏത് കൊമ്പനേയും വീഴ്ത്താമെന്ന് സിംബാബ്വെ തെളിയിക്കുകയും ചെയ്തു.
ഇവിടെ ഇന്ത്യൻ ബാറ്റര്‍മാര്‍ക്ക് അനിവാര്യമായത് ക്ഷമയും വിക്കറ്റ് മനസിലാക്കിയുള്ള സമീപനവുമാണ്. ഈ ഒരു സമീപനം ലോകകപ്പില്‍ ഇന്ത്യക്കായി സ്വീകരിച്ചിട്ടുള്ളത് സൂര്യകുമാര്‍ യാദവും ഹാര്‍ദിക്ക് പാണ്ഡ്യയും മാത്രമാണ്. യുഎസ്എയ്ക്കും നമീബിയക്കും എതിരെ. രണ്ട് മത്സരങ്ങളിലും ഇന്ത്യയെ രക്ഷിച്ചതും ഇരുവരുടേയും ഇന്നിങ്സുകളായിരുന്നു. സൂര്യയുടേയും ഹാര്‍ദിക്കിന്റേയും ഏറ്റവും വലിയ മുൻതൂക്കം സ്പിന്നിനെതിരായ മികച്ച റെക്കോര്‍ഡാണ്. പ്രത്യേകിച്ചും ഹാര്‍ദിക്കിന്.
2024 ലോകകപ്പിന് ശേഷം ഹാര്‍ദിക്കിന്റെ സ്പിന്നര്‍മാര്‍ക്കെതിരായ സ്ട്രൈക്ക് റേറ്റ് 170ന് അടുത്താണ്. ശരാശരി 48. മൂന്നേ മൂന്ന് തവണ മാത്രമാണ് പുറത്തായിട്ടുള്ളത്. അതും 86 പന്തുകള്‍ക്കിടയില്‍. ലോകകപ്പിന് മുൻപ് സ്പിന്നിനെതിരെ അന്താരാഷ്ട്ര ട്വന്റി 20യില്‍ ഹാര്‍ദിക്കിന്റെ സ്ട്രൈക്ക് റേറ്റ് 105 ആയിരുന്നെന്നും ഓര്‍ക്കേണ്ടതുണ്ട്. സല്മാൻ അഗയ്ക്ക് ഉസ്മാൻ താരിഖാണ് ട്രമ്പ് കാര്‍ഡെങ്കില്‍ സൂര്യകുമാര്‍ യാദവിന് ഹാര്‍ദിക്ക് പാണ്ഡ്യ ആയിരിക്കും.
പ്രേമദാസയിലേതുപോലെ ടു പേസ്ഡായ, വേഗത കുറഞ്ഞ വിക്കറ്റുകളില്‍ പോലും അഗ്രസീവായി കളിക്കാൻ കഴിയുന്ന ബാറ്ററാണ് ഹാര്‍ദിക്കെന്ന് പില്ക്കാല മത്സരങ്ങള്‍ തെളിയിക്കുന്നു. ഇന്ത്യൻ ബാറ്റിങ് നിരയിലെ യഥാര്‍ത്ഥ സ്പിൻ ഡിമൊളിഷര് ഹാര്‍ദിക്ക് തന്നെയാണ്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ സാധാരണയേക്കാള്‍ പ്രാധാന്യമുണ്ട് വലം കയ്യൻ ബാറ്റര്‍ക്ക്.
പതിവ് പോലെ പവര്‍പ്ലേയിലെ ആധിപത്യം ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യ തുടര്‍ന്നേക്കും. കാരണം, എല്ലാ മത്സരങ്ങളിലും ഇന്ത്യക്ക് എഡ്ജ് നല്‍കുന്നത് കളിയിലെ ഈ ഫേസാണ്. പക്ഷേ, വിക്കറ്റുകള്‍ നിരന്തരം കൊഴിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയാല്‍ വാംഖഡയിലേയും അരുണ്‍ ജയ്റ്റ്ലിയിലേതും പോലെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ല. പാക്കിസ്ഥാന്റെ ലോകകപ്പിലെ യാത്രയും സമാനമാണ്, സഹീബ്സാദ ഫര്‍ഹാനെ അതിവേഗം മടക്കിയാല്‍ പാക് മധ്യനിര പരീക്ഷിക്കപ്പെടും, ഇന്ത്യക്ക് മുൻതൂക്കം നേടാനുള്ള അവസരവും അതായിരിക്കും.
ഇന്ത്യയുടെ ബാറ്റിങ്-ബൗളിങ് നിരയ്ക്കപ്പുറം പാക്കിസ്ഥാനെ സമ്മര്‍ദത്തിലേക്ക് തള്ളിവിടുന്നത് ചരിത്രമാണ്. 1-7 എന്ന നേര്‍ക്കുനേര്‍ കണക്കുകള്‍. അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയ ഏഷ്യ കപ്പില്‍ മൂന്ന് തവണയും ആധികാരികമായി പാക്കിസ്ഥാനെ ഇന്ത്യ കീഴടക്കിയിരുന്നു. ഇന്ത്യ പഠിച്ചെഴുതുമോ അതോ പാക്കിസ്ഥാന് എല്ലാത്തിനും മറുചോദ്യമുണ്ടാകുമോയെന്നും കൊളംബോ പറയും.
Powered by:



