ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഡക്കുകള്‍ ഇന്ത്യൻ താരങ്ങളുടെ പേരിലല്ല. പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയുടേയും ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്റേയും പേരിലാണ്

ഒരു പൂജ്യം, രണ്ട് പൂജ്യം, മൂന്ന് പൂജ്യം! ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ ഡക്കുകളെന്ന റെക്കോര്‍ഡ്. അതും തുടര്‍ച്ചയായി. അഭിഷേക് ശ‍ര്‍മയാണ് പട്ടികയിലെ പുതിയ എൻട്രി. അഭിഷേക് മാത്രമല്ല ഈ നാണേക്കേട് പേറുന്ന ഇന്ത്യൻ താരം. മറ്റൊരാളുകൂടിയുണ്ട്.

മുൻ ഇന്ത്യൻ പേസറായ ആശിഷ് നെഹ്റയാണ് അഭിഷേകിനൊപ്പമുള്ളത്. അഭിഷേകിനെപ്പോലെ തന്നെ തുടര്‍ച്ചയായാണ് നെഹ്റയുടേയും ഡക്കുകള്‍. എന്നാല്‍ അത് രണ്ട് വ്യത്യസ്ത ലോകകപ്പുകളിലായിരുന്നെന്ന് മാത്രം.

2010 ട്വന്റി 20 ലോകകപ്പിലാണ് ആദ്യ രണ്ട് ഡക്കുകള്‍ സംഭവിക്കുന്നത്. ഓസ്ട്രേലിയക്കും വെസ്റ്റ് ഇൻഡീസിനുമെതിരെ. രണ്ട് മത്സരങ്ങളിലും ഒരു മിനുറ്റില്‍ക്കൂടുതല്‍ ക്രീസില്‍ നില്‍ക്കാൻ നെഹ്റയ്ക്ക് കഴിഞ്ഞില്ല. തൊട്ടടുത്ത മത്സരങ്ങളിലായിരുന്നു ഈ രണ്ട് പുറത്താകലുകളും.

എന്നാല്‍, പിന്നീടൊരു ട്വന്റി 20 ലോകകപ്പില്‍ നെഹ്റയ്ക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിക്കുന്നത് 2016ലാണ്. ന്യൂസിലൻഡിനെതിരെ നാഗ്‌പൂരില്‍. അന്നും ഡക്ക് അവര്‍ത്തിച്ചു. കിവീസിനെതിരെ കേവലം 79 റണ്‍സിനായിരുന്നു ഇന്ത്യ ഓള്‍ ഔട്ടായത് തന്നെ. ഈ മൂന്ന് സന്ദര്‍ഭങ്ങളിലും ഇന്ത്യ തോല്‍ക്കുകയും ചെയ്തു.

പക്ഷേ, ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഡക്കുകള്‍ ഇന്ത്യൻ താരങ്ങളുടെ പേരിലല്ല. പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയുടേയും ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്റേയും പേരിലാണ്. അഞ്ച് വീതം തവണയാണ് ഇരുവരും റണ്ണൊന്നും എടുക്കാതെ മടങ്ങിയത്.