വിവോ, ഐക്യു സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് 'ഒറിജിൻ ഒഎസ് അപ്‌ഡേറ്റ്' എന്ന വ്യാജേനയുള്ള സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഈ തട്ടിപ്പ് വഴി ഫോണിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്ത് ബാങ്കിംഗ് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത ഡാറ്റ ചോർത്തുകയാണ് ലക്ഷ്യം.
തിരുവനന്തപുരം: നിങ്ങളുടെ സ്‌മാര്‍ട്ട്‌ഫോണിലേക്കും എത്തിയോ 'അര്‍ജന്‍റ് സിസ്റ്റം അപ്‌ഡേറ്റ്' എന്ന തരത്തിലുള്ള ഒരു സന്ദേശം? വിവോ, ഐക്യു സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പ് വ്യാപകമാണെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ് എന്ന വ്യാജേന അയക്കുന്ന സന്ദേശങ്ങൾ വഴിയാണ് തട്ടിപ്പ്. എന്താണ് ഈ തട്ടിപ്പ് എന്നും എങ്ങനെ ഇതില്‍ നിന്ന് രക്ഷപ്പെടാമെന്നും വിശദമായി അറിയാം.
കേരള പൊലീസിന്‍റെ മുന്നറിയിപ്പ് ചുവടെ
വിവോ (Vivo), iQ00 സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് 'ഒറിജിൻ ഒ എസ് അപ്‌ഡേറ്റ്' (OriginOS Update) എന്ന വ്യാജേന അയക്കുന്ന സന്ദേശങ്ങൾ വഴി മൊബൈൽ ഫോണുകളിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നതാണ് തട്ടിപ്പിന്‍റെ രീതി. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ 'അടിയന്തരമായി സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുക' (Urgent System Update Required) എന്ന തരത്തിലുള്ള പോപ്പ്-അപ്പ് സന്ദേശങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഇതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഔദ്യോഗിക അപ്‌ഡേറ്റിന് പകരം മാൽവെയർ അടങ്ങിയ എപികെ (APK) ഫയലുകൾ ഡൗൺലോഡ് ആകുന്നു.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്‍റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുകയും ക്യാമറ, മൈക്രോഫോൺ, എസ്എംഎസ്, കോൺടാക്‌ട് വിവരങ്ങൾ എന്നിവ ചോർത്തുകയും ചെയ്യുന്നു. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടാനാണ് സംഘം ലക്ഷ്യമിടുന്നത്. Settings മെനുവിലെ 'System Update' വഴി അല്ലാതെ ബ്രൗസർ വഴിയോ മെസേജുകൾ വഴിയോ വരുന്ന അപ്‌ഡേറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
'ഫോൺ ബ്ലോക്ക് ചെയ്യും' എന്ന രീതിയിൽ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ കണ്ടാൽ അവ പൂർണ്ണമായും അവഗണിക്കുക. ഫോണിലെ 'Install from Unknown Sources' എന്ന ഓപ്ഷൻ എപ്പോഴും ഓഫ് ചെയ്‌തു വെക്കുക. വിശ്വസനീയമായ ആന്‍റിവൈറസ് സോഫ്റ്റ്‌വെയറുകൾ മാത്രം ഫോണിൽ ഉപയോഗിക്കുക. അബദ്ധവശാൽ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഉടൻ തന്നെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുക. ഫോൺ സുരക്ഷാ ആപ്പുകൾ ഉപയോഗിച്ച് സ്‌കാൻ ചെയ്‌ത് അജ്ഞാതമായ ആപ്പുകൾ നീക്കം ചെയ്യുക. ബാങ്കിംഗ്, സോഷ്യൽ മീഡിയ പാസ്‌വേഡുകൾ മറ്റൊരു സുരക്ഷിത ഉപകരണം ഉപയോഗിച്ച് ഉടൻ മാറ്റുക.
തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ പരാതി നല്‍കാന്‍ മടിക്കരുത്
സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോ, https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.


