ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ 'പോളിഫേസിക് സ്ലീപ്' എന്ന പുതിയ ഉറക്ക രീതിയിലേക്ക് മാറുന്നതായി വെളിപ്പെടുത്തി. ജിപിടി-5.5 മോഡലിന്റെ അതിവേഗ പുരോഗതിയാണ് ഇതിന് കാരണമെന്നും, കോഡെക്‌സിലെ ഈ മുന്നേറ്റം കാരണം ഉറങ്ങിക്കളയാൻ തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു. എഐ മനുഷ്യരുടെ ജോലി രീതികളിൽ ഉണ്ടാക്കുന്ന സമ്മർദ്ദത്തിലേക്കാണ് ഈ പ്രസ്താവന വിരൽ ചൂണ്ടുന്നത്.

കാലിഫോര്‍ണിയ: എക്‌സിലെ പോസ്റ്റിൽ ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ നടത്തിയ വെളിപ്പെടുത്തൽ ടെക് ലോകത്ത് വലിയ ശ്രദ്ധ നേടുന്നു. ഉറക്കം പല ചെറിയ ഘട്ടങ്ങളായി വിഭജിക്കപ്പെടുന്ന ഉറക്കക്രമമായ 'പോളിഫേസിക് സ്ലീപ്' എന്ന ഉറക്ക രീതിയിലേക്ക് താൻ മാറുകയാണ് എന്നാണ് സാം അൾട്ട്‌മാൻ അറിയിച്ചിരിക്കുന്നത്. ഇതിന് കാരണം, അടുത്തിടെ കോഡെക്സിൽ അവതരിപ്പിച്ച ജിപിടി-5.5 മോഡലിന്റെ അതിവേഗ പുരോഗതിയാണെന്നും അദേഹം പറയുന്നു.

സാം ആൾട്ട്മാന്‍റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

കോഡെക്‌സിലുള്ള GPT-5.5 അത്രയും മികച്ചതാണ് എന്നും നീണ്ട സമയം ഉറങ്ങിക്കളയാൻ തനിക്ക് കഴിയുന്നില്ല എന്നുമാണ് സാം ആൾട്ട്മാൻ എക്‌സ് പോസ്റ്റിൽ പറഞ്ഞത്. കോഡെക്‌സ് ജോലി നഷ്‍ടപ്പെടും എന്ന തോന്നൽ (FOMO) ഉണ്ടാക്കുന്നു. ഈ പ്രസ്‍താവന, എഐ പുരോഗതി മനുഷ്യരുടെ ജോലി രീതികളിൽ ഉണ്ടാക്കുന്ന സമ്മർദ്ദം വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.

ഡെവലപ്പർമാർക്ക് കോഡ് എഴുതാനും പിഴവുകൾ കണ്ടെത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു എഐ ടൂൾ ആണ് കോഡെക്‌സ്. ജിപിടി-5.5 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സിസ്റ്റം, പ്രോഗ്രാമിംഗ് പ്രവർത്തനങ്ങളുടെ വേഗതയും കാര്യക്ഷമതയും വളരെയധികം വർധിപ്പിക്കുന്നു. ഇതോടെ ഉൽപ്പാദന ശേഷി ഉയരുമ്പോഴും കൂടുതൽ ജോലി ചെയ്യേണ്ടതിന്‍റെ സമ്മർദ്ദവും വർധിക്കുന്നുവെന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.

എഐ മനുഷ്യ തൊഴിൽ കുറയ്ക്കുമോ എന്ന ദീർഘകാല ചർച്ചയോടും സാം ആൾട്ട്മാന്റെ അഭിപ്രായങ്ങൾ ബന്ധപ്പെട്ടു കിടക്കുന്നു. ഈ കാലഘട്ടത്തിൽ ആളുകൾക്ക് ജോലി കുറയും എന്നും സാമ്പത്തിക സംവിധാനം തന്നെ തകരും എന്ന ആശങ്കകൾ അദേഹം മുമ്പ് പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ എഐ മനുഷ്യരെ പൂർണ്ണമായി മാറ്റിസ്ഥാപിക്കുന്നതല്ല, മറിച്ച് പ്രവർത്തന വേഗം കൂട്ടുന്ന ഒരു ഉപകരണമാണ് എന്ന് ആള്‍ട്ട്‌മാന്‍ സൂചിപ്പിക്കുന്നു.

ഓപ്പൺഎഐയുടെ കോഡെക്‌സ് പരീക്ഷണങ്ങള്‍

അതേസമയം, എൻവിഡിയയുമായി ചേർന്ന് ഓപ്പൺഎഐ കോഡെക്‌സിനെ വലിയ തോതിൽ പരീക്ഷിക്കുന്നുണ്ട്. എൻവിഡിയയുടെ GB200 NVL72 സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന കോഡെക്‌സ്, വലിയ സ്ഥാപനങ്ങളിൽ പോലും വിജയകരമായി ഉപയോഗിക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എൻവിഡിയ എഞ്ചിനീയർമാർക്ക് GPT-5.5 ഉപയോഗിച്ചുള്ള കോഡെക്‌സ് ചില ആഴ്‌ചകളായി ലഭ്യമായിരുന്നുവെന്നും ഫലങ്ങൾ ശ്രദ്ധേയമാണെന്നും കമ്പനി അറിയിച്ചു.

എഐ വേഗത്തിൽ വികസിക്കുന്ന ഈ ഘട്ടത്തിൽ, സാം ആൾട്ട്മാന്‍റെ പ്രസ്‍താവനകൾ മനുഷ്യ ജോലിയുടെ ഭാവി, ഉൽപ്പാദന സമ്മർദ്ദം, ഉറക്കം പോലും ബാധിക്കുന്ന തൊഴിൽ സംസ്‍കാരം എന്നിവയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News