ശമ്പളം അഞ്ചിരട്ടിയായി വർദ്ധിച്ചു, പക്ഷേ സന്തോഷം അതിനനുസരിച്ച് കുറഞ്ഞു കൊണ്ടിരിക്കുകയാണ് എന്ന് സിംഗപ്പൂരിൽ നിന്നുള്ള ഇന്ത്യൻ യുവാവ്. സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാവുന്നു.

സാമ്പത്തികമായിട്ടുള്ള വിജയം നമുക്ക് എല്ലായ്പ്പോഴും സന്തോഷം നൽകണമെന്നില്ലെന്നാണ് സ്വന്തം ജീവിതാനുഭവത്തിലൂടെ സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ഈ ഇന്ത്യൻ യുവാവ് പറയുന്നത്. അമൻ എന്ന യുവാവാണ് സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സിംഗപ്പൂരിലേക്ക് മാറിയ ശേഷം തന്റെ ശമ്പളം അഞ്ചിരട്ടിയായി വർദ്ധിച്ചെങ്കിലും ജീവിതത്തിലെ സന്തോഷം അതുപോലെ കുറഞ്ഞുവെന്നാണ് അമൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ കുറിപ്പിൽ പറയുന്നത്. ഇതിനെ ‘വിജയത്തിന്റെ വിഷാദം’ എന്നാണ് അമൻ വിശേഷിപ്പിക്കുന്നത്. സീനിയർ മെഷീൻ ലേണിംഗ് എഞ്ചിനീയറായി ജോലി നോക്കുകയാണ് അമൻ.

സിംഗപ്പൂർ സുരക്ഷിതവും വൃത്തിയുള്ളതുമായ രാജ്യമാണെങ്കിലും അവിടുത്തെ ജീവിതം വളരെ കൃത്രിമമായി തോന്നുന്നുവെന്നാണ് അമന്റെ അഭിപ്രായം. ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡ്ഡും അവിടുത്തെ വൈവിധ്യമാർന്ന കാഴ്ചകളും താൻ മിസ്സ് ചെയ്യുന്നുണ്ടെന്ന് യുവാവ് പോസ്റ്റിൽ പറയുന്നു. ഇന്ത്യയിലായിരുന്നപ്പോൾ സ്വന്തമായി കാർ ഉണ്ടായിരുന്നതായും എപ്പോൾ വേണമെങ്കിലും അതുമായി പുറത്ത് പോകാമായിരുന്നു എന്നും അമൻ ഓർക്കുന്നു. എന്നാൽ, സിംഗപ്പൂരിൽ കാർ വാങ്ങുന്നത് വലിയ ചെലവുള്ള കാര്യമാണ്. പൊതു​ഗതാ​ഗത സൗകര്യം മികച്ചതാണെങ്കിലും അത് സ്വന്തം കാർ ഓടിക്കുന്ന സ്വാതന്ത്ര്യം നൽകുന്നില്ല എന്നാണ് അമൻ പറയുന്നത്.

View post on Instagram

ആളുകൾക്കിടയിലുള്ള ഇടപെടലുകൾ പോലും മുൻകൂട്ടി നിശ്ചയിച്ച കലണ്ടറുകൾ പ്രകാരമാണ് നടക്കുന്നത്. സ്വാഭാവികമായ ഒത്തുചേരലുകൾ അവിടെ കുറവാണെന്നും പോസ്റ്റിൽ പറയുന്നു. പണം സമ്പാദിക്കുന്നതിനേക്കാൾ ജീവിതം ആസ്വദിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് താൻ ഇപ്പോൾ തിരിച്ചറിയുന്നുവെന്നും അമൻ തന്റെ പോസ്റ്റിൽ കുറിച്ചു. 'ഒന്നാം ലോക രാജ്യത്ത്' ജീവിക്കുന്നത് 'ഒന്നാം ലോക ഏകാന്തത'യുമായി ജീവിക്കുന്നത് പോലെയാണ് എന്നാണ് ക്യാപ്ഷനിൽ അമൻ പറയുന്നത്. അതേസമയം, പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ പലരും അതിന് കമന്റുകളുമായി എത്തുകയും ചെയ്തു. പലരും അമന്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടെങ്കിലും, മറ്റു ചിലർ പറയുന്നത്, സാമ്പത്തിക ഭദ്രതയാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം എന്നാണ്.