പാരീസിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവ് ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. യൂറോപ്പിലും ഇന്ത്യയിലും ജോലി കണ്ടെത്തുന്നതിലെ വ്യത്യാസങ്ങളെ കുറിച്ചാണ് യുവാവ് പറയുന്നത്. യൂറോപ്പില്‍ ജോലി കണ്ടെത്തുക പ്രയാസമാണ് എന്നാണ് യുവാവ് പറയുന്നത്. 

ഇന്ത്യയിലും യൂറോപ്പിലും ജോലി കണ്ടെത്തുന്നതിലെ പ്രധാന വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ഒരു ഇന്ത്യൻ യുവാവ് പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. പാരീസിൽ താമസിക്കുന്ന പരസ് എന്ന യുവാവാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വിദേശത്ത് ജോലി അന്വേഷിക്കുന്ന പ്രൊഫഷണലുകളും വിദ്യാർത്ഥികളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് യുവാവ് പറയുന്നത്. ഇന്ത്യയിലെ കോളേജുകളിൽ സാധാരണയായി കാണാറുള്ള ക്യാമ്പസ് പ്ലേസ്‌മെന്റ് യൂറോപ്പിൽ ഇല്ലെന്നതാണ് പ്രധാന വ്യത്യാസമായി പരസ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ മികച്ച മാർക്കും കഴിവും ഒക്കെയുണ്ടെങ്കിൽ ക്യാംപസ് പ്ലേസ്മെന്റ് വഴി ജോലി ഉറപ്പാക്കാം. എന്നാൽ യൂറോപ്പിൽ അതില്ല. ജോബ് ഫെയറുകൾ നടക്കാറുണ്ടെങ്കിലും അതുകൊണ്ട് മാത്രം കാര്യമില്ലെന്നും യുവാവ് പറയുന്നു.

വിദേശ രാജ്യങ്ങളിൽ ജോലി നേടുന്നതിൽ നെറ്റ്‌വർക്കിങ് വഹിക്കുന്ന പങ്കിനെക്കുറിച്ചും യുവാവ് എടുത്തുപറയുന്നു. പ്രൊഫഷണലുകളുമായി ബന്ധപ്പെടാൻ ലിങ്ക്ഡ്ഇൻ കൃത്യമായി ഉപയോഗിക്കണം. ഏകദേശം 90 ശതമാനം ജോലികളും നടക്കുന്നത് ഇത്തരം പ്രൊഫഷണൽ ബന്ധങ്ങളിലൂടെയാണ്. അതുപോലെ, ആളുകളോട് സംസാരിക്കാനും നിങ്ങളുടെ കഴിവുകൾ അവരെ ബോധ്യപ്പെടുത്താനും കഴിയണം. ആളുകളുമായി സംസാരിക്കുന്നുണ്ടെന്നും നിങ്ങളുടെ പോയിന്റുകൾ കൃത്യമായി അവതരിപ്പിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. മികച്ച രീതിയിലുള്ള ആശയവിനിമയത്തിലൂടെ അവരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ ജോലി ലഭിക്കൂ എന്നും പരസ് പറയുന്നു.

View post on Instagram

ഇന്ത്യയിലെ പോലെ അഞ്ചും ആറും റൗണ്ട് നീളുന്ന കഠിനമായ ഇന്റർവ്യൂ അല്ല യൂറോപ്പിലേത്. മിക്ക കമ്പനികളിലും രണ്ടോ മൂന്നോ റൗണ്ട് ഇന്റർവ്യൂകൾ മാത്രമേ ഉണ്ടാകൂ. അതുപോലെ, ഈ റൗണ്ടുകൾ കഴിഞ്ഞാൽ ഓഫീസിന് പുറത്ത് കഫേകൾ പോലെയുള്ള ഇടങ്ങളിൽ വച്ചും കൂടിക്കാഴ്ചകൾ യൂറോപ്പിൽ നടക്കാറുണ്ട്. ഉദ്യോഗാർത്ഥിയുടെ യഥാർത്ഥ വ്യക്തിത്വം മനസ്സിലാക്കാനായി കമ്പനികൾ ഇതുവഴി ശ്രമിക്കാറുണ്ടെന്നും യുവാവ് പറഞ്ഞു. 'യൂറോപ്പിൽ എങ്ങനെ ജോലി കണ്ടെത്താം' എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. യൂറോപ്പിൽ ജോലി അന്വേഷിക്കുന്നവർക്ക് സഹായകമാണ് ഈ വീഡിയോ എന്ന് പലരും അഭിപ്രായപ്പെട്ടു.