ബെംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ വിനോദയാത്രക്കെത്തിയ രണ്ട് മലയാളി സ്ത്രീകളും ഉൾപ്പെടുന്നു. ഷോപ്പിംഗിനിടെ മഴയിൽ നിന്ന് രക്ഷനേടാൻ നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

ബെംഗളൂരുവിൽ കനത്ത മഴയിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബുധനാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണാണ് മരണം സംഭവിച്ചത്. ഈ സമയം സ്ഥലത്ത് ഷെപ്പിംഗിനെത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലതയും സ്മിതയും മഴ നനയാതിരിക്കാൻ മറ്റുള്ളവർക്കൊപ്പം സമീപത്ത് വലിച്ച് കെട്ടിയ ടാർപോളിന്‍റെ കീഴിലേക്ക് മാറി നിൽക്കുകയായിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി മതിൽ ഇടിഞ്ഞ് വീണ് അതിനിടയിൽപ്പെട്ട് ഇരുവരും മരിച്ചത്.

സങ്കട കാഴ്ച 

ഇടിഞ്ഞ് വീണ മതിലിനോടൊപ്പം മറിഞ്ഞ് കിടക്കുന്ന നിരവധി വസ്തുക്കൾ ചിതറിക്കിടക്കുന്നത് വീഡിയോയിൽ കാണാം. കല്ലുകൾക്ക് മുകളിലായി ഒരു ഉന്തുവണ്ടിയും മറിഞ്ഞ് കിടക്കുന്നത് കാണാം. മതിലിനോടൊപ്പം മണ്ണും റോഡിലേക്ക് ഇടിഞ്ഞ് വീണു. ഇതോടെ ആശുപത്രിയുടെ തറയോടൊപ്പമുള്ള മണ്ണും റോഡിലേക്ക് ഇടിഞ്ഞ് വീണ നിലയിലാണ്. കൂട്ടിയിട്ടത് പോലെ റോഡിൽ കിടക്കുന്ന അവശിഷ്ടങ്ങൾ മാറ്റുന്നതിനിയി എത്തിയ അഗ്നിശമന സേനാംഗങ്ങളും മറ്റുള്ളവരും സമീപത്ത് തന്നെ നിൽക്കുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം ആളുകളെ അതിനകം അവിടെ നിന്നും മാറ്റിയിരുന്നുവെന്ന് വീഡിയോയിൽ വ്യക്തം.

Scroll to load tweet…

ഏട്ട് മരണം

ബെംഗളൂരുവിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ ആകെ എട്ട് പേരാണ് മരിച്ചത്. അതിൽ ഒരാൾ വേഗ സിറ്റി മാളിൽ നടന്ന ഒരു അപകടത്തിലും ബാക്കി ഏഴ് പേർ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണുമാണ് മരിച്ചത്. ഇതിൽ അഞ്ച് പേർ തെരുവ് കച്ചവടക്കാരും രണ്ട് പേർ മലയാളികളുമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്ഥലം സന്ദർശിക്കവെ മാധ്യമങ്ങളോട് പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മതിൽ ഇടിഞ്ഞുവീണ് മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകത്തിൽ മൂന്ന് കുട്ടികളുമുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു.

വിനോദ യാത്രാ സംഘം

എറണാകുളം രാമമംഗലത്തിൽ നിന്ന് ബെംഗളൂരുവിൽ വിനോദസഞ്ചാരത്തിന് എത്തി 53 അംഗ സംഘത്തിലെ രണ്ട് പേരാണ് മരിച്ച ലതയും സ്മിതയും. രാവിലെ ബെംഗളൂരുവിലെത്തിയ സംഘം പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഷോപ്പിംഗിനായി പല വഴി പിരിഞ്ഞു. ഇതിൽ ലത, സ്മിത, മായ, പ്രീതി, സിജി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘം ഒന്നിച്ചാണ് ഷോപ്പിംഗിന് ശിവാജി നഗറിലെത്തിയത്. അപ്രതീക്ഷിതമായി മഴ പെയ്തപ്പോൾ ഇവർ സമീപത്ത് കെട്ടിയ ടാർപാലിന്‍റെ അടിയിലേക്ക് കയറി നിൽക്കുകയായിരുന്നു. ഇവിടെ തെരുവ് കച്ചവടക്കാരായിരുന്നു ഉണ്ടായിരുന്നത്. പെട്ടെന്നാണ് ഈ ഭാഗത്തെ പഴക്കം ചെന്ന മതിൽ ഇടിഞ്ഞ് ആളുകളുടെ മുകളിലേക്ക് വീണത്. മായയ്ക്കും പ്രീതിയ്ക്കും സാരമായ പരിക്കേറ്റപ്പോൾ സിജിയുടെ നട്ടെല്ലിനാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ മാഴയും പ്രീതിയും ഇന്ന് നാട്ടിലേക്ക് തിരിക്കും അതേസമയം സിജിയുടെ പരിക്ക് ഗുരുതരമായതിനാൽ ചികിത്സയ്ക്ക് ശേഷമാകും മടക്കം.