കാർഡിയാക് സർജ്ജനാകാൻ പഠിക്കുന്ന യുവതിക്ക് അറേഞ്ച്ഡ് വിവാഹത്തിനായുള്ള പെണ്ണുകാണൽ ചടങ്ങിനിടെ നേരിടേണ്ടി വന്ന വിചിത്രമായ ചോദ്യങ്ങളെക്കുറിച്ച് സുഹൃത്ത് പങ്കുവെച്ച വീഡിയോ വൈറൽ. 30 പേർക്ക് പാചകം ചെയ്യാനറിയുമോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ നേരിടേണ്ടിവന്നു.
ഇന്ത്യയിൽ ഇന്നും വരന്‍റെയും വധുവിന്‍റെയും വീട്ടൂകാർ ആലോചിച്ച് ഉറപ്പിക്കുന്ന അറേഞ്ചിഡ് വിവാഹങ്ങളാണ് ഏറ്റവും കൂടുതൽ. എന്നാല്‍ അത്തരമൊരു അറേഞ്ച്ഡ് വിവാഹത്തിനായി ഒരു പെണ്ണുകാണൽ ചടങ്ങിന് ഒരുങ്ങി നിൽക്കേണ്ടിവന്ന ഒരു കാർഡിയാക് സർജ്ജന്‍ നേരിട്ട ചോദ്യങ്ങൾ വിവരിച്ച് കൊണ്ട് ഒരു സുഹൃത്ത് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചപ്പോൾ അത് വൈറൽ.
കാർഡിയാക് സർജ്ജന്‍ നേരിട്ട ചോദ്യങ്ങൾ
നിധി രതി എന്ന ഇന്‍സ്റ്റാഗ്രാം ഇന്‍ഫുവന്‍സറാണ് വീഡിയോ പങ്കുവച്ചത്. നാളത്തെ കാർഡിയാക് സർജ്ജനും തന്‍റെ സുഹൃത്തായ ഒരു യുവതി പെണ്ണുകാണൽ ചടങ്ങുകൾക്കിടെ നേരിടേണ്ടി വന്ന അസുഖകരമായ മൂന്ന് ചോദ്യങ്ങളെ കുറിച്ച് നിധി തന്‍റെ വീഡിയോയിൽ പറയുന്നു. കാർഡിയാക് സർജ്ജനാകാനുള്ള തയ്യാറെടുപ്പിലായിരുന്നിട്ടും അവളുടെ പ്രൊഫഷണൽ നേട്ടങ്ങളെ കുറിച്ച് ചോദിക്കാതെ തികച്ചും പിന്തിരിപ്പൻ ചോദ്യങ്ങളാണ് വരൻറെ ബന്ധുക്കൾ ചോദിച്ചതെന്ന് നിധി പറയുന്നു.
30 പേർക്ക് വേണ്ടി പാചകം ചെയ്യാൻ കഴിയുമോ എന്നായിരുന്നു അതിൽ ഒരു ചോദ്യം. മകന് പാചകത്തെക്കുറിച്ചോ വീട്ടുജോലികളെക്കുറിച്ചോ യാതൊരു അറിവുമില്ലെന്നും പറഞ്ഞ അവർ സ്ത്രീകളുടെ കരിയർ എന്തുതന്നെയായാലും പചകമടക്കമുള്ള വീട്ടു ജോലികൾ സ്ത്രീകൾ ചെയ്യണമെന്നായിരുന്നു അവരുടെ പക്ഷം. വിവാഹശേഷം സ്വന്തം മാതാപിതാക്കളെ പരിപാലിക്കാനുള്ള ആഗ്രഹം സുഹൃത്ത് പ്രകടിപ്പിച്ചതിനാലാണ് അവളുടെ ഒരു വിവാഹാലോചന മുടങ്ങിയത്. സ്ത്രീകൾ വിവാഹം കഴിഞ്ഞാൽ ഭർത്താവിന്‍റ വീട്ടിൽ നിൽക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. മറ്റൊരു ആലോചന മുടങ്ങാൻ കാരണം വിവാഹം കഴിക്കണമെങ്കിൽ ടാറ്റൂ നീക്കം ചെയ്യണമെന്ന് വരൻ ആവശ്യപ്പെട്ടതായിരുന്നു.
രൂക്ഷ പ്രതികരണം
നിധിയുടെ മൂന്ന് കാരണങ്ങളും രൂക്ഷമായ പ്രതിഷേധത്തിനാണ് വഴി തെളിച്ചത്. ഇന്ത്യൻ പാട്രിയാർക്കി അധികാരത്തിൽ നിന്നുള്ള ചോദ്യങ്ങളാണ് അവ മൂന്നുമെന്ന് നിരവധി പേരെഴുതി. മെഡിക്കൽ മേഖലയിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പേരാണ് വീഡിയോയോട് പ്രതികരിച്ചത്. തങ്ങളുടെ വിവാഹാലോചനാ സമയത്തും ഇത്തരം ചോദ്യം നേരിടേണ്ടിവന്നെന്ന് ചിലർ തുറന്നെഴുതി. സ്വാതന്ത്ര്യവും സ്വന്തം കരിയറും മാത്രം ശ്രദ്ധിക്കുകയെന്നും ഇത്തരം നിയന്ത്രണങ്ങളുള്ള കുടുംബങ്ങളിലേക്ക് വിവാഹിതരായി പോകുന്നതിലും നല്ലത് അവിവാഹിതരായിരിക്കുന്നതാണെന്നായിരുന്നു ചിലരുടെ ഉപദേശം.


