ഓഫീസിൽ വരാൻ കഴിയില്ലെന്ന് അറിയിച്ചതിന് പിന്നാലെ മാനേജരിൽ നിന്ന് ഭീഷണിയും അധിക്ഷേപവും നേരിട്ടെന്ന് ജീവനക്കാരൻ. മുതിര്‍ന്ന, ജോലിയുള്ള തന്നോട് അച്ഛനെ വിളിച്ച് പറയുമെന്നുവരെ ഭീഷണിപ്പെടുത്തിയെന്നും യുവാവ്.
ജോലിസ്ഥലത്തെ മാനേജരുടെ മോശം പെരുമാറ്റത്തെയും ഭീഷണികളെയും കുറിച്ച് ഒരാൾ റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഓഫീസിൽ വരാൻ കഴിയില്ലെന്ന് കാണിച്ച് താൻ അയച്ച ഒരു മെസ്സേജിന് മാനേജരിൽ നിന്ന് ലഭിച്ച പ്രതികരണം ഭീഷണികളുടെയും അധിക്ഷേപങ്ങളുടെയും പെരുമഴയായിരുന്നുവെന്ന് ജീവനക്കാരൻ പറയുന്നു. തന്റെ അച്ഛനെ വിളിക്കുമെന്ന ഭീഷണി ഉൾപ്പെടെ മാനേജരിൽ നിന്ന് ലഭിച്ച മെസ്സേജുകളുടെ സ്ക്രീൻഷോട്ടുകൾ ജീവനക്കാരൻ പുറത്തുവിട്ടു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, ആദ്യ ദിവസം മുതൽ തന്നെ സഹപ്രവർത്തകരെ മാനസികമായി തളർത്തുന്ന രീതിയിലാണ് മാനേജർ പെരുമാറുന്നതെന്നും ഇദ്ദേഹം ആരോപിക്കുന്നു. സംസ്കാരത്തെക്കുറിച്ച് വലിയ വാചകമടിക്കുന്ന മാനേജർ, ലീവ് ചോദിക്കുമ്പോൾ തനിനിറം പുറത്തെടുക്കുമെന്നും, താൻ പറയുന്നത് മാത്രമാണ് ശരിയെന്ന വാശിയിലാണെന്നും ജീവനക്കാരൻ കുറ്റപ്പെടുത്തി. ശമ്പളം തടഞ്ഞുവെക്കുമെന്നും പിരിച്ചുവിടുമെന്നും മാനേജർ ഭീഷണിപ്പെടുത്തിയതായും ഇദ്ദേഹം വ്യക്തമാക്കി.
ഈ വെളിപ്പെടുത്തലിന് അനുകൂലമായും പ്രതികൂലമായും നിരവധിപേരാണ് രംഗത്തെത്തിയത്. ഇത്തരം ടോക്സിക് തൊഴിലിടത്തിൽ നിന്ന് മാറിനിന്നത് നന്നായെന്നും, നിയമനടപടികളുമായി മുന്നോട്ട് പോകണമെന്നും ചിലർ ഉപദേശിക്കുമ്പോൾ, ഈ വിഷയത്തിൽ പൂർണ്ണമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും ജീവനക്കാരന്റെ ഭാഗത്തും തെറ്റുണ്ടാകാൻ സാധ്യതയുണ്ടെന്നും ഒരു വിഭാഗം വാദിക്കുന്നു. സ്ക്രീൻഷോട്ടുകൾ വെട്ടിയൊതുക്കി തനിക്ക് അനുകൂലമായ ഭാഗങ്ങൾ മാത്രം കാണിക്കാനാണ് ജീവനക്കാരൻ ശ്രമിക്കുന്നതെന്നും, ചിലർ അഭിപ്രായപ്പെട്ടു.
വിമർശനങ്ങൾക്കിടയിലും, താൻ ഇതിനകം മികച്ച മറ്റൊരു തൊഴിലിടവും നല്ലൊരു ബോസിനെയും കണ്ടെത്തിക്കഴിഞ്ഞുവെന്ന് ജീവനക്കാരൻ വ്യക്തമാക്കി. അതേസമയം, സഹപ്രവർത്തകർക്കും ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകാതിരിക്കാൻ മാനേജരുടെ ഈ പെരുമാറ്റം തുറന്നുകാട്ടേണ്ടതുണ്ടെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. തെളിവുകൾ ഭദ്രമായി സൂക്ഷിക്കണമെന്നും, നിയമപരമായ സഹായം തേടണമെന്നും നിർദ്ദേശങ്ങൾ ഉയരുന്നുണ്ട്. എന്തായാലും, ഒരു തൊഴിലിടത്തിലെ അധികാര ദുർവിനിയോഗത്തെക്കുറിച്ചുള്ള ഈ ചർച്ച സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
