ഒരു കരിയർ കൗൺസിലർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 8 മാസം പ്രായമുള്ള കുഞ്ഞുമായി അഭിമുഖത്തിനെത്തിയ സ്ത്രീയെക്കുറിച്ചും, സമ്മർദ്ദത്തിനിടയിലും അവർ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ കുറിച്ചുമാണ് പോസ്റ്റില്‍ പറയുന്നത്.
ചെറിയ കുട്ടികളുള്ള സ്ത്രീകളെ പല കമ്പനികളും മുൻവിധിയോടെ കാണാറുണ്ട്. അവർ ജോലിയിൽ അലംഭാവം കാണിക്കും എന്നാണ് പലരും ധരിക്കുന്നത്. പക്ഷേ, അമ്മമാരാവുക എന്നാൽ വലിയ ഉത്തരവാദിത്തം തന്നെയാണ്. അവർക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാവാറുമുണ്ട്. അപ്പോഴും പലരും ജോലിസ്ഥലത്തും അതുപോലെ നന്നായി തന്നെ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാറുമുണ്ട്. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ഒരു കരിയർ കൗൺസിലർ പങ്കുവയ്ക്കുന്നത്. X -ൽ (ട്വിറ്റർ) @Simon_Ingari എന്ന യൂസർ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ പറയുന്നത്, ഒരു ഇന്റർവ്യൂ ചെറിയ കുഞ്ഞുങ്ങളുള്ള സ്ത്രീകളെ ജോലിയിൽ നിയമിക്കുന്നതിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് എങ്ങനെ മാറ്റിമറിച്ചു എന്നാണ്.
പോസ്റ്റിൽ പറയുന്നത്, തനിക്ക് രാത്രി 11 മണിക്ക് ഒരു മെസ്സേജ് ലഭിച്ചു എന്നാണ്. അത് അയച്ചത് പിറ്റേന്ന് ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ഒരു സ്ത്രീയായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് 2 മണിക്കായിരുന്നു അവർക്ക് അഭിമുഖം. എന്നാൽ, സാഹചര്യം കാരണം അവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാൻ ആളില്ലാതെ വന്നു. കുഞ്ഞിനെ കൂടി ഇന്റർവ്യൂവിന് വരുമ്പോൾ കൊണ്ടുവന്നോട്ടെ എന്നായിരുന്നു യുവതി ചോദിച്ചത്. തങ്ങളുടെ കരിയറിന്റെ തുടക്കത്തിൽ, ഇത് പ്രൊഫഷണലല്ലാത്ത ഒരു കാര്യമായിട്ടാണ് കണ്ടിരുന്നത്, പക്ഷേ, ഇത്തവണ പിറ്റേന്ന് കുട്ടിയുമായി വരാനും അഭിമുഖത്തിൽ പങ്കെടുക്കാനും യുവതിയോട് പറയുകയാണ് താൻ ചെയ്തത് എന്ന് പോസ്റ്റിൽ പറയുന്നു.
പിറ്റേന്ന് അവർ കുട്ടിയുമായി അഭിമുഖത്തിനെത്തി. അഭിമുഖത്തിനിടെ കുട്ടി കരഞ്ഞു. എന്നാൽ, കുട്ടിയെ ആശ്വസിപ്പിച്ചും കൈകാര്യം ചെയ്തും ഇന്റർവ്യൂവിലെ സങ്കീർണമായ ചോദ്യങ്ങൾക്ക് ആ യുവതി ഉത്തരം പറഞ്ഞു. വളരെ നന്നായിട്ടാണ് അവർ ആ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തത്. അങ്ങനെയൊരാളെയാണ് തങ്ങൾക്ക് ജോലിക്ക് വേണ്ടിയിരുന്നത്, അത്രയും സമ്മർദ്ദം വരുന്ന സമയത്തും എല്ലാ കാര്യങ്ങളും നന്നായി കൈകാര്യം ചെയ്യാനാവുന്ന ഒരാളെ എന്നതുകൊണ്ട് അവരെ ജോലിക്കെടുത്തതായും പോസ്റ്റിൽ പറയുന്നു.
ഇപ്പോൾ ഒരു വർഷമായി ആ യുവതി തങ്ങൾക്കൊപ്പം ജോലി ചെയ്യുന്നു എന്നും ടീമിലെ വളരെ വിശ്വസിക്കാനാവുന്ന ഒരാളാണ് അവർ എന്നും പോസ്റ്റിൽ കാണാം. 'നിങ്ങൾ ജോലിക്കെടുക്കുന്നവരിൽ ഏറ്റവും കാര്യക്ഷമമായി, ഏറ്റവും സ്ഥിരതയോടെ, കൃത്യതയോടെ ജോലി ചെയ്യുന്നവർ അമ്മമാരായ സ്ത്രീകളായിരിക്കും' എന്നാണ് പോസ്റ്റിൽ പറയുന്നത്. വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് ശ്രദ്ധ നേടി. വളരെ വളരെ ശരിയാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യം എന്നാണ് പലരും കമന്റിൽ കുറിച്ചത്.
