ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ഗ്രീക്ക് യോഗർട്ടിന് വന്‍ ഡിമാൻഡ്. ഒരു വൈറൽ ടിക്ടോക് റെസിപ്പിയും പ്രോട്ടീൻ വർദ്ധിപ്പിക്കാനുള്ള ട്രെൻഡുമാണ് ഇതിന് പിന്നിൽ എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 

ഓസ്ട്രേലിയയിലെ പല സൂപ്പർ മാർക്കറ്റുകളിലും ​ഗ്രീക്ക് യോ​ഗർട്ടിന് വൻ ഡിമാൻഡ്. വിൽക്കാൻ വച്ച ഉടനെ തന്നെ അലമാരകൾ കാലിയാവുകയാണത്രെ. ഈ ഡിമാൻഡിന് പിന്നിൽ ഒരു വൈറൽ ടിക്ടോക് ട്രെൻഡാണ് എന്നാണ് യുഎൻഎസ്ഡബ്ല്യു (University of New South Wales ) ബിസിനസ് സ്കൂൾ പറയുന്നത്. ഈ വർഷം തുടക്കത്തിൽ വൂൾവർത്ത്‌സ്, കോൾസ്, ആൽഡി തുടങ്ങിയ സൂപ്പർമാർക്കറ്റുകളിൽ യോ​ഗർട്ടിന് വൻക്ഷാമം ആയിരുന്നു. 'ജാപ്പനീസ് ചീസ് കേക്ക്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു റെസിപ്പി ട്രെൻഡായി മാറിയതോടെയാണ് യോ​ഗർട്ടിന് ഡിമാൻഡ് കൂടിയത്. ഗ്രീക്ക് യോഗർട്ടും ബിസ്കോഫ് ബിസ്കറ്റും ചേർത്ത് ആറ് മണിക്കൂർ ഫ്രിഡ്ജിൽ വെച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്. വളരെ പെട്ടെന്നാണ് ഈ റെസിപ്പി ആളുകളെ കീഴടക്കിയത്.

ശരീരത്തിൽ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രോട്ടീൻ-മാക്സിംഗ് ട്രെൻഡും ഗ്രീക്ക് യോഗർട്ടിന്റെ ഡിമാൻഡ് കൂട്ടി. യുഎൻഎസ്ഡബ്ല്യു കൺസ്യൂമർ സൈക്കോളജിസ്റ്റ് പ്രൊഫസർ നിതിക ഗാർഗ് പറയുന്നത്, ഇൻഫ്ലുവൻസർമാർ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ, അത് അനുകരിക്കാൻ മറ്റുള്ളവരും ആഗ്രഹിക്കുന്നു. അങ്ങനെയാണ് ഇത് ട്രെൻഡാവുന്നതും ഡിമാൻഡ് വർധിക്കുന്നതും എന്നാണ്.

അതുപോലെ, പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ആളുകൾക്ക് താൽപ്പര്യമുണ്ട്. പ്രത്യേകിച്ച് തങ്ങൾ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളോ ഇൻഫ്ലുവൻസർമാരോ ഒരു കാര്യം പറയുമ്പോൾ അത് ചെയ്യാൻ ആളുകൾക്ക് താൽപ്പര്യം കൂടും. ഇതും ഈ റെസിപ്പി ട്രെൻഡാവാൻ കാരണമായി. മറ്റുള്ളവർ ഒരു കാര്യം ചെയ്യുമ്പോൾ താൻ മാത്രം അത് ചെയ്യുന്നില്ലേ എന്ന തോന്നലും ആളുകളെ ഈ റെസിപ്പി പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. അതേസമയം, ഇത് ആരോ​ഗ്യകരമാണോ എന്നൊന്നും നോക്കാതെയാണ് ആളുകൾ വൈറൽ ട്രെൻഡുകൾ പിന്തുടരുന്നത് എന്നാണ് ​ഗാർ​ഗ് പറയുന്നത്.