സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന 'ഡിവോഴ്സ് ഡസ്റ്റ്'  എന്ന വിദ്യ കള്ളത്തരം കാണിക്കുന്ന പങ്കാളികൾക്ക് വലിയ പണിയാണ് നൽകുന്നത്. വെറുമൊരു മേക്കപ്പ് ട്രെൻഡ് എന്നതിലുപരി,  ഒരു സൈലന്റ് ഇൻവെസ്റ്റിഗേഷൻ ടൂളായി മാറിയിരിക്കുകയാണ് ഈ ബോഡി ഗ്ലിറ്റർ.

ആധുനിക ഡേറ്റിംഗ് ലോകത്ത് വഞ്ചനകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അവിശ്വസ്തരായ പങ്കാളികളെ കണ്ടെത്താൻ പുതിയൊരു തന്ത്രവുമായി യുവതികൾ. സോഷ്യൽ മീഡിയയിൽ വൈറലായ 'ഡിവോഴ്സ് ഡസ്റ്റ്' എന്ന ട്രെൻഡാണ് ഇപ്പോൾ ചർച്ചാവിഷയം. കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും വിവാഹിതരായ പുരുഷന്മാർ അവിവാഹിതരാണെന്ന് നടിച്ച് ഡേറ്റിംഗിന് വരുന്നത് തടയുക എന്നതാണ് ഈ ഗ്ലിറ്റർ പ്രയോഗത്തിന്റെ ലക്ഷ്യം.

എന്താണ് ഈ 'ഗ്ലിറ്റർ വിദ്യ'?

ഡേറ്റിംഗിന് പോകുന്നതിന് മുൻപ് യുവതികൾ ശരീരത്തിൽ ഗ്ലിറ്റർ അല്ലെങ്കിൽ ഷിമ്മർ പൗഡറുകൾ ധാരാളമായി ഉപയോഗിക്കുന്നതാണ് ഈ രീതി. ഇതിനെയാണ് 'ഡിവോഴ്സ് ഡസ്റ്റ്' എന്ന് വിശേഷിപ്പിക്കുന്നത്. ഇത് വെറുമൊരു ഫാഷൻ എന്നതിലുപരി ഒരു 'സയലന്റ് അലർട്ട് സിസ്റ്റം' ആയിട്ടാണ് പ്രവർത്തിക്കുന്നത്.

ഇത് പ്രവർത്തിക്കുന്നത് എങ്ങനെ?

ഇതിന് പിന്നിൽ ലളിതമായ ഒരു ശാസ്ത്രമുണ്ട്. ഗ്ലിറ്റർ തരികൾ വസ്ത്രങ്ങളിലോ ശരീരത്തിലോ പറ്റിപ്പിടിച്ചാൽ അത്ര പെട്ടെന്ന് മാറില്ല. പങ്കാളിയുമായി അടുത്തിടപഴകുമ്പോൾ ഈ ഗ്ലിറ്റർ തരികൾ അയാളുടെ വസ്ത്രത്തിലോ കാറിലോ പടരുന്നു. പുരുഷൻ വിവാഹിതനാണെങ്കിൽ, വസ്ത്രത്തിലോ കാർ സീറ്റിലോ പറ്റിപ്പിടിച്ച ഈ തിളങ്ങുന്ന തരികൾ വീട്ടിലെത്തുമ്പോൾ ഭാര്യയുടെ ശ്രദ്ധയിൽപ്പെടാൻ സാധ്യതയുണ്ട്. ഇത് അയാളെ ചോദ്യം ചെയ്യലുകളിലേക്കും പ്രതിസന്ധികളിലേക്കും നയിക്കുന്നു. സത്യസന്ധരായ പുരുഷന്മാർക്ക് ഗ്ലിറ്ററിനെ പേടിക്കേണ്ടതില്ലെങ്കിലും, രഹസ്യങ്ങൾ സൂക്ഷിക്കുന്നവർക്ക് ഇത് വലിയൊരു തലവേദനയായി മാറുമെന്നാണ് റിപ്പോർട്ട്. 

അതുകൊണ്ട് തന്നെ ഇതിനെ 'മാരീഡ് മാൻ റിപ്പല്ലന്റ്' എന്നും വിളിക്കുന്നു. ഈ ട്രെൻഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്: ചതിക്കപ്പെടാതിരിക്കാൻ ഇതൊരു മികച്ച മാർഗ്ഗമാണെന്നും ഇതിലൂടെ മറ്റൊരു സ്ത്രീയെ ചതിയിൽ നിന്ന് രക്ഷിക്കാൻ സാധിക്കുമെന്നുമാണ് ഈ ട്രെൻഡിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ ഈ ട്രെൻഡിനെ എതിർക്കുന്നവർ പറയുന്നത്, പ്രണയബന്ധങ്ങളിൽ ഇത്തരം സംശയങ്ങൾ വളർത്തുന്നത് ബന്ധങ്ങളെ തകർക്കുമെന്നും ഡേറ്റിംഗ് എന്നത് ഒരു പൊലീസിംഗ് ആകരുതെന്നുമാണ്. ഡേറ്റിംഗിൽ മടുപ്പ് അനുഭവിക്കുന്ന ഇന്നത്തെ തലമുറയിൽ ഇത്തരം ട്രെൻഡുകൾ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.