ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് കാരണം ഫുട് ഓവർബ്രിഡ്ജ് ഉപയോഗിക്കാത്ത കാൽനടയാത്രക്കാരാണെന്ന ഒരു സ്റ്റാർട്ടപ്പ് സിഇഒയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാത്ത ജനങ്ങളെ ഒരു വിഭാഗം കുറ്റപ്പെടുത്തുമ്പോൾ, കാൽനട സൗഹൃദമല്ലാത്ത നഗരാസൂത്രണമാണ് യഥാർത്ഥ പ്രശ്നമെന്ന് മറുവിഭാഗം വാദിക്കുന്നു.
ബെംഗളൂരുവിലെ എച്ച്.എ.എൽ ഓൾഡ് എയർപോർട്ട് റോഡിലെ ഗതാഗതക്കുരുക്കിനെ ചൊല്ലി സമൂഹ മാധ്യമത്തിൽ വലിയൊരു ചർച്ച തന്നെ നടക്കുകയാണ്. ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പാണ് വിവാദത്തിനും ചർച്ചകൾക്കും തിരികൊളുത്തിയത്. റോഡുകളിൽ ഏറ്റവും ആദ്യം പരിഗണിക്കുന്നത് കാൽനടയാത്രക്കാരെയാണെങ്കിലും ഒരു സംരംഭകൻ ബെംഗളൂരുവിലെ തിരക്കിന് കാരണം കാൽനടയാത്രക്കാരാണ് എന്ന് അഭിപ്രായപ്പെടാണ് ചർച്ചകൾക്ക് വഴി തുറന്നത്.
വിദ്യാസമ്പന്നർ, പക്ഷേ...
ആദിത്യ ആനന്ദ് എന്ന സ്റ്റാർട്ടപ്പ് സിഇഒയാണ് തന്റെ നിത്യേനയുള്ള യാത്രാനുഭവത്തെക്കുറിച്ച് ലിങ്ക്ഡ്ഇന്നിൽ കുറിച്ചത്. രാവിലെ ബാഡ്മിന്റൺ കളിക്കാൻ പോകുന്ന താൻ സ്ഥിരമായി എച്ച്.എ.എൽ ഓൾഡ് എയർപോർട്ട് റോഡിലെ ഗതാഗതക്കുരുക്കിൽപ്പെടാറുണ്ടെന്നും ഇതിന് കാരണം റോഡ് മുറിച്ച് കടക്കുന്ന കാൽനട യാത്രക്കാരാണെന്നും അദ്ദേഹം ആരോപിക്കുന്നു. രാവിലെ 6:50-ഓടെ, എച്ച്.എ.എൽ ഓഫീസിലേക്ക് ജോലിക്ക് പോകുന്ന നൂറുകണക്കിന് ജീവനക്കാർ ഫുട് ഓവർബ്രിഡ്ജ് ഉണ്ടായിരുന്നിട്ടും അത് ഉപയോഗിക്കാതെ റോഡ് മുറിച്ച് കടക്കുന്നത് വലിയ ഗതാഗത തടസ്സവും ബഹളവും സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിദ്യാസമ്പന്നരായ ആളുകൾ ഇത്തരം സുരക്ഷാ സംവിധാനങ്ങൾ അവഗണിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കുറിപ്പിൽ പരിഹസിക്കുന്നു.
'ഇന്ത്യൻ റോഡുകൾ ആർക്ക് വേണ്ടി?'
ഈ പോസ്റ്റ് സമൂഹ മാധ്യമത്തിൽ വലിയ പ്രതികരണങ്ങൾക്കാണ് വഴിവെച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ റോഡിലൂടെ അപകടകരമായി സഞ്ചരിക്കുന്നത് ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുമെന്നും, ജനങ്ങളിൽ ഉത്തരവാദിത്തബോധം വേണമെന്നും ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ കാൽനട യാത്രക്കാരുടെ ഭാഗത്തല്ല, മറിച്ച് സംവിധാനത്തിന്റെ പിഴവാണ് ഇതിന് കാരണമെന്നാണ് മറുവിഭാഗം അവകാശപ്പെട്ടു. ഫുട് ഓവർബ്രിഡ്ജുകൾ കാൽനട യാത്രക്കാർക്ക് വേണ്ടിയല്ല, വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് വേണ്ടി നിർമ്മിച്ചവയാണെന്ന് ഇവർ വാദിക്കുന്നു. ലിഫ്റ്റുകളോ എസ്കലേറ്ററുകളോ ഇല്ലാത്ത അവസ്ഥയിൽ, രണ്ട് നിലയോളമുള്ള ഫുട് ഓവർ ബ്രിഡ്ജുകൾ കയറി ഇറങ്ങി റോഡ് മുറിച്ചുകടക്കാൻ ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും സാധിക്കില്ലെന്നും, നഗരങ്ങൾ കാറുകൾക്ക് വേണ്ടി മാത്രമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും, കാൽനട യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും സംബന്ധിച്ച വലിയൊരു ചർച്ചയ്ക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.


