പ്രതിസന്ധികളിൽ തളരാതെ പരസ്പരം താങ്ങായി നിൽക്കുന്ന ഒരു ദമ്പതികളുടെ ഹൃദയസ്പർശിയായ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ജോലി നഷ്ടപ്പെട്ടെങ്കിലും ഭർത്താവ് തനിക്ക് നൽകിയ സമ്മാനത്തെക്കുറിച്ചാണ് യുവതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ നാല് മാസമായി സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിൽ ഒരു ഭർത്താവ് ഭാര്യയ്ക്ക് നൽകിയ സർപ്രൈസ് സമ്മാനമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. തന്റെ ജീവിത സാഹചര്യം വിവരിച്ചുകൊണ്ട് യുവതി കുറിച്ചത് ഇങ്ങനെയാണ്; 'കഴിഞ്ഞ നാല് മാസം ഞങ്ങൾക്ക് വളരെ കഠിനമായിരുന്നു. അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു, ഞങ്ങളുടെ സമ്പാദ്യം മുഴുവൻ തീർന്നു. ഇപ്പോൾ ഞാൻ ഒരു കോപ്പിറൈറ്ററായി വീട്ടിലിരുന്ന് ജോലി ചെയ്താണ് കാര്യങ്ങൾ നോക്കുന്നത്. അദ്ദേഹത്തിന്റെ ചിലവുകൾക്കായി ഞാൻ എല്ലാ മാസവും ചെറിയൊരു തുക പോക്കറ്റ് മണിയായി നൽകാറുണ്ട്. തന്റെ സുഹൃത്തുക്കളുടെ മുന്നിൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകരരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്.'
ഈ പോക്കറ്റ് മണിയിൽ നിന്നും മിച്ചം പിടിച്ച പണം ഉപയോഗിച്ചാണ് വാലന്റൈൻസ് ഡേയ്ക്ക് മുന്നോടിയായി ഭർത്താവ് ഭാര്യയ്ക്ക് ഒരു ചെറിയ പെൻഗ്വിൻ പാവയും ഒരു ചോക്ലേറ്റും സമ്മാനമായി നൽകിയത്. മുമ്പ് ധാരാളം വിദേശ യാത്രകൾ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു തങ്ങൾക്കെന്ന് യുവതി ഓർക്കുന്നു. എന്നാൽ, ആർഭാടങ്ങളേക്കാൾ ഈ കൊച്ചു സമ്മാനം തന്നെ കരയിപ്പിച്ചു കളഞ്ഞുവെന്ന് അവർ പറയുന്നു. 'ഈ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം എന്നെക്കുറിച്ച് ചിന്തിച്ചു എന്നത് വലിയ കാര്യമാണ്. ഈ മോശം സമയം കടന്നുപോകുമെന്ന് എനിക്കറിയാം' എന്ന് യുവതി കുറിച്ചു.
നിരവധിപ്പേരാണ് ഇരുവരുടെയും സ്നേഹത്തെയും പരസ്പരമുള്ള മനസിലാക്കലുകളെയും കുറിച്ച് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. 'എല്ലാ പുരുഷന്മാർക്കും നിങ്ങളെപ്പോലൊരു ഭാര്യയെയും എല്ലാ സ്ത്രീകൾക്കും അദ്ദേഹത്തെപ്പോലൊരു ഭർത്താവിനെയും ലഭിക്കട്ടെ' എന്ന് ഒരാൾ കുറിച്ചു. സ്നേഹം നിലനിൽക്കുമെന്നും വരും കാലത്തിനായി ഒരു എമർജൻസി ഫണ്ട് കരുതി വെക്കണമെന്നും മറ്റു ചിലർ ഉപദേശിച്ചു.
