ഇന്ത്യയിലെ മധ്യവർഗ ജീവിതത്തെക്കാൾ 10 ഇരട്ടി മികച്ചതാണ് കാനഡയിലെ ജീവിതമെന്ന് വാദിക്കുന്ന വിശാൽ എന്ന പ്രവാസിയുടെ വീഡിയോ വൈറലാകുന്നു. ശുദ്ധവായുവും ശബ്ദമലിനീകരണമില്ലാത്തതുമാണ് കാനഡയുടെ മേന്മയായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
മെച്ചപ്പെട്ട ജീവിതം തേടി രാജ്യം വിടുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രമല്ല, ലോകമെങ്ങുമുള്ള മൂന്നാം ലോക രാജ്യങ്ങളിൽ നിന്നും ഇത്തരം പലായനങ്ങൾ, പ്രത്യേകിച്ചും പ്രൊഫഷണലുകളുടെ പലായനങ്ങൾ ശക്തമായെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇത്തരത്തിൽ മറ്റൊരു രാജ്യത്ത് എത്തപ്പെടുന്ന ആളുകൾ തങ്ങളുടെ മാതൃരാജ്യത്തെയും കുടിയേറിയ രാജ്യത്തെയും താരതമ്യപ്പെടുത്തുന്നതും പതിവാണ്. ഓരോരുത്തരും അവരവർക്കുണ്ടായ വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാകും ഈ താരതമ്യം. ഏറ്റെവും ഒടുവിലായി ഇന്ത്യയിലെ മധ്യവർഗ ജീവിതത്തെക്കാൾ 10 ഇരട്ടി മെച്ചപ്പെട്ടതാണ് കാനഡയിലെ ജീവിതമെന്ന വെളിപ്പെടുത്തലുമായി വിശാൽ എന്ന ഇന്ത്യൻ വംശജനാണ് രംഗത്തെത്തിയത്.
ശുദ്ധവായു കിളിനാദം
കാനഡയിലെ മധ്യവർഗ ജീവിതം ഇന്ത്യയിലേതിനേക്കാൾ 10 മടങ്ങ് മികച്ചതാണ് അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോൽ വിശാൽ, തന്‍റെ വീടിനടുത്തുള്ള റോഡ് ചിത്രീകരിച്ച് കൊണ്ട് ചുറ്റുമുള്ള ശാന്തത വിശാൽ ചൂണ്ടിക്കാണിച്ചു. പശ്ചാത്തലത്തിൽ ഹോൺ മുഴങ്ങുന്നില്ലെന്നും ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ അനുഭവിക്കാൻ കഴിയാത്ത ഒന്നാണിതെന്നും വിശാൽ ചൂണ്ടിക്കാട്ടി. വിശാലിന്‍റെ അഭിപ്രായത്തിൽ, ശബ്ദത്തിന്റെ അഭാവം കൂടുതൽ അച്ചടക്കമുള്ള പൗരബോധത്തെയും സമ്മർദ്ദം കുറഞ്ഞ ജീവിതശൈലിയെയും പ്രതിഫലിപ്പിക്കുന്നു. കാനഡയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മികച്ചതും കൂടുതൽ സംഘടിതവുമാണെന്നുമാണ് വിശാലിന്‍റെ അഭിപ്രായം. സംഭാഷണത്തിനിടെ പശ്ചാത്തലത്തിൽ പക്ഷികളുടെ ചിലമ്പൽ കേൾക്കാം. ഏത് പ്രമുഖ ഇന്ത്യൻ നഗരത്തിലാണ് ശുദ്ധവായു ശ്വസിക്കുന്നതിനൊപ്പം ഇത്തരം ശബ്ദങ്ങൾ ഇത്ര വ്യക്തമായി കേൾക്കാൻ കഴിയുകയെന്ന് വിശാൽ തന്‍റെ വീഡിയോയിൽ ചോദിക്കുന്നു.
സമ്മിശ്ര പ്രതികരണങ്ങൾ
വിശാലിന്‍റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ചില കാഴ്ചക്കാർ അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങളോട് യോജിച്ചപ്പോൾ, മറ്റു ചിലർ ശക്തമായി വിയോജിച്ചു. ജീവിത നിലവാരത്തെ ഇത്ര ലളിതമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ഇന്ത്യയ്ക്ക് അതിന്‍റെതായ ഗുണങ്ങളുണ്ടെന്നും നിരവധി പേർ വാദിച്ചു. സമാധാനവും ശുദ്ധവായുവും പ്രധാനമാണ്, പക്ഷേ കുടുംബത്തോടൊപ്പം താമസിക്കുന്നതും അതിനേക്കാൾ പ്രധാനമാണെന്ന് ഒരു കാഴ്ചക്കാരൻ എഴുതി. കാനഡയിൽ മികച്ച റോഡുകൾ ഉണ്ടാകാം, പക്ഷേ ഇന്ത്യയ്ക്ക് അളക്കാൻ കഴിയാത്ത അവസരങ്ങളും ഊഷ്മളതയുമുണ്ടെന്നായിരുന്നു മറ്റൊരു കുറിപ്പ്.
ഏതാനും ദിവസം മുമ്പായിരുന്നു മലയാളിയും കനേഡിയൻ പൗരനുമായ പ്രശാന്ത് ശ്രീകുമാർ എന്ന മൂന്ന് കുട്ടികളുടെ അച്ഛൻ കാനഡയിൽ ചികിത്സ കിട്ടാതെ മരിച്ചത്. നെഞ്ച് വേദനയുമായി ആശുപത്രിയിലെത്തിയ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിന് പുറത്ത് എട്ട് മണിക്കൂറോളം കാത്ത് നിർത്തുകയായിരുന്നു. പിന്നാലെ പ്രശാന്ത് മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെയാണ് വിശാലിന്‍റെ മധ്യവർഗ ജീവിത താരതമ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായത്.


