കോവിഡിന് മുമ്പ് കോടീശ്വരനായിരുന്ന ഒരു യുവാവ്, മഹാമാരിയെ തുടർന്ന് ബിസിനസ് തകർന്ന് ഇന്ന് റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്യുന്നു. 13-14 കോടിയുടെ നഷ്ടം സംഭവിച്ചയാൾ ഒരു സ്റ്റാർട്ടപ്പ് ശ്രമത്തിലും പരാജയപ്പെട്ടു. എന്നാൽ, ഒരവസാന ശ്രമമെന്ന നിലയിൽ പോരാടുകയാണ്. 

താണ്ട് ഒന്നര രണ്ട് വർഷക്കാലത്തോളം ലോകത്തെ നിശബ്ദമാക്കിയ കൊവിഡ് കോടാനുകോടി മനുഷ്യരുടെ ജീവിതം മാറ്റിമറിച്ചു. ചിലർ ആ കാലത്ത് ആരംഭിച്ച സംരംഭങ്ങൾ വൻ വിജയത്തിലേക്ക് കുതിച്ചപ്പോൾ അതുവരെ സുഖലോലുപ ജീവിതം നയിച്ചിരുന്ന നിരവധി പേര് പാപ്പരായി. കൊവിഡിന് മുമ്പ് കോടീശ്വരനായിരുന്ന തനിക്ക് ഇന്ന് ജീവിക്കാനുള്ള പണത്തിനായി റോപ്പിഡോ ഡ്രൈവറാകേണ്ടി വന്ന ഒരു യുവാവിന്‍റെ ജീവിതത്തെ കുറിച്ച് ഒരാൾ എക്സിൽ എഴുതിയപ്പോൾ അവിശ്വസനീയതയോടെയാണ് ആളുകൾ ആ കുറിപ്പ് വായിച്ചത്.

ജീവിതം നീതിരഹിതമാണ്

ജീവിതം നീതിരഹിതമാണെന്ന കുറിപ്പോടെ ചിരാഗ് എന്ന എക്സ് ഹാന്‍റിലിലാണ് ഈ ജീവിത കഥ എഴുതപ്പെട്ടത്. താനിന്നൊരു റോപ്പിഡോ ബൈക്കിൽ കയറിയെന്നും ഡ്രൈവറോടുള്ള സംഭാഷണത്തിനിടെ ഞെട്ടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിത കഥ കേൾക്കേണ്ടിവന്നെന്നും അദ്ദേഹം കുറിച്ചു. അമിറ്റിയിൽ നിന്നും ഹോട്ടൽ മാനേജ്‌മെന്‍റ് ചെയ്തിരുന്ന ആളായിരുന്നു റാപ്പിഡോ ഡ്രൈവർ. അദ്ദേഹത്തിന്‍റെ അച്ഛൻ പട്ടാളത്തിലായിരുന്നപ്പോൾ ജീവിതം നല്ലതായിരുന്നു, അവർക്ക് നല്ല നിലയിൽ പോകുന്ന ഒരു ബിസിനസും ഉണ്ടായിരുന്നു. പിന്നീടാണ് കോവിഡ് മഹാമാരി ലോകത്തെ പിടിച്ച് കുലുക്കിയത്. രോഗവ്യാപനത്തെ തുടർന്ന് അവർക്ക് നഷ്ടപ്പെട്ടത് 13 -14 കോടി രൂപ!

Scroll to load tweet…

കൊവിഡ് എന്ന മഹാമാരി

ബിസിനസ് എല്ലാം അടച്ച് പൂട്ടേണ്ടിവന്നു. പക്ഷേ, അദ്ദേഹം തളർന്നില്ല. ഒരു സുഹൃത്തുമായി ചേർന്ന് ഒരു സ്റ്റാർട്ടപ്പ് തുടങ്ങി. പക്ഷേ, ആ വഴിയുടെ 4 ലക്ഷം നഷ്ടമായി. സമ്പാദ്യമെല്ലാം പല വഴി പോയി. അവസാനം തനിക്ക് അവശേഷിച്ചത് ബൈക്ക് മാത്രമായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ താൻ അവിടം കൊണ്ടും പരാജയപ്പെടാൻ തയ്യാറല്ലായിരുന്നെന്നും എല്ലാം ഉപേക്ഷിക്കും മുമ്പ് ഒരു അവസാന ശ്രമത്തിനിറങ്ങിയതാണെന്നും അദ്ദേഹം പറയുമ്പോൾ കരയുകയായിരുന്നെന്നും ചിരാഗ് എഴുതുന്നു. ജീവിതത്തിന്‍റെ പച്ചയായ യാഥാർത്ഥ്യത്തിന് മുന്നിൽ എന്ത് പറയണമെന്ന് അറിയാതെ താൻ നിശബ്ദമായി പോയെന്നും ചിരാഗ് എഴുതി. ജീവിതം ഒരിക്കൽ കൂടി നിതിരഹിതമാണെന്ന് തെളിയിക്കുന്നെന്നും കുറിച്ച് കൊണ്ട് ചിരാഗ് തന്‍റെ എഴുത്ത് അവസാനിപ്പിച്ചു.

ചിരാഗിന്‍റെ കുറിപ്പ് ഒറ്റ ദിവസം കൊണ്ട് അഞ്ചര ലക്ഷം പേരാണ് വായിച്ചത്. നിരവധി പേർ സമാനമായ പല ജീവിതങ്ങളെ കുറിച്ച് പിന്നാലെ കുറിപ്പെഴുതി. ചിലരൊക്കെ കൊവിഡ് ഏൽപ്പിച്ച ദുരന്തങ്ങളിൽ നിന്നും കരകേറിയെങ്കിലും നിരവധി പേർ ഒരിക്കലും കരകയറാൻ കഴിയാത്ത വിധം തകർന്ന് പോയെന്നായിരുന്നു ഒരു കുറിപ്പ്.