ഒരിക്കലും ജോലി ചെയ്തിട്ടില്ലാത്ത ഒരു കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടതായി ഇമെയിൽ. സ്വന്തം കമ്പനിയില്‍ നിന്നാണെന്ന് കരുതി ആകെ ഭയന്ന് യുവതി. ഭാര്യയ്ക്കുണ്ടായ അനുഭവത്തെ കുറിച്ച് പോസ്റ്റ് ഷെയര്‍ ചെയ്ത് കരിയർ കൗൺസിലർ.
ഒരിക്കൽ പോലും ജോലി ചെയ്തിട്ടില്ലാത്ത ഒരു കമ്പനിയിൽ നിന്ന് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചാലുള്ള അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലൊരു വിചിത്രമായ അനുഭവമാണ് സൈമൺ ഇംഗാരി എന്ന കരിയർ കൗൺസിലർ പങ്കുവയ്ക്കുന്നത്. തന്റെ ഭാര്യയ്ക്കുണ്ടായ അനുഭവത്തെ കുറിച്ചാണ് അദ്ദേഹം സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ എക്സിൽ (ട്വിറ്റർ) കുറിച്ചിരിക്കുന്നത്. ഒരു ദിവസം ഇമെയിൽ പരിശോധിച്ചപ്പോഴാണ് ഒരു കമ്പനിയിൽ നിന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള സന്ദേശം ഇവർക്ക് ലഭിച്ചതത്രെ.
ഇതുകണ്ട് അവർ ഒരു നിമിഷം തരിച്ചിരുന്നു പോയി. താൻ എന്തെങ്കിലും തെറ്റ് ചെയ്തോ അതോ ഡെഡ്‌ലൈനുകൾ തെറ്റിച്ചോ എന്നോർത്ത് അവരാകെ പരിഭ്രാന്തിയിലായി. എന്നാൽ, ഇമെയിൽ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം അവർ തിരിച്ചറിഞ്ഞത്, താൻ ഒരിക്കൽ പോലും ജോലി ചെയ്തിട്ടില്ലാത്ത ഒരു സ്ഥാപനത്തിൽ നിന്നാണ് ജോലിയിൽ നിന്നും പിരിച്ചു വിട്ടുകൊണ്ടുള്ള ആ മെയിൽ വന്നിരിക്കുന്നത്.
എച്ച്ആർ (HR) വിഭാഗത്തിന് സംഭവിച്ച പിഴവായിരുന്നു ഈ മെയിലിന് പിന്നിൽ. മറ്റൊരാൾക്ക് അയക്കേണ്ട ഇമെയിൽ മാറി ഇവർക്ക് ലഭിക്കുകയായിരുന്നു. സൈമൺ ഇംഗാരി എച്ച്ആർ ടീമുകളോട് കൂടുതൽ ജാഗ്രത പാലിക്കാനും പോസ്റ്റിൽ ആവശ്യപ്പെടുന്നു. ഇത്തരം അശ്രദ്ധമായ ഇമെയിലുകൾ ആളുകൾക്ക് ഹൃദയാഘാതം വരെ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം കുറിക്കുന്നത്.
ഈ പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളും വരുന്നുണ്ട്. 'കമ്പനിയിൽ നിന്ന് സെറ്റിൽമെന്റ് തുക ആവശ്യപ്പെട്ട് തിരിച്ച് മെയിൽ അയക്കൂ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ഇത്തരം പിഴവുകൾ ഒരാളുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ജാഗ്രത വേണമെന്നും ഭൂരിഭാഗം ആളുകളും പോസ്റ്റിന് താഴെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
