യുഎസിലെ റൊണാൾഡ് റീഗൻ എയർപോർട്ടിൽ എയർ ട്രാഫിക് കൺട്രോൾ ഫ്രീക്വൻസിയിൽ പൈലറ്റുമാർ മൃഗങ്ങളുടെ ശബ്ദമുണ്ടാക്കി. മുന്നറിയിപ്പുകൾ അവഗണിച്ച് ഇത് തുടർന്നതോടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. വ്യോമയാന സുരക്ഷാ ചട്ടങ്ങളുടെ ലംഘനമാണ് ഈ സംഭവമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യുഎസിലെ റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിലെ ഉദ്യോഗസ്ഥർ എയർ ട്രാഫിക് കൺട്രോൾ ഫ്രീക്വൻസിയിലൂടെ വിമാനങ്ങളുടെ പോക്കുവരവുകൾ ശ്രദ്ധിക്കുകയായിരുന്നു. അതിനിടെ എയർ ട്രാഫിക് കൺട്രോൾ ഫ്രീക്വൻസിയിൽ പൂച്ചയുടെയും പട്ടിയുടെയും ശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ആദ്യം അവർ അമ്പരന്നു. വിമാനത്തിൽ പൂച്ചയും പട്ടിയും കയറിയോ? ശബ്ദം എവിടെ നിന്നാണ് വരുന്നതെന്ന് വ്യക്തമായില്ല. പിന്നീടാണ് അത് വിമാനത്തിലെ പൈലറ്റുമാർ തന്നെ ഉണ്ടാക്കിയ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞത്. പൈലറ്റുമാരോട് പ്രൊഫഷണൽ സമീപനം കാണിക്കാൻ അവശ്യപ്പെട്ടെങ്കിലും അവരതിന് തയ്യാറായില്ല. ഇതോടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
'മ്യൂവൂ, മ്യാവൂ... ബൗ ബൗ...'
വിമാനം പറത്തുകയെന്നത് ഏറെ ശ്രദ്ധ ആവശ്യമുള്ള ഒരു ജോലിയാണ്. ഒരു ചെറിയ അശ്രദ്ധ ഒരു പക്ഷേ വിമാനത്തെയും അതിനുള്ളിലെ യാത്രക്കാരുടെ ജീവനെയും പ്രതികൂലമായി ബാധിച്ചേക്കാം. ഇത് കാരണം വ്യോമയാന നിയമങ്ങൾ പ്രത്യേകിച്ചും വിമാനത്തിന്‍റെ നിർണായക ഘട്ടങ്ങളിൽ അനിവാര്യമല്ലാത്ത ആശയവിനിമയം നിരോധിച്ചിരിക്കുന്നു. ഏപ്രിൽ 12 -നായിരുന്നു സംഭവം നടന്നത്. പതിവ് ആശയവിനിമയത്തിനിടെ പൈലറ്റുമാർ മൃഗങ്ങളുടെ ശബ്ദങ്ങൾ അനുകരിക്കുകയായിരുന്നു. സാധാരണയുള്ള വ്യോമയാന പദാവലിക്ക് പകരം, ഒരു പൈലറ്റ് "മ്യാവൂ മ്യാവൂ" എന്ന് കരഞ്ഞപ്പോൾ മറ്റൊരാൾ "ബൗ ബൗ" എന്ന് കുരയ്ക്കുകയായിരുന്നു. സംഭവത്തിന്‍റെ റെക്കോർഡുകൾ പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തു.
മുന്നറിയിപ്പ്. പിന്നാലെ അന്വേഷണം
ഫ്രീക്വൻസി നിരീക്ഷിച്ച ഒരു എയർ ട്രാഫിക് കൺട്രോളർ, പൈലറ്റുമാരോട് പ്രൊഫഷണലിസം നിലനിർത്താൻ ആവശ്യപ്പെട്ടു. ഒപ്പം റേഡിയോ ആശയവിനിമയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഓർമ്മിപ്പിച്ചു. എന്നാൽ, മുന്നറിയിപ്പ് നൽകിയിട്ടും, പൈലറ്റുമാർ തങ്ങളുടെ 'കുട്ടിക്കളി' തുടർന്നു. ഇതിന് പിന്നാലെയാണ് ഈ റെക്കോർഡിംഗുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതും വൈറലായതും. ഇതോടെയാണ് എഫ്എഎ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ട് അനുസരിച്ച്, വ്യോമയാന സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച്, ശ്രദ്ധ വ്യതിചലിപ്പിക്കുന്നത് ഒഴിവാക്കുന്നതിനും വ്യോമാതിർത്തി സുരക്ഷ നിലനിർത്തുന്നതിനും കോക്ക്പിറ്റ് ആശയവിനിമയം വിമാന പ്രവർത്തനങ്ങളിൽ കർശനമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
ടാക്സിയിംഗ്, ടേക്ക് ഓഫ്, ലാൻഡിംഗ് തുടങ്ങിയ വിമാനയാത്രയുടെ നിർണായക ഘട്ടങ്ങളിലെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നത് കുറയ്ക്കുന്നതിനും എല്ലാ ആശയവിനിമയങ്ങളും വിമാന പ്രവർത്തനങ്ങളുമായും യാത്രക്കാരുടെ സുരക്ഷയുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ സുരക്ഷാ നിയന്ത്രണം. വിമാനത്തിന് മറ്റ് സുരക്ഷാ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, റേഡിയോ ഫ്രീക്വൻസികളുടെ ദുരുപയോഗം അവശ്യ നിർദ്ദേശങ്ങളെ തടസ്സപ്പെടുത്തുകയും അതേ വ്യോമാതിർത്തി പങ്കിടുന്ന മറ്റ് വിമാനങ്ങളെ ശ്രദ്ധ തടസപ്പെടുമെന്ന് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടി.


