രേഖകൾ കയ്യിലില്ലെന്ന് ഓർത്തത് യുഎസ് വിസ അഭിമുഖത്തിന് വരി നിൽക്കുമ്പോൾ. അതിവേഗ ഡെലിവറി സംവിധാനം തുണയായി. ബ്ലിങ്കിറ്റ് രേഖകൾ എത്തിച്ചത് വെറും 15 മിനിറ്റിൽ.
ഇന്ത്യയിൽ ഇപ്പോൾ അതിവേഗ ഡെലിവറി സംവിധാനങ്ങൾ പലതുണ്ട്. പച്ചക്കറിയും മരുന്നുകളും തുടങ്ങി എന്തും ഓർഡർ ചെയ്താൽ ഞൊടിയിടയിൽ നമ്മൾ നിൽക്കുന്നിടത്തെത്തിക്കും. എഐ സ്റ്റാർട്ടപ്പ് സ്ഥാപകയായ ഗൗരി ഗുപ്ത ഈ അതിവേഗത്തിലുള്ള ഡെലിവറി സംവിധാനം അത്യാവശ്യഘട്ടത്തിൽ തന്നെ സഹായിച്ചത് എങ്ങനെ എന്ന അനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഡൽഹിയിലെ യുഎസ് എംബസിക്ക് മുന്നിൽ തന്റെ ഒ-1 വിസ ഇന്റർവ്യൂവിനായി വരി നിൽക്കുകയായിരുന്നു ഗൗരി. ചില പ്രധാന രേഖകളുടെ കോപ്പികൾ കയ്യിലില്ലെന്ന കാര്യം അപ്പോഴാണ് അവർ തിരിച്ചറിഞ്ഞത്. രാവിലെ 8 മണിക്ക് ആയിരുന്നു ഇൻറർവ്യൂ നിശ്ചയിച്ചിരുന്നത്. പുറത്തുപോയി രേഖകൾ പ്രിന്റെടുത്ത് വരാൻ സമയമില്ലാത്തതിനാൽ അവർ പരിഭ്രാന്തിയിലായി.
എംബസിക്ക് മുന്നിലെ നീണ്ട ക്യൂ പതുക്കെ നീങ്ങി തുടങ്ങിയിരുന്നു. എന്തു ചെയ്യും എന്ന് അറിയാതെ നിന്ന ഗൗരിയോട് അവിടെയുണ്ടായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥനാണ് സാധനങ്ങൾ വേഗത്തിൽ എത്തിച്ചു നൽകുന്ന 'ബ്ലിങ്കിറ്റ്' ആപ്പ് പരീക്ഷിക്കാൻ നിർദ്ദേശിച്ചത്. ഉടൻ തന്നെ ഗൗരി തന്റെ രേഖകൾ ആപ്പിലൂടെ അപ്‌ലോഡ് ചെയ്തു. വെറും 15 മിനിറ്റിനുള്ളിൽ രേഖകൾ പ്രിന്റ് ചെയ്ത് അവർ നിൽക്കുന്ന ഇടത്ത് തന്നെ ഡെലിവറി ബോയ് എത്തിച്ചു നൽകി. ഇത് ഗൗരിയെ കൃത്യസമയത്ത് തന്നെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സഹായിച്ചു.
ആവശ്യമായ രേഖകളുമായി ഇന്റർവ്യൂവിന് ഹാജരായ ഗൗരിക്ക് വിസ അനുവദിക്കുകയും ചെയ്തു. തന്റെ പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങളെ ബ്ലിങ്കിറ്റ് എങ്ങനെയാണ് ഇല്ലാതാക്കിയത് എന്ന് അവർ പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. മറ്റ് പല രാജ്യങ്ങളിലും ലഭ്യമല്ലാത്ത തരത്തിലുള്ള ഇത്തരം അതിവേഗ സേവനങ്ങൾ ഇന്ത്യയിൽ ജനങ്ങൾക്ക് എത്രത്തോളം ഉപകാരപ്പെടുന്നു എന്നതിനെക്കുറിച്ച് വ്യക്തമാക്കി തരികയാണ് ഗൗരിക്കുണ്ടായ ഈ അനുഭവം. എന്തായാലും ഗൗരിയുടെ പോസ്റ്റിന് താഴെ സമാന അനുഭവം ഉണ്ടായ നിരവധിപേർ കമന്റുകളുമായി എത്തി.
