ക്രിസ്മസ്-പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ടൂറിസം വകുപ്പ് കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിൽ 'സിറ്റി ഓഫ് ലൈറ്റ്‌സ്' എന്ന പേരിൽ ജനുവരി 2 വരെ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നു. 

കോഴിക്കോട്: ക്രിസ്മസ്-പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ടൂറിസം വകുപ്പ് കോഴിക്കോട് ലൈറ്റ് ഷോ സംഘടിപ്പിക്കുന്നു. ലൈറ്റ് ഷോയുടെ ഉദ്ഘാടനം ഡിസംബര്‍ 22 ന് വൈകുന്നേരം 7 ന് മാനാഞ്ചിറ സ്‌ക്വയറില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ജനപ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

'ഇലുമിനേറ്റിംഗ് ജോയ് സ്‌പ്രെഡ്ഡിങ് ഹാര്‍മണി' എന്ന ആശയത്തില്‍ സംഘടിപ്പിക്കുന്ന ലൈറ്റ് ഷോ ജനുവരി 2 വരെയാണ്. ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന ഭാഗങ്ങള്‍ ദീപങ്ങളാല്‍ അലങ്കരിക്കും. ആയിരക്കണക്കിന് നീല വിളക്കുകളില്‍ പൊതിഞ്ഞ അനുഭവം നല്‍കുന്ന ഉയര്‍ന്ന കമാനാകൃതിയിലുള്ള നടപ്പാത സൃഷ്ടിക്കുന്ന ടണല്‍ ഓഫ് ലൈറ്റ്‌സ്, ചുവപ്പ്, സ്വര്‍ണ നിറങ്ങളിലുള്ള ദി ജയന്റ് ഡ്രാഗണ്‍ എന്നിവ ലൈറ്റ് ഷോയിലെ മുഖ്യാകര്‍ഷണങ്ങളാണ്. വെള്ളത്തില്‍ പ്രതിഫലിക്കുന്ന തരത്തിലാണ് ജയന്റ് ഡ്രാഗണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പര്‍പ്പിള്‍, വെള്ള നിറങ്ങളിലുള്ള പുഷ്പങ്ങളുടെയും ഇലകളുടെയും ഘടനകളാല്‍ തയ്യാറാക്കിയ ഫ്‌ളോറല്‍ നടപ്പാതകള്‍ വിചിത്രമായ ദൃശ്യാനുഭവം സമ്മാനിക്കും.

വലിയ നക്ഷത്രങ്ങളും വൃത്താകൃതിയിലുള്ള ലൈറ്റ് ടവറുകളും ഭീമാകാരമായ പെന്റഗ്രാമും ഉള്‍പ്പെടെയുള്ള പ്രകാശ ശില്‍പങ്ങള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കും. ഇന്‍സ്റ്റലേഷന്‍ മാതൃകയിലുള്ള ദി ക്രിസ്റ്റല്‍ ഫോറസ്റ്റ്, വലിയ മരങ്ങളിലെ ദീപാലങ്കാരമായ ദി ഇല്യൂമിനേറ്റഡ് ട്രീ ഏരിയ എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.