വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ അസമിനെതിരെ കേരളത്തിന് മികച്ച തുടക്കം.
കട്ടക്ക്: 16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ അസമിനെതിരെ തിരിച്ചടിച്ച് കേരളം. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 137 റണ്‍സെന്ന നിലയിലാണ് കേരളം. നേരത്തെ ഒന്‍പത് വിക്കറ്റിന് 346 റണ്‍സെന്ന നിലയില്‍ അസം ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. നാല് വിക്കറ്റിന് 231 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം കളി തുടങ്ങിയ അസമിന് ക്യാപ്റ്റന്‍ അമന്‍ യാദവിന്റെയും സ്വര്‍ണ്ണവ് ശ്രീഹിത് ഗുരുദാസിന്റെയും ഇന്നിങ്‌സാണ് കരുത്ത് പകര്‍ന്നത്.
മികച്ച രീതിയില്‍ ബാറ്റിങ് തുടര്‍ന്ന അമന്‍ യാദവ് 173 റണ്‍സും സ്വര്‍ണ്ണവ് 66 റണ്‍സും നേടി. സ്വര്‍ണ്ണവിനെ എല്‍ബിഡബ്ലുവില്‍ കുടുക്കി എസ് വി ആദിത്യനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. അമന്‍ യാദവിനെ എസ് ആര്യനും പുറത്താക്കി. തുടര്‍ന്ന് ഒന്‍പത് വിക്കറ്റിന് 346 റണ്‍സെന്ന നിലയില്‍ അസം ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. കേരളത്തിന് വേണ്ടി ആര്യന്‍ നാലും ആദിത്യന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ വിശാല്‍ ജോര്‍ജും ദേവര്‍ഷും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്കിയത്. അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ ഇത് വരെ 137 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കളി നിര്‍ത്തുമ്പോള്‍ വിശാല്‍ 70ഉം ദേവര്‍ഷ് 60 റണ്‍സും നേടി ക്രീസിലുണ്ട്.

