അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വൈദ്യുതി നിരക്ക് സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ബംഗളൂരുവിലെയും കേരളത്തിലെയും വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്യുമ്പോൾ, കേരളത്തിൽ ഏകദേശം 692 രൂപയുടെ ലാഭമാണുള്ളത്. 

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വൈദ്യുതി നിരക്ക് സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ബംഗളൂരുവിലെയും കേരളത്തിലെയും വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്തുകൊണ്ടുള്ള കണക്കുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 239 യൂണിറ്റ് പ്രതിമാസം ഉപയോഗിക്കുന്ന ഒരു ഗാർഹിക ഉപഭോക്താവിന് ബംഗളൂരുവിനെ അപേക്ഷിച്ച് കേരളത്തിൽ ഏകദേശം 692 രൂപയുടെ ലാഭമാണ് ഉണ്ടാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ബാംഗ്ലൂരിലെ വൈദ്യുതി വിതരണ കമ്പനിയായ 'ബെസ്കോം' 239 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു ഉപഭോക്താവിൽ നിന്ന് 2,415 രൂപയാണ് ഈടാക്കുന്നത്. ഇവിടെ എനർജി ചാർജിന് പുറമെ ഏകദേശം 725 രൂപയോളം ഫിക്സഡ് ചാർജായി മാത്രം നൽകണം. ഇതിനുപുറമെ ഓരോ യൂണിറ്റിനും 39 പൈസ നിരക്കിൽ ഫ്യുവൽ അഡ്ജസ്റ്റ്‌മെന്‍റ് ചാർജും എനർജി ചാർജിന്‍റെ ഒമ്പത് ശതമാനം നികുതിയും നൽകേണ്ടി വരുന്നതോടെ സാധാരണക്കാരന്‍റെ കുടുംബ ബജറ്റ് താളംതെറ്റുന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി പറഞ്ഞു. കർണാടകയിൽ ഇന്ധന സർചാർജ് യൂണിറ്റിന് 1.15 രൂപ വരെ ഉയരാറുണ്ടെന്നതും ശ്രദ്ധേയമാണ്.

കേരളത്തിലെ കാര്യം

എന്നാൽ കേരളത്തിൽ ഇതേ 239 യൂണിറ്റിന് കെഎസ്ഇബി ബിൽ കാൽക്കുലേറ്റർ പ്രകാരം 1,723 രൂപ മാത്രമാണ് ആകെ വരുന്നത്. കേരളത്തിൽ 235 രൂപ മാത്രമാണ് ഫിക്സഡ് ചാർജ് ഇനത്തിൽ ഈടാക്കുന്നത്. മീറ്റർ വാടകയായി വെറും 15 രൂപ മാത്രമേ വരുന്നുള്ളൂ. ഉപഭോക്താവ് സ്വന്തമായി മീറ്റർ വാങ്ങുകയാണെങ്കിൽ ഈ തുക നൽകേണ്ടതുമില്ല. കേരളത്തിലെ ഏറ്റവും വലിയ പ്രത്യേകത, നിലവിലെ കണക്കനുസരിച്ച് പ്രതിമാസ ബില്ലുകളിൽ ഇന്ധന സർചാർജ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട് എന്നതാണ്.

കർണാടകയിൽ സർചാർജ് ഇനത്തിൽ വലിയ തുക ഈടാക്കുമ്പോൾ, കേരളത്തിൽ ഈ ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാതെ സർക്കാർ വലിയ ആശ്വാസമാണ് നൽകുന്നത്. ലാഭത്തേക്കാൾ ഉപരി ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ പരിഗണിക്കുന്ന സർക്കാരിന്റെ ജനപക്ഷ നയമാണ് വൈദ്യുതി മേഖലയിൽ കാണുന്നതെന്നും നുണപ്രചരണങ്ങളെ വസ്തുതകൾ കൊണ്ട് നേരിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.