ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്കായി ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ടീമിന് ഊഷ്മള വരവേല്‍പ്പ് നല്‍കി. 

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് തലസ്ഥാനനഗരിയില്‍ ഊഷ്മള വരവേല്‍പ്പ്. ഇന്ത്യ- ശ്രീലങ്ക ടി 20 പരമ്പരയ്ക്കായി അനന്തപുരിയുടെ മണ്ണിലെത്തിയ ലോക ജേതാക്കള്‍ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തലസ്ഥാന നഗരിയില്‍ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂര്ണമെന്റിനായി പ്രത്യേക വിമാനത്തിലാണ് ഇന്ത്യയുടേയും ശ്രീലങ്കയുടെയും താരങ്ങള്‍ എത്തിയത്.

എയര്‍പോര്‍ട്ടിലെത്തിയ ഇരു ടീമുകളെയും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ . കെ കെ രാജീവ്, ഇന്ത്യയുടെ മലയാളി താരം സജന സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതിനൊപ്പം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദന, ജെമീമ റോഡ്രിഗ്രസ്, ഷഫാലി വര്‍മ്മ, റിച്ച ഘോഷ്, സ്‌നേഹ റാണ, അമന്‍ ജോത് കൗര്‍, അരുന്ധതി റെഡ്ഡി തുടങ്ങിയവരും ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു.

ചാമരി അട്ടപ്പട്ടുവാണ് ശ്രീലങ്കന്‍ ടീം ക്യാപ്റ്റന്‍. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് ഇരു ടീമുകള്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത് . ഡിസംബര്‍ 26 , 28 , 30 തീയതികളില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. വിശാഖ പട്ടണത്തില്‍ നടന്ന ആദ്യ രണ്ട മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. ഒരു മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

ഇന്ത്യന്‍ ടീം: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, സ്‌നേഹ റാണ, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, ദീപ്തി ശര്‍മ, ഹര്‍ലീന്‍ ഡിയോള്‍, രേണുക സിംഗ്, കമാലിനി.

YouTube video player