വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ തന്നെ ഇംപാക്ട് പ്ലെയറായി മാത്രം ഉപയോഗിക്കരുതെന്ന് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിന് മുന്നറിയിപ്പ് നല്‍കി. 

മുംബൈ: ടി20 ലോകകപ്പ് ആവേശത്തിനിടയില്‍ ഐപിഎല്‍ ആരാധകരെ ആവേശത്തിലാക്കുന്ന നിര്‍ണ്ണായക റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഐപിഎല്‍ 2026 സീസണ് മുന്നോടിയായി മുന്‍ നായകന്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയതായാണ് സൂചനകള്‍. വരാനിരിക്കുന്ന സീസണില്‍ തന്നെ ഇംപാക്ട് പ്ലെയറായി ഉപയോഗിക്കരുതെന്നും മറിച്ച് ഒരു സാധാരണ കളിക്കാരനായി ഫീല്‍ഡിംഗിലും സജീവമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് താരം അറിയിച്ചിരിക്കുന്നത്.

പൂര്‍ണ്ണ ഉത്തരവാദിത്തം വേണം

കഴിഞ്ഞ സീസണില്‍ രോഹിത് ശര്‍മ്മയെ ബാറ്റിംഗില്‍ മാത്രമാണ് മുംബൈ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ടീം ബോളിംഗിനിറങ്ങുമ്പോള്‍ ഫീല്‍ഡ് ചെയ്യുന്നതിന് പകരം രോഹിതിനെ ഇംപാക്ട് പ്ലെയര്‍ നിയമം ഉപയോഗിച്ച് മാറ്റുകയായിരുന്നു പതിവ്. എന്നാല്‍ ഒരു മുഴുവന്‍ സമയ കളിക്കാരനായി ടീമില്‍ തുടരാനാണ് ഹിറ്റ്മാന്‍ ആഗ്രഹിക്കുന്നത്. വിരാട് കോലി, എം എസ് ധോണി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ടീമില്‍ പുലര്‍ത്തുന്നതുപോലെ തുടക്കം മുതല്‍ അവസാനം വരെ ഗ്രൗണ്ടില്‍ സജീവമാകാനാണ് താരം ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സീസണിലെ പ്രകടനം

ഐപിഎല്‍ 2025-ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഭേദപ്പെട്ട പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. ആകെ 15 ഇന്നിംഗ്സുകളില്‍ നിന്ന് 418 റണ്‍സ് റണ്‍സ് നേടി. ശരാശരി: 29.85. നാല് അര്‍ദ്ധ സെഞ്ച്വറികള്‍ ഇതില്‍ ഉള്‍പ്പെടും. രോഹിതിന്റെ ഓപ്പണിംഗ് പങ്കാളിയായിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം റയാന്‍ റിക്കിള്‍ട്ടണ്‍ 14 ഇന്നിംഗ്സുകളില്‍ നിന്ന് 388 റണ്‍സും നേടിയിരുന്നു.

ഹര്‍ദിക്കിന് കീഴില്‍ രോഹിത്

കഴിഞ്ഞ സീസണില്‍ പ്ലേഓഫ് വരെ എത്തിയെങ്കിലും പഞ്ചാബ് കിംഗ്സിനോട് ജയിച്ച ശേഷം മുംബൈ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. 2026 മിനി ലേലത്തിന് മുന്നോടിയായി മുംബൈ നിലനിര്‍ത്തിയ പ്രധാന താരങ്ങളില്‍ ഒരാളാണ് രോഹിത്. നിലവിലെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും തമ്മിലുള്ള കെമിസ്ട്രി വരാനിരിക്കുന്ന സീസണില്‍ മുംബൈയ്ക്ക് എത്രത്തോളം ഗുണകരമാകുമെന്ന ചര്‍ച്ചയിലാണ് ആരാധകര്‍. മാനേജ്മെന്റ് രോഹിതിന്റെ ഈ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍, ബാറ്റിംഗിന് പുറമെ ടീമിന്റെ ഫീല്‍ഡിംഗ് തന്ത്രങ്ങളിലും ഹിറ്റ്മാന്റെ സജീവ സാന്നിധ്യം നമുക്ക് കാണാന്‍ സാധിക്കും.

YouTube video player