നിര്‍ണായക മത്സരങ്ങള്‍ക്കായി അഭിഷേക് മികച്ച പ്രകടനം കരുതിവെക്കുകയാണെന്നും ഇത് എതിരാളികളെ ഭയപ്പെടുത്തുമെന്നും ശാസ്ത്രി പറയുന്നു. 

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ മോശം ഫോം യഥാര്‍ത്ഥത്തില്‍ ടീമിന് അനുകൂല ഘടകമാണെന്ന വിചിത്ര നിരീക്ഷണവുമായി മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. ലോകകപ്പിന് മുന്നോടിയായി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന അഭിഷേക് ശര്‍മ്മയ്ക്ക് ടൂര്‍ണമെന്റില്‍ ഇതുവരെ താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അമേരിക്കക്കെതിരെ ആദ്യ പന്തില്‍ തന്നെ പുറത്തായ അഭിഷേകിന് വയറുവേദന കാരണം നമീബിയക്കെതിരായ മത്സരം നഷ്ടമായിരുന്നു.

തുടര്‍ന്ന് പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്സ് എന്നിവര്‍ക്കെതിരായ മത്സരങ്ങളിലും ആദ്യ ഓവറില്‍ തന്നെ അദ്ദേഹം പുറത്തായി. എന്നാല്‍ ഇതിനെ പോസിറ്റീവ് ആയി കാണാനാണ് ശാസ്ത്രി നിര്‍ദ്ദേശിക്കുന്നത്. ''അഭിഷേക് ശര്‍മ മൂന്ന് തവണ പൂജ്യത്തിന് പുറത്തായത് ഒരു പോസിറ്റീവ് കാര്യമായാണ് ഞാന്‍ കാണുന്നത്. നിങ്ങളുടെ മികച്ച പ്രകടനം ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടങ്ങളിലേക്ക് കരുതിവെക്കുക. ഇതുവരെ റണ്‍സ് കണ്ടെത്താത്തതിനാല്‍ എതിര്‍ ടീമുകള്‍ക്ക് അഭിഷേകിനെ ഇപ്പോള്‍ കൂടുതല്‍ പേടിയുണ്ടാകും.'' ഐസിസി റിവ്യൂവില്‍ ശാസ്ത്രി പറഞ്ഞു.

നിലവിലെ ഇന്ത്യന്‍ ടീം സന്തുലിതമാണെന്നും അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ലെന്നും ശാസ്ത്രി പറഞ്ഞു. ''ഇന്ത്യയ്ക്ക് നിലവില്‍ മികച്ച പ്ലേയിംഗ് ഇലവനുണ്ട്. ബൗളിംഗിലും ബാറ്റിംഗിലും ആഴമുള്ള ടീമാണിത്. ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പുറമെ ആവശ്യമെങ്കില്‍ തിലക് വര്‍മയ്ക്കും പന്തെറിയാന്‍ സാധിക്കും. മഞ്ഞ് വീഴ്ചയുള്ള സാഹചര്യങ്ങളില്‍ ഇങ്ങനെയുള്ള ബൗളിംഗ് ഓപ്ഷനുകള്‍ അത്യാവശ്യമാണ്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിഷേക് ഫോമിലല്ലെങ്കിലും മറ്റ് താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുന്നത് ഇന്ത്യയ്ക്ക് കരുത്താകുന്നുണ്ടെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇഷാന്‍ കിഷന്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നു. സൂര്യകുമാര്‍ യാദവ് ആദ്യ മത്സരങ്ങളില്‍ മികച്ച രീതിയില്‍ കളിച്ചു. തിലക് വര്‍മ്മയ്ക്ക് മികച്ച തുടക്കങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് വരാനിരിക്കുന്നതേയുള്ളൂവെന്ന് ശാസ്ത്രി വിശ്വസിക്കുന്നു.

സൗത്ത് ആഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി സൂര്യകുമാര്‍ യാദവും അഭിഷേകിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സൂപ്പര്‍ 8 ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ എന്നിവരെയാണ് ഇന്ത്യ അടുത്തതായി നേരിടുക.

YouTube video player