ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും വെറും 120 കിലോമീറ്റർ വേഗതയിലാണ് പന്തെറിയുന്നത്. ഈ വേഗത കൊണ്ട് അന്താരാഷ്ട്ര തലത്തിൽ ബാറ്റർമാരെ വിറപ്പിക്കാൻ കഴിയില്ലെന്ന് അക്തർ പരിഹസിച്ചു.
ലാഹോര്‍: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ദയനീയ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബൗളിംഗ് നിരയെയും ഓൾറൗണ്ടർമാരെയും രൂക്ഷമായി വിമർശിച്ച് പാകിസ്ഥാൻ മുൻ താരം ഷൊയൈബ് അക്തർ. ഹാർദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും വേഗതയില്ലാത്ത ബൗളിംഗ് ബാറ്റർമാരെ ഭയപ്പെടുത്തുന്നില്ലെന്നും ഇന്ത്യൻ ബൗളിംഗ് നിരയുടെ പോരായ്മകൾ തുറന്നുകാട്ടപ്പെട്ടുവെന്നും അക്തർ തുറന്നടിച്ചു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ 8 പോരാട്ടത്തിൽ 76 റൺസിനായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റത്. ടി20 ലോകകപ്പ് ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യ വഴങ്ങുന്ന ഏറ്റവും വലിയ തോൽവിയാണിത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന 111 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. ഇതിന് പിന്നാലെ ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് അക്തർ ഇന്ത്യൻ താരങ്ങളെ കടന്നാക്രമിച്ചത്.
ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും വെറും 120 കിലോമീറ്റർ വേഗതയിലാണ് പന്തെറിയുന്നത്. ഈ വേഗത കൊണ്ട് അന്താരാഷ്ട്ര തലത്തിൽ ബാറ്റർമാരെ വിറപ്പിക്കാൻ കഴിയില്ലെന്ന് അക്തർ പരിഹസിച്ചു. 97-98 കിലോമീറ്റർ വേഗതയിൽ പന്തെറിയേണ്ട വരുൺ ചക്രവർത്തി 94 കിലോമീറ്ററിലേക്ക് ഒതുങ്ങിപ്പോയി. ഡെവാൾഡ് ബ്രെവിസിനെപ്പോലെയുള്ള യുവതാരങ്ങൾ വരുണിനെ 'നോ ലുക്ക് സിക്സറുകൾ' പറത്തിയത് ബൗളിംഗ് നിരയുടെ ദയനീയാവസ്ഥ കാട്ടുന്നുവെന്നും അക്തര്‍ പറഞ്ഞു. ഇന്ത്യൻ ബൗളിംഗ് നിര പൂർണ്ണമായും പരാജയപ്പെട്ടുവെന്നും വരാനിരിക്കുന്ന മത്സരങ്ങളിൽ ഇത് വലിയ ആശങ്കയുണ്ടാക്കുമെന്നും അക്തർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ബൗളിംഗ് ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ തുറന്നുകാട്ടപ്പെട്ടു. 120 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന ഹാർദിക്കിനെയും ദുബെയെയും കണ്ട് ആരും പേടിക്കില്ല. ഡെവാൾഡ് ബ്രെവിസ് വരുൺ ചക്രവർത്തിയെ അനായാസം സിക്സർ പറത്തുന്നത് നമ്മൾ കണ്ടു. ഈ ബൗളിംഗ് നിരയ്ക്ക് വിദേശ മണ്ണിലോ വലിയ ടൂർണമെന്റികളിലോ പിടിച്ചുനിൽക്കാനാവില്ലെന്നും അക്തര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയോടേറ്റ തോൽവി ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകളും ത്രിശങ്കുവിലാക്കി. റൺ റേറ്റ് കുത്തനെ ഇടിഞ്ഞത് (-3.800) ഇന്ത്യക്ക് വലിയ തലവേദനയാണ്. സൂപ്പർ 8-ൽ ഇനി അവശേഷിക്കുന്ന മത്സരങ്ങളിൽ വമ്പൻ മാർജിനിൽ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിർത്താൻ സാധിക്കൂ.
