സിഎസ്‌കെയുടെ 'വിസിലിനെ' ഗിൽ ട്രോളുകയാണെന്ന് ഒരു വിഭാഗം വിമർശിക്കുമ്പോൾ, ഇതൊരു 'ബോസ് മൂവ്' ആണെന്നും ചെന്നൈയിലെ അന്തരീക്ഷത്തോടുള്ള സ്നേഹപ്രകടനമാണെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അവരുടെ സ്വന്തം തട്ടകമായ ചെപ്പോക്കിൽ തകർത്തുവിട്ടതിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. സിഎസ്‌കെയുടെ 'വിസിൽ പോട്' ആന്തത്തിന്‍റെ പ്രതീകമായ മഞ്ഞ വിസിൽ കൈയ്യിലേന്തി വിമാനത്തിൽ ഇരിക്കുന്ന ചിത്രമാണ് ഗിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എന്നാല്‍ 'നന്ദി ചെന്നൈ' എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ് സിഎസ്‌കെ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ചെന്നൈയിലെ കാണികളോട് നന്ദി പറയാനാണ് ഗിൽ ചിത്രം പങ്കുവെച്ചതെങ്കിലും, സിഎസ്‌കെയുടെ തട്ടകത്തിൽ വന്ന് അവരെ തോൽപ്പിച്ച ശേഷം അവരുടെ തന്നെ പ്രതീകം ഉപയോഗിച്ച് ഗിൽ പരിഹസിക്കുകയാണെന്നാണ് ആരാധകരുടെ ആരോപണം.

സിഎസ്‌കെയുടെ 'വിസിലിനെ' ഗിൽ ട്രോളുകയാണെന്ന് ഒരു വിഭാഗം വിമർശിക്കുമ്പോൾ, ഇതൊരു 'ബോസ് മൂവ്' ആണെന്നും ചെന്നൈയിലെ അന്തരീക്ഷത്തോടുള്ള സ്നേഹപ്രകടനമാണെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു. നിമിഷങ്ങൾക്കകം പോസ്റ്റ് വൈറലായതോടെ കമന്‍റ് ബോക്സുകളിൽ ആരാധകർ തമ്മിലുള്ള വാക്പോരും രൂക്ഷമായി.

ഇന്നലെ ചെപ്പോക്കില്‍ ചെന്നൈക്കെതിരെ ഗുജറാത്ത് ആധികാരിക ജയമാണ് നേടിയത്. സിഎസ്‌കെ ഉയർത്തിയ 159 റൺസ് ലക്ഷ്യം 20 പന്തുകൾ ബാക്കിനിൽക്കെ വെറും 2 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. സ്വന്തം നാട്ടുകാർക്കെതിരെ 46 പന്തിൽ 87 റൺസ് അടിച്ചുകൂട്ടിയ തമിഴ്‌നാട് താരം സായ് സുദർശനാണ് ഗുജറാത്തിന്റെ വിജയശിൽപി. 7 കൂറ്റൻ സിക്സറുകളാണ് സുദർശൻ പറത്തിയത്. കാഗിസോ റബാഡയും മുഹമ്മദ് സിറാജും ചേർന്ന ഗുജറാത്ത് ബൗളിംഗ് നിര പവർപ്ലേയിൽ തന്നെ ചെന്നൈയെ തകർത്തു. ഒരു ഘട്ടത്തിൽ 37 റൺസിന് 4 വിക്കറ്റ് എന്ന നിലയിലായിരുന്നു ആതിഥേയർ. റുതുരാജ് ഗെയ്‌ക്‌വാദ് (74*) ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും സഞ്ജു സാംസൺ, ശിവം ദുബെ എന്നിവർക്ക് തിളങ്ങാനാകാത്തത് തിരിച്ചടിയായി.

View post on Instagram

സിഎസ്‌കെ ഇന്നിംഗ്‌സിലെ പത്തൊൻപതാം ഓവറിൽ അർഷാദ് ഖാൻ എറിഞ്ഞ നോ ബോൾ അമ്പയർ വിളിക്കാതിരുന്നത് മത്സരത്തിൽ വലിയ വിവാദമായി. തൊട്ടടുത്ത പന്തിൽ ജാമി ഓവർട്ടൺ പുറത്താവുകയും ചെയ്തതോടെ ചെന്നൈ ഡഗ് ഔട്ടും ആരാധകരും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക