രാജ്യാന്തര ക്രിക്കറ്റിൽ പതിനായിരം റൺസ് തികയ്ക്കുന്ന നാലാമത്തെ വനിതാ താരം എന്ന റെക്കോർഡും സ്മൃതി മന്ദാന സ്വന്തമാക്കി. വെറും 280 ഇന്നിങ്സുകളിൽ നിന്നാണ് സ്മൃതി ഈ നേട്ടത്തിലെത്തിയത്
തിരുവനന്തപുരത്തെ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ വെടിക്കെട്ട് നടത്തി സ്മൃതി മന്ദാനയും ഷെഫാലി വർമയും. ശ്രീലങ്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ റൺമഴ പെയ്യിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഓപ്പണർമാരായ സ്മൃതി മന്ദാനയുടെയും ഷെഫാലി വർമയുടെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. സ്മൃതി (48 പന്തിൽ 80), ഷെഫാലി (46 പന്തിൽ 79), റിച്ച ഘോഷ് (16 പന്തിൽ 40*) എന്നിവരാണ് തിളങ്ങിയത്.
ഓപ്പണിംഗിൽ റെക്കോർഡ്
ഇന്ത്യയുടെ ഓപ്പണിങ് സഖ്യം റെക്കോർഡ് പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം വിക്കറ്റിൽ സ്മൃതിയും ഷെഫാലിയും ചേർന്ന് 162 റൺസ് കൂട്ടിച്ചേർത്തു. വനിതാ ട്വന്റി20യിൽ ഏതൊരു വിക്കറ്റിലും ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. പരമ്പരയിൽ ഇതുവരെ ഫോമിലെത്താതിരുന്ന സ്മൃതി തുടക്കം തന്നെ ആക്രമണാത്മക ബാറ്റിംഗാണ് പുറത്തെടുത്തത്. ആദ്യ പന്തിൽ തന്നെ ഫോറടിച്ചാണ് സ്മൃതി തുടങ്ങിയത്. പവർപ്ലേയുടെ ആദ്യ പകുതിയിൽ സ്മൃതിയും ശേഷം ഷെഫാലി ആക്രമണം ഏറ്റെടുത്തു. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 61 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീടും 10 ന് മുകളിൽ റൺറേറ്റ് നിലനിർത്തിയായിരുന്നു ബാറ്റിംഗ്. സ്മൃതി മന്ദാന 48 പന്തിൽ 80 റൺസെടുത്തപ്പോൾ, ഷെഫാലി വർമ 46 പന്തിൽ 79 റൺസുമായി തിളങ്ങി. ഷെഫാലിയുടെ ഈ പരമ്പരയിലെ തുടർച്ചയായ മൂന്നാം അർധസെഞ്ചുറിയാണിത്. 11 ഫോറുകളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്. ഷെഫാലി 12 ഫോറുകളും ഒരു സിക്സറുമടിച്ചു.
ഓപ്പണർമാർ നൽകിയ മികച്ച അടിത്തറയിൽ അവസാന ഓവറുകളിൽ റിച്ച ഘോഷ് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. വെറും 16 പന്തിൽ നിന്ന് മൂന്ന് സിക്സറുകളും നാല് ഫോറുകളും സഹിതം 40 റൺസാണ് റിച്ച അടിച്ചുകൂട്ടിയത്. ഇതോടെ ഇന്ത്യൻ സ്കോർ 221 ലേക്ക് കുതിച്ചെത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 16 റൺസുമായി പുറത്താകാതെ നിന്നു. 222 റൺസെന്ന ഹിമാലയൻ ലക്ഷ്യത്തിന് മുന്നിൽ ശ്രീലങ്കയുടെ പോരാട്ടം എന്താകും എന്നതാണ് കണ്ടറിയേണ്ടത്.
10000 റൺസെന്ന് നാഴികകല്ല്
ഈ ഇന്നിങ്സോടെ രാജ്യാന്തര ക്രിക്കറ്റിൽ പതിനായിരം റൺസ് തികയ്ക്കുന്ന നാലാമത്തെ വനിതാ താരം എന്ന റെക്കോർഡും സ്മൃതി മന്ദാന സ്വന്തമാക്കി. വെറും 280 ഇന്നിങ്സുകളിൽ നിന്നാണ് സ്മൃതി ഈ നേട്ടത്തിലെത്തിയത്. ഇതിഹാസ താരം മിതാലി രാജാണ് 10000 നാഴികക്കല്ല് പിന്നിട്ട ആദ്യ ഇന്ത്യൻ വനിതാ താരം.


