ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെയെ 107 റണ്‍സിന് തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഷിറോംണ്‍ ഹെറ്റ്‌മെയറുടെയും റോവ്മാന്‍ പവലിന്റെയും മികവില്‍ 254 റണ്‍സ് നേടി. 

മുംബൈ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 107 റണ്‍സിന്റെ കൂറ്റന്‍ ജയം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. ഷിറോംണ്‍ ഹെറ്റ്‌മെയര്‍ (34 പന്തില്‍ 85), റോവ്മാന്‍ പവല്‍ (35 പന്തില്‍ 31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് വീന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 17.4 ഓവറില്‍ 147ന് എല്ലവാവരും പുറത്തായി. വിന്‍ഡീസിന് വേണ്ടി ഗുഡകേഷ് മോട്ടി നാലും അകെയ്ല്‍ ഹൊസീന്‍ മൂന്നും വിക്കറ്റെടുത്തു. ലോകകപ്പില്‍ സിംബാബ്‌വെയുടെ ആദ്യ തോല്‍വിയാണിത്.

21 പന്തില്‍ 43 റണ്‍സെടുത്ത ബ്രാഡ് ഇവാന്‍സാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ഡിയോണ്‍ മ്യേര്‍സ് (28), സിക്കന്ദര്‍ റാസ (27), തദിവനാഷെ മരുമാനി (14), ടോണി മുന്യോഗ (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ബ്രായന്‍ ബെന്നറ്റ് (5), റ്യാന്‍ ബേള്‍ (0), തഷിംഗ് മുസേകിവ (0) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍. ഇവാന്‍സിന്റെ ഇന്നിംഗ്‌സാണ് വന്‍ നാണക്കേടില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. 21 പന്തുകള്‍ മാത്രം നേരിട്ട താരം അഞ്ച് സിക്‌സും രണ്ട് ഫോറും നേടി. മാത്യൂ ഫോര്‍ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോരാണ് വെസ്റ്റ് ഇന്‍ഡീസ് പടുത്തുയര്‍ത്തിയത്. ഓപ്പണര്‍മാരായ ബ്രന്‍ഡന്‍ കിംഗ് (9), ഷായ് ഹോപ്പ് (14) എന്നിവര്‍ പെട്ടന്ന് മടങ്ങിയെങ്കിലും ഹെറ്റ്‌മെയര്‍ - പവല്‍ കൂട്ടുകെട്ട് വിന്‍ഡീസിന്റെ തുണയ്‌ക്കെത്തുകയായിരുന്നു. ഇരുവരും 52 പന്തുകളില്‍ 122 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 15-ാം ഓവറില്‍ ഹെറ്റ്‌മെയര്‍ മടങ്ങി. ഏഴ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ പവലും പുറത്തായി. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

ഷെഫാനെ റുതര്‍ഫോര്‍ഡ് (13 പന്തില്‍ പുറത്താവാതെ 31), റോമാരിയോ ഷെപ്പേര്‍ഡ് (10 പന്തില്‍ 21), ജേസണ്‍ ഹോള്‍ഡര്‍ (4 പന്തില്‍ 13) എന്നിവരുടെ ഇന്നിംഗ്‌സ്‌കള്‍ വിന്‍ഡീസിനെ 250 കടത്തി. മാത്യൂ ഫോര്‍ഡെ (1) പുറത്താവാതെ നിന്നു.

YouTube video player