ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി 10,000 റൺസ് തികച്ചു. മുൻ ക്യാപ്റ്റൻ മിഥാലി രാജിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമാണ് സ്മൃതി.  

തിരുവനന്തപുരം: ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ വെടിക്കെട്ട് ഓപ്പണർ സ്മൃതി മന്ദാനയ്ക്ക് അപൂർവ്വ നേട്ടം. രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത എന്ന റെക്കോർഡാണ് സ്മൃതി സ്വന്തമാക്കിയത്. മുൻ ക്യാപ്റ്റൻ മിഥാലി രാജ് മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഏക ഇന്ത്യൻ താരം. തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന നാലാം ട്വന്റി-20 മത്സരത്തിലാണ് സ്മൃതി ഈ നാഴികക്കല്ല് പിന്നിട്ടത് നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന് മുൻപ് 10,000 റൺസ് തികയ്ക്കാൻ സ്മൃതിക്ക് 27 റൺസ് കൂടി മതിയായിരുന്നു. വെറും 20 പന്തുകളിൽ നിന്ന് റൺസ് അടിച്ചെടുത്ത് സ്മൃതി ചരിത്രത്തിലേക്ക് ബാറ്റ് വീശി. മത്സരത്തിൽ 48 പന്തുകളിൽ നിന്ന് 80 റൺസ് അടിച്ചുകൂട്ടിയ സ്മൃതിയുടെ ആകെ റൺസ് 10053 ആണ്.

ഏഴ് ടെസ്റ്റ് മത്സരങ്ങങ്ങളിൽ നിന്ന് 629 റൺസും 117 ഏകദിനങ്ങളിൽ നിന്നായി 5,322 റൺസും 157 ട്വന്റി-20 മത്സരങ്ങളിലായി 4,102 റൺസുമാണ് സ്മൃതിയുടെ പേരിലുള്ളത്. വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ മാത്രം താരമാണ് സ്മൃതി. മിഥാലി രാജ് (ഇന്ത്യ): 10,868 റൺസ് (314 ഇന്നിംഗ്‌സ്)സൂസി ബേറ്റ്സ് (ന്യൂസിലൻഡ്): 10,652 റൺസ് (343 ഇന്നിംഗ്‌സ്)ഷാർലറ്റ് എഡ്വേർഡ്സ് (ഇംഗ്ലണ്ട്): 10,273 റൺസ് (316 ഇന്നിംഗ്‌സ്) എന്നിവരാണ് സ്മൃതിയെക്കാൾ മുന്നിലുള്ള താരങ്ങൾ. പട്ടികയിലുള്ള മറ്റ് താരങ്ങളെക്കാൾ കുറഞ്ഞ ഇന്നിംഗ്‌സുകളിൽ (280) നിന്നാണ് സ്മൃതി ഈ നേട്ടത്തിലേക്ക് എത്തിയത്. മിഥാലി രാജിന്റെ റെക്കോർഡ് മറികടക്കാൻ സ്മൃതിക്ക് ഇനി ഏതാനും മത്സരങ്ങൾ കൂടി മതിയാകും.

അതേസമയം, തിരുവനന്തപുരത്തെ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്മൃതി മന്ദാനയക്കൊപ്പം ഷെഫാലി വർമയും വെടിക്കെട്ട് തീര്‍ത്തു. ശ്രീലങ്കയ്‌ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ റൺമഴ പെയ്യിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഓപ്പണർമാരായ സ്മൃതി മന്ദാനയുടെയും ഷെഫാലി വർമയുടെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. സ്മൃതി (48 പന്തിൽ 80), ഷെഫാലി (46 പന്തിൽ 79), റിച്ച ഘോഷ് (16 പന്തിൽ 40*) എന്നിവരാണ് തിളങ്ങിയത്.