കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറല്‍ നടത്തിയ മിന്നല്‍ സ്റ്റമ്പിംഗ് ശ്രദ്ധേയമായി. അപകടകാരിയായി മാറിയ കാമറൂണ്‍ ഗ്രീനിനെയാണ് രവി ബിഷ്ണോയിയുടെ പന്തില്‍ ജൂറല്‍ അവിശ്വസനീയമായ ഡൈവിംഗ് സ്റ്റമ്പിംഗിലൂടെ പുറത്താക്കിയത്.

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തില്‍ വിക്കറ്റിന് പിന്നിലെ അസാമാന്യ പ്രകടനം കൊണ്ട് കൈയടി നേടി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍. കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിരയില്‍ വന്‍ ഭീഷണിയായി മാറിയ കാമറൂണ്‍ ഗ്രീനിനെ പുറത്താക്കാന്‍ ജൂറല്‍ നടത്തിയ മിന്നല്‍ സ്റ്റമ്പിംഗ് മത്സരത്തിലെ വഴിത്തിരിവായി മാറി.

കൊല്‍ക്കത്തയുടെ റണ്‍ ചേസിംഗിനിടെ അഞ്ചാം ഓവറിലായിരുന്നു സംഭവം. രവി ബിഷ്ണോയിയെ ക്രീസിന് പുറത്തിറങ്ങി അടിക്കാനുള്ള ഗ്രീനിന്റെ ശ്രമം പാളി. ലെഗ് സൈഡിലേക്ക് പോയ ഗൂഗ്ലി ബാറ്ററെ മറികടന്ന് വിക്കറ്റ് കീപ്പര്‍ ജൂറലിന്റെ കൈകളിലേക്ക്. പന്ത് പിടിച്ചെടുക്കാന്‍ ജൂറലിന് തന്റെ ഇടതുവശത്തേക്ക് ഡൈവ് ചെയ്യേണ്ടി വന്നു. കാഴ്ച മറഞ്ഞുപോയിട്ടും പന്ത് കൃത്യമായി കൈക്കലാക്കിയ ജൂറല്‍, നിലത്തു വീണ അവസ്ഥയില്‍ നിന്ന് ഒറ്റക്കൈ കൊണ്ട് പന്ത് വിക്കറ്റിലേക്ക് എറിയുകയായിരുന്നു. ഗ്രീന്‍ ക്രീസില്‍ തിരിച്ചെത്തുന്നതിന് മുന്‍പേ വിക്കറ്റ് തെറിച്ചു. തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ ഗ്രീന്‍ ഔട്ടാണെന്ന് വ്യക്തമായി. വീഡിയോ..

Scroll to load tweet…

ഗ്രീനിന്റെ വെടിക്കെട്ടും കെകെആറിന്റെ തകര്‍ച്ചയും

156 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം ദയനീയമായിരുന്നു. അജിങ്ക്യ രഹാനെയും ടിം സീഫെര്‍ട്ടും റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ 1.2 ഓവറില്‍ 5 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ കെകെആര്‍ പതറി. ഈ ഘട്ടത്തിലാണ് കാമറൂണ്‍ ഗ്രീന്‍ ക്രീസിലെത്തിയത്. 13 പന്തില്‍ 4 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 27 റണ്‍സെടുത്ത ഗ്രീന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ജോഫ്ര ആര്‍ച്ചറെയും നാന്ദ്രെ ബര്‍ഗറെയും അതിര്‍ത്തി കടത്തി മത്സരം കൊല്‍ക്കത്തയുടെ വരുതിയിലാക്കാന്‍ ഗ്രീന്‍ ശ്രമിക്കുന്നതിനിടെയാണ് ബിഷ്ണോയിയും ജൂറലും ചേര്‍ന്ന് ആ പോരാട്ടം അവസാനിപ്പിച്ചത്.

YouTube video player