മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ എടുത്ത അവിശ്വസനീയ റിലേ ക്യാച്ചാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാനായി വായുവില്‍ പറന്നുയര്‍ന്ന് പന്ത് പിടിച്ച ശേഷം ബൗണ്ടറി ലൈന്‍ കടക്കും മുന്‍പ് സേവ്യര്‍ ബാര്‍ട്ട്ലെറ്റിന് കൈമാറുകയായിരുന്നു.
മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നിലൂടെ വാംഖഡെ സ്റ്റേഡിയത്തിലെ കാണികളെ അമ്പരപ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്സ് നായകന് ശ്രേയസ് അയ്യര്‍. വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാന്‍ ശ്രേയസ് നടത്തിയ അവിശ്വസനീയ ഫീല്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മുംബൈ ഇന്നിംഗ്സിലെ 18-ാം ഓവറിലായിരുന്നു സംഭവം.
മാര്‍ക്കോ യാന്സന് എറിഞ്ഞ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ടൈമിംഗ് പിഴച്ചു. ലോങ് ഓണിലേക്ക് ഉയര്‍ന്ന പന്ത് പിടിക്കാന്‍ ഓടിയെത്തിയ ശ്രേയസ് അയ്യര്‍, വായുവില്‍ പിന്നിലേക്ക് ചാടിക്കൊണ്ട് പന്ത് കൈക്കലാക്കി. എന്നാല്‍ ബാലന്‍സ് തെറ്റി ബൗണ്ടറി ലൈനിന് പുറത്തേക്ക് വീഴുമെന്ന് ഉറപ്പായ നിമിഷം, ശ്രേയസ് പന്ത് ലോങ് ഓഫില്‍ നിന്ന് ഓടിയെത്തിയ സേവ്യര്‍ ബാര്‍ട്ട്ലെറ്റിന് കൈമാറി. ബാര്‍ട്ട്ലെറ്റ് അത് സുരക്ഷിതമായി കൈക്കലാക്കുകയും ചെയ്തു. വീഡിയോ...
ശ്രേയസ് അയ്യരുടെ മെയ്വഴക്കത്തെ കമന്ററി ബോക്സിലുണ്ടായിരുന്ന രവി ശാസ്ത്രി വാനോളം പുകഴ്ത്തി. ക്യാച്ചിന് പിന്നാലെ ഗാലറിയിലേക്ക് നോക്കി കൈകള്‍ ചെവിയോട് ചേര്‍ത്ത് വെച്ച് 'എന്താണ് എല്ലാവരും നിശബ്ദരായത്?' എന്ന അര്‍ത്ഥത്തില്‍ ശ്രേയസ് നടത്തിയ ആംഗ്യവും ശ്രദ്ധേയമായി. ശ്രേയസിന്റെ ഫീല്‍ഡിംഗ് കണ്ട രോഹിത് ശര്‍മ്മയ്ക്കും സൂര്യകുമാര്‍ യാദവിനും വിശ്വസിക്കാനായില്ല. 'ഇതെങ്ങനെ സാധിച്ചു?' എന്ന മട്ടില്‍ രോഹിത് കൈകള്‍ വായുവിലുയര്‍ത്തി ആശ്ചര്യം പ്രകടിപ്പിച്ചു. 12 പന്തില്‍ 14 റണ്‍സ് മാത്രം നേടി ഹാര്‍ദിക് പുറത്തായതോടെ മുംബൈയുടെ സ്കോറിംഗ് വേഗത കുറഞ്ഞു.
മുംബൈ 195 റണ്‍സില്‍ ഒതുങ്ങി
ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ (112*) കരുത്തിലും മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഹാര്‍ദിക്കിന് ഫിനിഷിംഗില്‍ തിളങ്ങാന്‍ കഴിയാതിരുന്നത് മുംബൈയ്ക്ക് 200 കടക്കാന്‍ കഴിയാതെ പോയതില്‍ നിര്‍ണ്ണായകമായി. പരിക്കു മൂലം രോഹിത് ശര്‍മ കളിക്കാതിരുന്ന മത്സരത്തില്‍ സൂര്യകുമാര്‍ യാദവും ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.

