മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ, 45 വർഷം മുൻപ് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് സമാനമായ ദുരന്തത്തിന് നേരിട്ട് സാക്ഷിയായ അനുഭവം നടൻ ജയറാം പങ്കുവെച്ചു. അന്ന് കണ്ട ഭയാനകമായ ദൃശ്യങ്ങൾ ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ലെന്നും ജയാം.

കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച സംഭവമാണ് മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ നടന്ന ദുരന്തം. പതിനാല് പേർക്കാണ് ജീവൻ നഷ്ടമായത്. തതവസരത്തിൽ നാല്പത്തി അഞ്ച് വർഷം മുൻപ് തേക്കിൻകാട് മൈതാനത്തിൽ ഇത്തരം ഒരു വെടിക്കെട്ട് അപകടത്തിന് ദൃക്‌സാക്ഷിയായിരുന്നുവെന്ന് പറയുകയാണ് നടൻ ജയറാം. ആ സംഭവം ഇപ്പോഴും തന്റെ മനസിൽ നിന്നും പോയിട്ടില്ലെന്നും നടൻ പറഞ്ഞു.

"അത്തരം ഒരപകടത്തിന് ദൃക്ലാക്ഷിയായ വ്യക്തിയാണ്. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തേക്കിന്‍കാട് മൈതാനത്ത് ധനലക്ഷ്മി ബാങ്കിന് മുന്നിലായിരുന്നു ഞാന്‍ നിന്നത്. അതിന് തൊട്ടപ്പുറത്താണ് വെടിക്കെട്ട്. അത് നേരെ ജനങ്ങള്‍ക്കിടയിലേക്ക് കയറി. ആളുകളുടെ മാംസം മാത്രമായിരുന്നു അന്ന് റോഡില്‍ നിരന്ന് കിടന്നിരുന്നത്. അത് നേരിട്ട് കണ്ടൊരാളാണ് ഞാന്‍. നാല്പത്തഞ്ച് വര്‍ഷമായിട്ടും അതെന്‍റെ മനസില്‍ നിന്നും പോയിട്ടില്ല. ഇതാന്നും വരാതിരിക്കട്ടെ. ഇനി ഒരിക്കലും അങ്ങനെ ഒരു ദുരന്തം ഉണ്ടാവാതിരിക്കട്ടെ. പ്രാര്‍ത്ഥിക്കുന്നു", എന്നാണ് ജയറാം പറഞ്ഞത്. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, "നമ്മുടെ എല്ലാം വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തുക. നാലാം തീയതി റിസൾട്ട് വരുന്നത് വരെ കാത്തിരിക്കുക. നല്ലത് നടക്കട്ടെ, ജനങ്ങൾ ആഗ്രഹിക്കുന്നത് പോലെയുള്ള നേതാക്കൾ വരട്ടെ", എന്നായിരുന്നു കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം നടൻ ജയറാം പറഞ്ഞത്.

അതേസമയം, വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താൻ ധാരണയായി. കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായിട്ടുണ്ട്. സാധാരണ ഒരു മണിക്കൂർ നേരമായിരുന്നു കുടമാറ്റം നടത്തിയിരുന്നത്. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകൾ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming